സ്മാര്‍ട് സിറ്റി: റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഉണര്‍വ്വ്
കൊച്ചി: നിര്‍ദ്ദിഷ്ട സ്മാര്‍ട് സിറ്റി പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെ കൊച്ചിയില്‍ ഭൂവിപണിയില്‍ ഉണര്‍വ്വുണ്ടായതായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് വൃത്തങ്ങള്‍.
നിര്‍ദ്ദിഷ്ട പദ്ധതി സ്ഥാപിയ്ക്കാനുദ്ദേശിയ്ക്കുന്ന കാക്കനാട് മേഖലയിലാണ് ഭൂവിലയയില്‍ വന്‍ വര്‍ദ്ധനവുണ്ടായിരിയ്ക്കുന്നത്. ഇതോടുകൂടി അക്ഷരാര്‍ത്ഥത്തില്‍ ഭൂമി വില്‍പ്പനക്കാരും ഇടനിലക്കാരുമാണ് ഇതിന്‍റെ ലാഭം കൊയ്യാനിരിയ്ക്കുന്നത്.
ഏപ്രില്‍ 30 ന് പദ്ധതി സംബന്ധിച്ച് കരാറില്‍ ഒപ്പുവെയ്ക്കമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ അറിയിപ്പ് വന്നതിന് ശേഷം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിലവിലുള്ള ഭൂമിയുടെ വില കുത്തനെ ഉയരുകയായിരുന്നു.
ഏതാണ്ട് മൂന്നുവര്‍ഷത്തോളമായി സ്മാര്‍ട് സിറ്റി പദ്ധതി ചര്‍ച്ചകള്‍ സജീവമായതില്‍പ്പിന്നെ ഈ പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ തങ്ങളുടെ മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന രീതിയില്‍ നിര്‍ദ്ധിഷ്ട പദ്ധതിയെ ഉപയോഗിച്ചിട്ടുണ്ട്. സര്‍ക്കാറിന്‍റെ അറിയിപ്പ് വന്നതോടെ യഥാര്‍ത്ഥത്തില്‍ ഇവരുടെ കണക്കുകൂട്ടലുകളും യാഥാര്‍ത്ഥ്യമാവുകയാണ്.
എന്നാല്‍ പദ്ധതി ചര്‍ച്ചകള്‍ സജീവമായതോടെ പുതിയ കെട്ടിടങ്ങളും പാര്‍പ്പിടസമുച്ചയങ്ങളും കാക്കനാട് ഉയര്‍ന്നുതുടങ്ങിയിരുന്നു. ഇതോടെ കാക്കനാടിന്‍റെ മുഖഛായ തന്നെ മാറുകയുണ്ടായി. നൂറ് ഏക്കറോളം വരുന്ന നെല്‍പ്പാടങ്ങളെല്ലാം മണ്ണിട്ട് നികത്തി നിര്‍മ്മാണത്തിനുവേണ്ട ഭൂമിയായി ഇതിനകം തന്നെ റിയല്‍ എസ്റ്റേറ്റുകാര്‍ മാറ്റിയിട്ടുണ്ട്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് രംഗത്തുണ്ടായേയ്ക്കാവുന്ന വന്‍ വളര്‍ച്ചയെ മുന്‍കൂട്ടിക്കണ്ട്. നിരവധി പേര്‍ ഈ രംഗത്തേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. ഇതില്‍ത്തന്നെ മിക്കവരും മികച്ച വിദ്യാഭ്യാസമുള്ളവരും സര്‍ക്കാര്‍ ജോലിയടക്കമുള്ള മറ്റു സ്ഥിരം ജോലികള്‍ ഉള്ളവരുമാണ്.
ആളുകളില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് ഭൂമി വാങ്ങി, അതില്‍ അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വന്‍ വിലയ്ക്ക് മറിച്ചുവില്‍ക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്.
എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വാസസ്ഥലം നഷ്ടപ്പെട്ടേയ്ക്കാവുന്ന മറ്റൊരു കൂട്ടം ആളുകളും ഇവര്‍ക്കിടയിലുണ്ട്. ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്ന ഈ റിയല്‍ എസ്റ്റേറ്റ് രംഗത്തുനിന്നും ഇവര്‍ക്ക് പ്രത്യേകിച്ച് ലാഭമൊന്നും ലഭിയ്ക്കാന്‍ പോകുന്നുമില്ല.
ഇവരുടെ ഭൂമിയ്ക്ക് ഇപ്പോള്‍ നിലവിലുള്ള മാര്‍ക്കറ്റ് വില മാത്രമേ സര്‍ക്കാറില്‍ നിന്നും ലഭിയ്ക്കാനിടയുള്ളു. ഈ തുച്ഛമായ വിലകൊണ്ട് മറ്റെവിടെയെങ്കിലും മികച്ച സൗകര്യങ്ങളുള്ള ഭൂമി കണ്ടെത്താനാകുമോയെന്ന കാര്യത്തില്‍ ഇവരില്‍ പലര്‍ക്കും ആശങ്കയുമുണ്ട്.
പദ്ധതി നടപ്പാകുന്നതോടെയ കാക്കനാട്ടും സമീപപ്രദേശമായ തൃക്കാക്കരയിലും മറ്റുമുള്ള നെല്‍പ്പാടങ്ങളും സ്വാഭാവിക പ്രകൃതിയും അപ്രത്യക്ഷമാകുമെന്ന മറ്റൊരു പ്രശ്നം പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നിലും ചോദ്യചിഹ്നമാവുന്നുണ്ട്.












Click it and Unblock the Notifications