കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ ദൗത്യത്തിന് അകാല ചരമം.

  • By Staff
Google Oneindia Malayalam News

മൂന്നാര്‍ : ഏറെ കൊട്ടിഗ്ഘോഷിച്ച് തുടങ്ങിയ മൂന്നാര്‍ ദൗത്യം വെറും നോട്ടീസ് നല്‍കലെന്ന രണ്ടാം ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നതോടെ കയ്യേറ്റമാഫിയ കൈകൊട്ടിച്ചിരിക്കുന്നു.

ഇടതുമുന്നണിയില്‍ സിപിഐയും മന്ത്രിസഭയില്‍ റവന്യൂ വനം വകുപ്പുകളും ഇടങ്കോലിട്ടതോടെ ചക്രശ്വാസം വലിച്ചു തുടങ്ങിയ ദൗത്യസംഘം സുരേഷ് കുമാറിന്റെയും ഋഷിരാജ് സിംഗിന്റെയും വേര്‍പിരിയലോടെയാണ് അനിവാര്യമായ പതനം ഏറ്റുവാങ്ങിയത്.

വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട പണിയായ കൈയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കല്‍ എന്ന നടപടി പരാതിയില്ലാതെ നിര്‍വഹിക്കാന്‍ പുതിയ ദൗത്യസംഘത്തലവനും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഗോപാലമേനോന്‍ തയ്യാറായതോടെ കയ്യേറ്റങ്ങളെല്ലാം സംരക്ഷിക്കപ്പെടുമെന്നുറപ്പായി.

ഉന്നതതലങ്ങളില്‍ അരങ്ങേറിയ നിന്ദ്യമായ ഗൂഢാലോചനയിലെ തീരുമാനങ്ങള്‍ ശാസ്ത്രീയമായി നിര്‍വഹിച്ചാണ് സര്‍ക്കാരിലെ കയ്യേറ്റലോബിയും അവരുടെ രാഷ്ട്രീയ സംരക്ഷകരും ദൗത്യസംഘത്തിന്റെ ചിറകരിഞ്ഞത്. ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ട റവന്യൂ ജീവനക്കാരെ പിന്‍വലിക്കുകയാണ് ആദ്യം ചെയ്തത്.

കയ്യേറ്റം ഒഴിപ്പിക്കലിനെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ബെറ്റാലിയന്‍ പൊലീസ് മറ്റൊരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമായി. ദൗത്യസംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ചില്ലിക്കാശുപോലും അനുവദിക്കാതെ ആ കൊലപാതകം പൂര്‍ത്തിയായി. പെട്രോളടിക്കാന്‍ പോലും പണമില്ലാതെ കേരളജനതയുടെ ഹൃദയം കവര്‍ന്ന ഉദ്യോഗസ്ഥസംഘം മൂന്നാറില്‍ നാണംകെട്ടപ്പോള്‍ സിപിഐയുടെയും കയ്യേറ്റലോബിയുടെയും ഉളളു തണുത്തു.

ദൗത്യസംഘത്തിലുള്‍പ്പെട്ട ആരെയും മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത് ആഗസ്റ്റ് 18ന് മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദൗത്യസംഘാംഗങ്ങളെല്ലാവരും ഒക്ടോബര്‍ 31വരെ തുടരണമെന്ന് തീരുമാനിച്ചിരുന്നു.

സിനിമാ സ്റ്റൈലില്‍ സുരേഷ് കുമാര്‍ നേതൃത്വം നല്‍കി നടത്തിയ കൃത്യം അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിന് അഭിമാനിക്കാവുന്നതായിരുന്നു. സംഘത്തിന്റെ നടപടികളില്‍ ഉന്നതതലയോഗം സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

പതിനയ്യായിരം ഏക്കര്‍ കയ്യേറ്റഭൂമിയാണ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ദൗത്യസംഘം തിരിച്ചു പിടിച്ചത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ 128 എണ്ണം. ഒഴിപ്പിക്കപ്പെട്ട കയ്യേറ്റങ്ങള്‍ 98 എണ്ണം.

റവന്യൂ സര്‍വേ വകുപ്പുകളിലായി നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. 31 റവന്യൂ ജീവനക്കാരും 60 സര്‍വെയര്‍മാരും ഉള്‍പ്പെടെയുളള വന്‍സംഘത്തെയാണ് ദൗത്യസംഘത്തെ സഹായിക്കാന്‍ നിയോഗിച്ചത്.

ദൗത്യസംഘത്തിലെ സ്ഥിരം ജീവനക്കാരെ മുഴുവന്‍ റവന്യൂ വകുപ്പ് സ്ഥലം മാറ്റി. പ്രത്യേക ഉദ്യോഗസ്ഥരില്‍ ഏതാനു പേരെയൊഴികെ മറ്റെല്ലാവരും ഇപ്പോള്‍ സ്ഥലത്തില്ല. പ്രത്യേക അധികാരങ്ങളോടെ നിയോഗിക്കപ്പെട്ട ഒരു ആര്‍ഡിഒയ്ക്ക് പൊടുന്നനെ ട്രെയിനിംഗിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പ് കിട്ടി.

മുഖ്യമന്ത്രിയെയും ജനങ്ങളെയും വിഡ്ഢികളാക്കി റവന്യൂ വകുപ്പും സിപിഐയും തങ്ങളുടെ അജണ്ട തന്നിഷ്ടത്തോടെ നടപ്പാക്കി. മൂന്നാറിലെ കയ്യേറ്റങ്ങളില്‍ മുഖ്യകക്ഷിയായ വനംവകുപ്പ് ദൗത്യത്തെ തുടക്കം മുതല്‍ അട്ടിമറിക്കാനുളള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

കയ്യേറ്റത്തെ പരസ്യമായും രഹസ്യമായും സഹായിച്ച ഒട്ടേറെ റവന്യൂ ഉദ്യോഗസ്ഥരുടെ പേരുവിവരം പുറത്തുവന്നെങ്കിലും അവര്‍ക്കാര്‍ക്കുമെതിരെ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. കയ്യേറ്റങ്ങളെ സഹായിക്കുംവിധം പെരുമാറിയ ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗവും സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതാക്കളും അറിയപ്പെടുന്ന പ്രവര്‍ത്തകരുമാണ്.

രവീന്ദ്രന്‍ പട്ടയം എന്ന കുപ്രസിദ്ധമായ വ്യാജപട്ടയം നല്‍കിയ എം ഐ രവീന്ദ്രന്‍ ജോയിന്റ് കൗണ്‍സിലിന്റെ ദേവികുളം താലൂക്ക് നേതാവായിരുന്നു.

ഉറ്റവരായ ഉദ്യോഗസ്ഥരെയും ഉടയവരായ കയ്യേറ്റ മാഫിയയെയും സംരക്ഷിക്കാന്‍ സിപിഐ കളിച്ച വൃത്തികെട്ട കളികള്‍ വിജയം കാണുന്നതോടെ പരിഹസിക്കപ്പെട്ടത് മൂന്നാര്‍ ദൗത്യത്തെ സര്‍വാത്മനാ പിന്തുണച്ച പൊതുജനങ്ങളും മാധ്യമങ്ങളുമാണ്.

മൂന്നാര്‍ ദൗത്യത്തിന്റെ മരണമണി മുഴങ്ങുമ്പോള്‍ ആകെ മുങ്ങിയാല്‍ കുളിരില്ലെന്ന ആപ്തവാക്യം രാഷ്ട്രീയമുദ്രാവാക്യമായ സ്വീകരിച്ച രാഷ്ട്രീയ നേതാക്കളുടെ കുതന്ത്രങ്ങളുടെ വിജയത്തിന് സാക്ഷര കേരളം ഒരിക്കല്‍കൂടി സാക്ഷിയാകുന്നു. മൂന്നാറിലും പൊന്മുടിയിലും വലിച്ചുകീറപ്പെട്ട മുഖംമൂടിയുമായി അടുത്ത ആദര്‍ശപ്രസംഗത്തിന് സിപിഐ നേതാക്കള്‍ വീണ്ടും തയ്യാറെടുക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X