ഹിലാലിന്റെ വിദേശയാത്രയെപ്പറ്റി ഡിജിപി അന്വേഷിയ്ക്കും
തിരുവനന്തപുരം: പാസ്പോര്‍ട് കോടതിയിലിരിക്കേ ജാമ്യത്തിലിറങ്ങിയ കൈക്കൂലിക്കേസ് പ്രതി ഹിലാല്‍ മുഹമ്മദ് വിദേശയാത്ര നടത്തിയതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയ്ക്ക് നിര്‍ദ്ദേശം നല്‍കി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ മന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ജാമ്യം ലഭിയ്ക്കുന്നതിനായി ഹിലാല്‍ മലപ്പുറം ഫസ്റ്ാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത് റദ്ദാക്കിയ പാസ്പോര്‍ട്ടാണെന്ന് ക്രൈം ബ്രാഞ്ച് എസ്പി എം.പി ദിനേശ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വട്ടപ്പറമ്പില്‍ ബാപ്പു മുഹമ്മദ്കുട്ടി എന്ന പേരില്‍ 21717047 നമ്പറിലുള്ള പാസ്പോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയിരുന്നത്. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും അനുവദിച്ച ഈ പാസ്പോര്‍ട്ടിന് 2010വരെ കാലാവധിയുണ്ട്.
എന്നാല്‍ 2006 ഒക്ടോബര്‍ 29ന് ബഹറൈനിലെ ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് റദ്ദാക്കിയതായി അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2006 ഒക്ടോബര്‍ രണ്ടിന് ഇയാള്‍ കോഴിക്കോട് വിമാനത്താവളംവഴി ബഹറൈനില്‍ പോയിരുന്നതായും തെളിവുലഭിച്ചിട്ടുണ്ട്.
എന്നാല്‍ സൗദി പത്രത്തിന് ഹിലാല്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നതുപ്രകാരം 2007 ഫെബ്രുവരി എട്ടാം തീയതിയ്ക്ക് ശേഷം ബാംഗ്ലൂര്‍ വിമാനത്താവളം വഴിയോ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയോ ഹിലാല്‍ ഈ പേരില്‍ ആരും യാത്രചെയ്തിരുന്നതായി ക്രൈംബ്രാഞ്ചിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പാസ്പോര്‍ട്ടിന് ഒപ്പമുള്ള അഡീഷണല്‍ ഷീറ്റുകളുപയോഗിച്ച് ബാംഗ്ലൂര്‍ വിമാനത്താവളം വഴിയാണ് താന്‍ ബഹറൈനില്‍ എത്തിയതെന്നാണ് ഇയാള്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നത്.












Click it and Unblock the Notifications