സൈക്കിള്‍ ചവിട്ടി ബീജിംഗ് ഒളിംപിക്സ് വേദിയിലേക്ക്
തിരുവനന്തപുരം: 2008ലെ ബീജിംഗ് ഒളിംപിക്സിന്റെ പ്രാരംഭച്ചടങ്ങുകളില്‍ പങ്കെടുക്കത്തക്കവണ്ണം ചൈനയിലെത്തുകയെന്ന ലക്ഷ്യം വച്ചുകൊണ്ട് സൈക്കിളില്‍ ലോകം ചുറ്റുന്ന റഷ്യന്‍ യാത്രികന്‍ ജാനസ് റിവര്‍ കേരളത്തിലെത്തി.
1999 ഡിസംബര്‍ 31നാണ് എഴുപതുകാരനായ റിവര്‍ തന്റെ യജ്ഞം ആരംഭിച്ചത്. ഇതിനകം 73രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇദ്ദേഹം ഇപ്പോള്‍ 80,000 കിലോമീറ്ററുകള്‍ പിന്നിട്ടുകഴിഞ്ഞു.
തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം കേരളത്തിലെ 14 ജില്ലകളും സന്ദര്‍ശിയ്ക്കുന്നുണ്ട്. ഒരു ദിവസം കൊണ്ട് ഒരു ഗ്രാമം എന്നരീതിയിലാണ് യാത്ര സംവിധാനം ചെയ്തിരിക്കുന്നത്. സ്പോര്‍ട്സ് മാനേജര്‍ ജോലി ഉപേക്ഷിച്ചാണ് റിവര്‍ ഈ ശ്രമകരവും ആസ്വാദ്യകരവുമായ യജ്ഞത്തിനായി ഇറങ്ങിത്തിരിച്ചത്.
ദിവസം രണ്ട് ഡോളറാണ് റിവറിന്റെ ചെലവ്. ഒരിക്കലും സ്ഥിരമായി മെത്തയില്‍ ഉറങ്ങാറില്ലെന്ന് റിവര്‍. ഓരോയിടത്തെത്തുമ്പോഴും അവിടത്തെ ഔദ്യോഗിക അതിഥി മന്ദിരങ്ങളിലാണ് താമസിയ്ക്കുന്നതെങ്കിലും ഒരിക്കലും ഇവിടങ്ങളില്‍ കിട്ടുന്ന മെത്ത ഉപയോഗിക്കാതെ ടെറസ്സില്‍ ആകാശം കണ്ടുറങ്ങാനാണ് റിവറിന് താല്പര്യം.
ഗ്രാമങ്ങളിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ സ്കൂളുകളിലെ ചെറിയ കുട്ടികളുമായി കൂട്ടുകൂടാന്‍ അവസരം കിട്ടുന്നുവെന്ന് റിവര്‍. ഇന്ത്യയിലെ റഷ്യന്‍ എംബസി ജീവനക്കാരനായിരുന്ന മുത്തച്ഛനില്‍ നിന്നാണ് താന്‍ കേരളത്തെക്കുറിച്ച് കേട്ടതെന്നും ഇവിടത്തെ പ്രകൃതിസൗന്ദര്യം കൂടാതെ ഏത്തയ്ക്കാ അപ്പവും മത്സ്യ,മാംസ വിഭവങ്ങളും തനിയ്ക്കേറെ ഇഷ്ടപ്പെട്ടുവെന്നും റിവര്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് നേരെ കര്‍ണാടകത്തിലേയ്ക്കും അവിടെനിന്നും മഹാരാഷ്ട്രയിലേയ്ക്കുമാണ് റിവറിന്റെ യാത്ര. പിന്നീട് മുംബൈയില്‍ നിന്ന് യൂറോപ്പിലേയ്ക്ക് വിമാനമാര്‍ഗം. പിന്നീട് അവിടെനിന്നും സൈക്കിളില്‍ തായ്ലന്റ്, വിയറ്റ്നാം ഹോങ്കോങ് വഴി 2008 ല്‍ ബീജിംഗില്‍ ഇതാണ് റിവറിന്റെ ഭാവി പദ്ധതി. കൂട്ടിന് ജര്‍മ്മന്‍ നിര്‍മ്മിതമായ പൊട്ടാത്ത ടയറുകളുള്ള സൈക്കിളും.












Click it and Unblock the Notifications