കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം.പി സുശീലാദേവിയെ ദേശാഭിമാനി കൊന്നു

  • By Staff
Google Oneindia Malayalam News

കല്‍പറ്റ: എം.പി. വീരേന്ദ്രകുമാര്‍ എംപിയോടുളള വിദ്വേഷം തീര്‍ക്കാന്‍ ദേശാഭിമാനി അദ്ദേഹത്തിന്‍റെ സഹോദരിയെ കൊന്നു. വീരേന്ദ്രകുമാറിന്‍റെ സഹോദരിയായ എം.പി സുശീലാദേവിയെയാണ് ദേശാഭിമാനി കൊന്നത്.

ജീവിച്ചിരിക്കുന്ന സുശീലാദേവിയുടെ ചിത്രവും ചേര്‍ത്ത് ഞായറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ്‌ വീരേന്ദ്രകുമാറില്‍ നിന്നേല്‍ക്കേണ്ടിവന്ന പീഡനപര്‍വത്തില്‍ അര്‍ബുദരോഗം ബാധിച്ച്‌ സുശീലാദേവി മരിച്ചു എന്ന്‌ ദേശാഭിമാനി എഴുതിപ്പിടിപ്പിച്ചത്‌. ഭൂമി പിടിക്കാന്‍ മാതൃഭൂമി എന്ന പരമ്പരയുടെ അഞ്ചാം ഭാഗത്തിലാണ്‌ മാതൃഭൂമിയുടെ എം.ഡിയുടെ സഹോദരിക്കെതിരെ മഞ്ഞപ്പരന്പര എന്ന ഏഴുകോളം തലക്കെട്ടില്‍ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌.

ദേശാഭിമാനി വാര്‍ത്തയ്ക്കെതിരെ സുശീലാദേവി ശക്തമായി പ്രതികരിച്ചിരിക്കുകയാണ്‌. അവരുടെ പ്രസ്താവനയുടെ പൂര്‍ണരൂപം ചുവടെ: ഇന്നു രാവിലെ ദേശാഭിമാനി പത്രത്തില്‍ ചിത്രസഹിതം പ്രസിദ്ധീകരിച്ച എന്‍റെ മരണവാര്‍ത്ത വായിച്ച എനിക്കുണ്ടായ മാനസികപ്രയാസം വാക്കുകളില്‍ ഒതുക്കാവുന്നതല്ല.

കെട്ടിച്ചമച്ച ആ വാര്‍ത്ത എന്നെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. എന്‍റെ സഹോദരന്‍ എം.പി വീരേന്ദ്രകുമാര്‍ എം.പി.യെയും മകന്‍ എം.വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എയെയും അപകീര്‍ത്തിപ്പെടുത്താനായി ദേശാഭിമാനി ഏതാനും ആഴ്ചകളായി ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്‌.

വസ്തുതകളല്ല, ദുരുദ്ദേശ്യവും വ്യക്തിവിദ്വേഷവുമാണ്‌ ആ വാര്‍ത്തകള്‍ക്ക്‌ അടിസ്ഥാനം. ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. ജീവിതത്തിലാദ്യമായി ഞാന്‍ ജീവിച്ചിരിക്കുന്നുവെന്നു സ്വയം പറയാനുള്ള യോഗം ദേശാഭിമാനി വാര്‍ത്തമൂലം എനിക്കു കൈവന്നിരിക്കയാണ്‌. ദേശാഭിമാനി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ഞാന്‍ അര്‍ബുദം ബാധിച്ചു മരിച്ചിട്ടില്ല.

അതുമാത്രമല്ല, കുറച്ചുദിവസങ്ങളായി ദേശാഭിമാനി നടത്തുന്ന അപവാദപരമ്പര ഇത്തരം പച്ചക്കള്ളങ്ങള്‍ നിറഞ്ഞതാണ്‌. എന്‍റെ രണ്ടര സെന്‍റ് സ്ഥലം സഹോദരന്‍ എം.പി. വീരേന്ദ്രകുമാര്‍ വിറ്റെന്നും എനിക്ക്‌ കുടുംബവിഹിതം നിഷേധിച്ചെന്നും കുടുംബത്തില്‍ വഴക്കാണെന്നുമുള്ള കഥകള്‍ക്കൊന്നും യാതൊരടിസ്ഥാനവുമില്ല.

രോഗബാധിതയായിരുന്നുവെങ്കിലും ഞാനിപ്പോഴും ജീവനോടെ ഇരിക്കുന്നുവെന്നതാണ്‌ വസ്തുത. വീരേന്ദ്രകുമാറിന്‍റെ സ്നേഹപൂര്‍ണമായ പരിചരണവും അദ്ദേഹം ലഭ്യമാക്കിയ വിദഗ്‌ധ ചികിത്സയുമാണ്‌ അതിനു കാരണം. എനിക്കവകാശപ്പെട്ട സ്വത്ത്‌ എന്‍റെ അച്ഛനും ജ്യേഷ്ഠനും എനിക്കു തന്നിട്ടുണ്ട്‌.

എന്‍റെ രണ്ടാമത്തെ സഹോദരന്‍ എം.പി. ചന്ദ്രനാഥിന്‍റെയും ഭര്‍ത്താവ്‌ വി.ഡി. പത്മരാജന്‍റെയും പേരുപോലും തെറ്റായാണ്‌ ദേശാഭിമാനി വാര്‍ത്തയില്‍ കൊടുത്തിരിക്കുന്നത്‌. ഒന്നു ഫോണ്‍ ചെയ്യാനുള്ള സൗമനസ്യം ലേഖകന്‍ കാണിച്ചിരുന്നുവെങ്കില്‍ ഇത്തരം തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു.

സത്യം പറയുകയല്ല, അപവാദപ്രചാരണം നടത്തുകയാണ്‌ അവരുടെ ലക്ഷ്യമെന്നു എനിക്കു തോന്നുന്നു.ഞങ്ങളുടെ കുടുംബബന്ധം തകര്‍ക്കാനുള്ള ശ്രമം എന്തിനുവേണ്ടിയാണ്‌ ? ഈ പകവീട്ടലും അപവാദ പ്രചാരണവും അവസാനിപ്പിക്കാന്‍ ദേശാഭിമാനി തയ്യാറാകണം.

ഉന്നത ധാര്‍മികമൂല്യങ്ങളും പത്രപ്രവര്‍ത്തന നിലവാരവും ഞാന്‍ ദേശാഭിമാനി പത്രത്തില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല. എന്ന്‌,എം.പി. സുശീലാദേവി (ഒപ്പ്‌).

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X