കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദമായ രണ്ടു കോടി സിപിഎം തിരിച്ചു നല്‍കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിന്റെ മക്കളില്‍ നിന്നും നിന്നും ദേശാഭിമാനി കൈപ്പറ്റിയ രണ്ടു കോടി രൂപ സിപിഎം തിരിച്ചുനല്‍കുന്നു.

വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ്‌ യോഗത്തിലും ശനിയാഴ്ച ആരംഭിച്ച സംസ്ഥാന സമിതിയിലും കടുത്ത എതിര്‍പ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ പണം തിരുച്ചുനല്‍കാന്‍ തീരുമാനമായത് .

പണം തിരിച്ചുനല്‍കുന്നതിനൊപ്പം തന്നെ പാര്‍ട്ടിക്ക്‌ അപമാനമായ ഈ ഇടപാടിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനെ സംസ്ഥാന സമിതി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ വിവാദ ഇടപാടിനേയും ദേശാഭിമാനി ജനറല്‍ മാനേജര്‍ ഇ.പി ജയരാജനേയും പിണറായി വിജയന്‍ ശക്തമായി ന്യായീകരിച്ചുവെങ്കിലും യോഗത്തില്‍ പങ്കെടുത്ത പ്രകാശ്‌ കാരാട്ട്‌ ഇടപാടിനെതിരെ രംഗത്തുവന്നതിനെത്തുടര്‍ന്നാണ്‌ പണം തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചത്‌.

പ്രകാശ്‌ കാരാട്ടിന്റെ മനോഭാവം മനസ്സിലാക്കിയ പിണറായി പക്ഷക്കാരായ പല അംഗങ്ങളും ശനിയാഴ്ച ഉച്ചതിനിഞ്ഞ് വീണ്ടും ചേര്‍ന്ന യോഗത്തില്‍ തങ്ങളുടെ നിലപാടുമാറ്റി. തുടര്‍ന്നാണ്‌ ഇടപാടിനെക്കുറിച്ചും അതിലേയ്ക്ക്‌ നയിച്ച സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന നിര്‍ദ്ദേശം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്‌.

സെക്രട്ടേറിയറ്റിന്‌ പിന്നാലെ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിന്റെ തുടക്കത്തില്‍ത്തന്നെ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പ്രസംഗിച്ചു. ദേശാഭിമാനിക്ക്‌ വേണ്ടി രണ്ടുകോടി രൂപ ഒരു വിവാദവ്യക്തിയില്‍ നിന്നും സ്വീകരിച്ചതിനെക്കുറിച്ച്‌ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യണമെന്നും ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ സെക്രട്ടേറിയറ്റിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാരാട്ട്‌ വെളിപ്പെടുത്തി.

സെക്രട്ടേറിയറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഇവിടെ നടക്കുന്ന ചര്‍ച്ചകളുടെ മിനിട്ട്‌സും പരിശോധിച്ചശേഷം കേന്ദ്രനേതൃത്വം തീരുമാനം കൈക്കൊള്ളുമെന്ന സൂചനയും പ്രകാശ്‌ കാരാട്ട്‌ നല്‍കി.

ലോട്ടറി രാജാവില്‍ നിന്നും രണ്ടുകോടി രൂപ ദേശാഭിമാനി കൈപ്പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന്‌ ആ പണം ദേശാഭിമാനിയുടെ വികസന ബോണ്ടാണെന്നാണ്‌ ദേശാഭിമാനി ജനറല്‍ മാനേജരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന്‍ ആദ്യം വിശദീകരിച്ചത്‌.

തുടര്‍ന്ന്‌ ബോണ്ട്‌ സ്വീകരിക്കുന്നതിന്റെ നിയമപരമായ നടപടി ക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലായെന്ന്‌ വ്യക്തമാക്കുകയും സെക്രട്ടേറിയറ്റില്‍ എതിര്‍പ്പ്‌ രൂക്ഷമാകുകയും ചെയ്തപ്പോള്‍ അത്‌ ബോണ്ടല്ലെന്ന വാദവുമായി ഇദ്ദേഹം വീണ്ടും രംഗത്തെത്തിയിരുന്നു.

യോഗത്തില്‍ ജയരാജനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഇദ്ദേഹത്തിനെതിരെ ഇപ്പോള്‍ പാര്‍ട്ടി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പണം തിരിച്ചുനല്‍കി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ തീരുമാനമായെങ്കിലും ഈ ഇടപാടിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കു നേരെ അച്ചടക്ക നടപടിയുണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്‌.

സിപിഎം പൊളിറ്റ്‌ ബ്യൂറോയിലെ പ്രധാനികളായ സീതാറാം യെച്ചൂരി, എസ്‌. രാമചന്ദ്രന്‍പിള്ള, വൃന്ദാ കാരാട്ട്‌ എന്നിവര്‍ ഇപ്പോള്‍ വിദേശത്താണ്‌. ഇവര്‍ തിരിച്ചെത്തിയ ശേഷം ചേരുന്ന പി.ബിയില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.ദേശാഭിമാനി ഇടപാടു സംബന്ധിച്ച ചര്‍ച്ച സിപിഎം സംസ്ഥാന സമിതിയില്‍ ഞായറാഴ്ചയും തുടരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X