കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: കത്തുകള്‍ സിബിഐയ്ക്ക് കൈമാറി

  • By Staff
Google Oneindia Malayalam News

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസ്‌ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരുകൂട്ടം കത്തുകള്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ ശനിയാഴ്ച കേസന്വേഷിയ്ക്കുന്ന സിബിഐ സംഘത്തിന് കൈമാറി.

അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന സിബിഐ സൂപ്രണ്ട്‌ ആര്‍.എം കൃഷ്ണയും ഡിവൈഎസ്‌പി ആര്‍.കെ അഗര്‍വാളും ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ടുമായി അര മണിക്കൂര്‍ കേസ് സംബന്ധമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു.

അഭയ കൊല്ലപ്പെട്ട കോട്ടയം പയസ്‌ ടെന്ത്‌ കോണ്‍വെന്റ്‌ ഹോസ്റ്റലിലെ ഏതാനും മുന്‍ അന്തേവാസികള്‍ അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഈയിടെ മജിസ്ട്രേട്ടിന് കത്തയച്ചിരുന്നു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി താമസിക്കുന്ന ഇവര്‍ കൊലപാതകത്തെയും തുടര്‍ന്നുണ്ടായ സംഭവങ്ങളെയുംകുറിച്ച്‌ അറിയാവുന്നവരാണ്‌.

പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന്‌ സിബിഐ പറയുന്നതിനോട്‌ വേദനയോടെയാണ് ഇവര്‍ കത്തുകളില്‍ പ്രതികരിക്കുന്നത്‌. പ്രതികളുടെ കാര്യത്തില്‍ സിബിഐ മുഖം തിരിച്ചുനില്‍ക്കുന്നുവെന്ന് എല്ലാ കത്തുകളിലും കുറ്റപ്പെടുത്തുന്നുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട മറ്റ്‌ ചില സംഭവങ്ങളെക്കുറിച്ചും കത്തുകളില്‍ സൂചനയുണ്ട്‌.

അന്വേഷണം കാര്യക്ഷമമായിരിക്കുമെന്നും മജിസ്ട്രേട്ട്‌ പി.ഡി.ശാര്‍ങ്ഗധരനോട്‌ സിബിഐ സൂപ്രണ്ട്‌ കൃഷ്ണ പറഞ്ഞെന്നറിയുന്നു. അന്വേഷണത്തിന്‍റെ പുരോഗതി അദ്ദേഹം മജിസ്ട്രേട്ടിനെ ധരിപ്പിച്ചു.

അഭയയുടെ ആന്തരാവയവങ്ങള്‍ പരിശോധിച്ച തിരുവനന്തപുരം കെമിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ടിലെ തിരുത്തലുകളെക്കുറിച്ച്‌ അറിയാന്‍ ചീഫ്‌ കെമിക്കല്‍ എക്സാമിനര്‍ ഗീതയെയും അനലിസ്റ്റ്‌ ചിത്രയെയും സിബിഐ വൈകാതെ ചോദ്യം ചെയ്യും.

ആ റിപ്പോര്‍ട്ടിന്റെ ഫൊറന്‍സിക്‌ പരിശോധന നടത്തിയ ഹൈദരാബാദ്‌ ഫൊറന്‍സിക്‌ ലാബറട്ടറിയുടെ റിപ്പോര്‍ട്ടിന്റെ കോപ്പി മജിസ്ട്രേട്ട്‌ സിബിഐ സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്.

ഹൈദരാബാദ്‌ ലബോറട്ടറിയിലെ മേധാവിയെയും മറ്റ്‌ ചില ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ച കാര്യവും സംഘം അന്വേഷിക്കുമെന്നറിയുന്നു. പോസ്റ്റ്‌മോര്‍ട്ടം വര്‍ക്ക്ബുക്കിലെ രേഖകളും നിഗൂഢ സാഹചര്യത്തില്‍ കോട്ടയത്തുനിന്നാണ്‌ അപ്രത്യക്ഷമായത്‌. ഇതേക്കുറിച്ചും സിബിഐ അന്വേഷിക്കും. കോട്ടയം വെസ്റ്റ് പൊലീസിലെയും ക്രൈം ബ്രാഞ്ചിലെയും ചില ഉദ്യോഗസ്ഥരില്‍ നിന്നും തിങ്കളാഴ്ച മുതല്‍ സിബിഐ തെളിവെടുക്കും. ഇതുസംബന്ധിച്ച് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ആവശ്യമുണ്ടെങ്കില്‍ ചില ഉന്നത ഉദ്യോഗസ്ഥരിലേയ്ക്കും അന്വേഷണം നീളുമെന്നാണ് സൂചന.

അഭയ മരിച്ച കാലത്തു റാന്നിയില്‍നിന്നു നാടുവിട്ട്‌ ഇപ്പോള്‍ ഗള്‍ഫില്‍ ജോലിനോക്കുന്ന ആപ്പിള്‍ സാം വര്‍ഗീസ്‌ എന്ന യുവാവിനോട്‌ നാട്ടിലെത്താന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്‌.

അക്കാലത്തു കോട്ടയത്തു വിദ്യാര്‍ഥിയായിരുന്ന ആപ്പിളിനോടൊപ്പം കാണാതായ സുഹൃത്ത്‌ ബിജു ജി. പണിക്കരെക്കുറിച്ച്‌ ഇപ്പോഴും വിവരം കിട്ടിയിട്ടില്ല. ആപ്പിളിനെ ബ്രെയിന്‍ - ഫിംഗര്‍പ്രിന്റ്‌ പരിശോധനയ്ക്കു വിധേയനാക്കാനാണു സിബിഐ ആലോചിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X