കാവേരി വിധി: കേരളം ഹര്‍ജി നല്‍കും
തിരുവനന്തപുരം: കാവേരി നദീജലം സംബന്ധിച്ച ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചതായി മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ അറിയിച്ചു.
ഇതിനു പുറമേ, ട്രിബ്യൂണലില്‍ ക്ലാരിഫിക്കേഷന്‍ ഹര്‍ജിയും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കാവേരി ട്രിെബ്യൂണല്‍ രൂപീകരിക്കുന്നതിനു മുന്‍പ് പൂര്‍ത്തിയായ ബാണാസുരസാഗര്‍ പദ്ധതിയില്‍ നിന്ന് കുറ്റ്യാടി പുഴയിലേക്ക് ലഭിക്കേണ്ട അഞ്ച് ടിഎംസി ജലം കോഴിക്കോട് നഗരത്തിലെ ആവശ്യത്തിന് ഉപയോഗിക്കേണ്ടതാണ്.
എന്നാല്‍, ഒരു നദീതടത്തിലെ വെളളം മറ്റൊന്നിലേക്ക് മാറ്റാനാവില്ലെന്ന ട്രിബ്യൂണല്‍ വിധി മൂലം ഈ അഞ്ച് ടിഎംസി വെളളം കേരളത്തിന് അപ്രാപ്യമായെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുമെന്നും മന്ത്രി പറഞ്ഞു.
കാവേരി കേസില്‍ മുന്‍പ് കേരളത്തിനു വേണ്ടി വാദിച്ച സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാനെ തുടര്‍ന്നും നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കാവേരി ട്രിബ്യൂണല്‍ കേരളത്തിന് അനുവദിച്ച 30 ടിഎംസി വെളളം ഫലപ്രദമായി വിനിയോഗിക്കുന്നതിനു വേണ്ട പദ്ധതികള്‍ക്കു രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
വൈദ്യുതി ഉല്‍പാദനം, ജലസേചനം, ശുദ്ധജല വിതരണം എന്നിവയ്ക്കായി പുതുതായി തടയണകളും ചെറിയ സംഭരണികളും നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്കു രൂപം നല്‍കുന്നതിനു പ്രത്യേക സെല്‍ ഒരു മാസത്തിനുളളില്‍ തുടങ്ങും.












Click it and Unblock the Notifications