കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശെഖാവത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി, കലാമിന്‍റെ പേര് വീണ്ടും

  • By Staff
Google Oneindia Malayalam News

ദില്ലി: ഉപരാഷ്ട്രപതി ഭൈറോണ്‍ സിങ്‌ ശെഖാവത്തിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) തീരുമാനിച്ചു.

രാജ്യത്തെ പരമോന്നത പദവിയായ രാഷ്ട്രപതിസ്ഥാനത്തേക്കു തികച്ചും യോഗ്യനും അര്‍ഹനുമാണെന്ന വിലയിരുത്തലോടെയാണു ശെഖാവത്തിനു പിന്തുണ നല്‍കുന്നതെന്ന്‌ മുന്‍ പ്രധാനമന്ത്രി എ. ബി. വാജ്പേയിയും എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ്‌ ഫെര്‍ണാണ്ടസും അറിയിച്ചു.

ഇതേസമയം, ചെന്നൈയില്‍ ചേര്‍ന്ന എട്ടുകക്ഷി പ്രാദേശിക സഖ്യം(ഐക്യദേശീയ പുരോഗമന സഖ്യം-യുഎന്‍പിഎ) തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിന്റെ പേരുതന്നെ നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ അബ്ദുല്‍ കലാമിന്റെ സ്ഥാനാര്‍ഥിത്വത്തിനു പുതിയ സാഹചര്യത്തില്‍ രാഷ്ട്രീയപ്രസക്‌തി ഇല്ലെന്നും എന്‍ഡിഎ വ്യക്തമാക്കിയിട്ടുണ്ട്. സമവായത്തിലൂടെ അല്ലാതെ മത്സരത്തിലൂടെ രണ്ടാംവട്ടത്തിനില്ലെന്നു കലാം വ്യക്‌തമാക്കിയതോടെയാണ്‌ പാര്‍ട്ടി മറ്റൊരു സ്ഥാനാര്‍ഥിയെപ്പറ്റി ചിന്തിച്ചതെന്ന് സുഷമ സ്വരാജ്‌ അറിയിച്ചു.

എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തെങ്കിലും സഖ്യകക്ഷിയായ ശിവസേന തീരുമാനത്തെ സ്വാഗതം ചെയ്‌തിട്ടില്ല. സേനയുടെ നിലപാട്‌ ഇന്നു പാര്‍ട്ടി അധ്യക്ഷന്‍ ബാല്‍ താക്കറെ മുംബൈയില്‍ അറിയിക്കുമെന്നു മാത്രമാണ്‌ യോഗത്തില്‍ പങ്കെടുത്ത മനോഹര്‍ ജോഷി അറിയിച്ചത്‌.

ശെഖാവത്തിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അവസാന നിമിഷംവരെ അനിശ്ചിതത്വം നിലനിന്നിരുന്നു. കണ്‍വീനര്‍ ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്റെ വീട്ടില്‍ നാലുമണിക്കു വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ശെഖാവത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

യുപിഎ പ്രതിഭാ പാട്ടീലിന്റെയും എന്‍ഡിഎ ഭൈറോണ്‍ സിങ്‌ ശെഖാവത്തിന്റെയും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ ഡോ. കലാമിനു വീണ്ടും അവസരം നല്‍കണമെന്ന നിര്‍ദേശവുമായി ഐക്യദേശീയ പുരോഗമന സഖ്യം മുന്നോട്ടുവന്നത്.

ചെന്നൈയില്‍ നടന്ന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിതയാണ്‌ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്‌. പുതിയ മുന്നണി യുണൈറ്റഡ്‌ നാഷനല്‍ പ്രോഗ്രസീവ്‌ അലയന്‍സ്‌ (യുഎന്‍പിഎ) എന്ന പേരു സ്വീകരിക്കുകയാണെന്നും ജയലളിത അറിയിച്ചു.

രാഷ്ട്രപതി സ്ഥാനത്തേക്കു വീണ്ടും മല്‍സരിക്കണമെന്ന അഭ്യര്‍ഥനയുമായി മുന്നണി നേതാക്കള്‍ നാളെ കലാമിനെ സന്ദര്‍ശിക്കുമെന്നു തെലുങ്കുദേശം അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു അറിയിച്ചു.

രാജ്യത്തെ പരമോന്നത പദവിയിലേക്കുള്ള തിരഞ്ഞെടുപ്പു രാഷ്ട്രീയവല്‍ക്കരിക്കരുതെന്നാണ്‌ ആഗ്രഹം. ഇക്കാര്യത്തില്‍ സമവായം ആവശ്യമായ സാഹചര്യത്തിലാണ്‌ ഡോ. കലാമിന്റെ പേരു നിര്‍ദേശിക്കുന്നത്‌. എല്ലാ കക്ഷികളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു; പ്രത്യേകിച്ചും ഡിഎംകെയുടെ. തമിഴ്‌നാട്ടുകാരനായ ഡോ. കലാമിനെ ഡിഎംകെ പിന്തുണയ്ക്കുമെന്നാണു പ്രതീക്ഷ. എല്ലാവരുടെയും പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ്‌. അതിനുശേഷം അടുത്ത നടപടി - ജയ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X