കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴിയും ശിക്ഷയും ഉദ്യോഗസ്ഥര്‍ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മെര്‍ക്കിസ്റ്റണ്‍ വിവാദത്തില്‍ എല്ലാ പഴിയും ഉദ്യോഗസ്ഥരില്‍ ചാരി രക്ഷപെടാന്‍ വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ ശ്രമം. ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്) വി ഗോപിനാഥിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡു ചെയ്തത് മന്ത്രിയുടെ മുഖം രക്ഷിക്കാനുളള തറവേലയാണെന്ന് ആരോപണമുയരുന്നു.

സേവി മനോമാത്യുവിന് ഭൂമി വില്‍ക്കാനുളള എല്ലാ സഹായവും ചെയ്തുകൊടുത്തത് ഗോപിനാഥാണെന്ന വനം വകുപ്പ് സെക്രട്ടറി എല്‍ രാധാകൃഷ്ണന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.

കൊല്ലം സതേണ്‍ റീജ്യന്‍ കണ്‍സര്‍വേറ്റര്‍ കെ.ജെ. വര്‍ഗീസ് , തിരുവനന്തപുരം ഡി.എഫ്.ഒ പാട്രിക് ഗോമസ് എന്നിവര്‍ക്ക് സ്ഥലം മാറ്റവും ഡി.എഫ്.ഒ റാങ്കിലുള്ള ഡി.എഫ്.എല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ജയരാമന്‍, റിസര്‍ച്ച് ഓഫീസര്‍ മോഹനന്‍പിള്ള എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

സത്യസന്ധരും അഴിമതിയുടെ കറപുരളാത്തവരുമായ ഉദ്യോഗസ്ഥരെ ഈ വിവാദത്തില്‍ ബലിയാടാക്കിയതിനെതിരെ ഉദ്യോഗസ്ഥരില്‍ അമര്‍ഷം പുകയുകയാണ്. മന്ത്രിയുടെ കഴിവുകേടിന് ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നത് അല്‍പത്തരമാണെന്നാണ് വഴുതക്കാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലെ ജീവനക്കാരൊന്നടങ്കം അഭിപ്രായപ്പെടുന്നത്.

2001ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് യുഡിഎഫിന്റെ കാലത്ത് നിയമമായപ്പോള്‍ തേയില, കാപ്പിത്തോട്ടങ്ങളെയും പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ നിയമത്തിന്റെ ആനുകൂല്യം നേടി തോട്ടം ഡീനോട്ടിഫൈ ചെയ്യാനുളള സേവി മനോ മാത്യുവിന്റെ അപേക്ഷയും അതിന്മേലുളള ഉത്തരവും യഥാസമയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നതാണ് ഗോപിനാഥിന്റെ ചുമലില്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം.

സേവി മനോ മാത്യുവിനെ സ്വന്തം ചേമ്പറില്‍ വിളിച്ചുവരുത്തി വനംമന്ത്രി നടത്തിയ യോഗത്തിന്റെ മിനിട്സ് പുറത്തു വന്നതോടെയാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദം ഇടതുമുന്നണിയുടെ ആദര്‍ശാകാശത്തില്‍ കാര്‍മേഘമായി ഉരുണ്ടുകൂടിയത്. സേവിയെ മന്ത്രി യോഗത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ ഇയാളുടെ പേരില്‍ വനഭൂമിയില്‍ നിന്നും മരം മുറിച്ചതിന് കേസുണ്ടെന്ന കാര്യം ഗോപിനാഥ് വനംമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി സൂചനകളുണ്ട്.

ബിനോയ് വിശ്വവും സേവിയും തൊഴില്‍ മന്ത്രി പി കെ ഗുരുദാസനും വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം നടന്നത് 2007 ഏപ്രില്‍ 16നാണ്. തോട്ടം ഡീനോട്ടിഫൈ ചെയ്യാനുളള അപേക്ഷ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതായി യോഗത്തിന്റെ മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഭൂമി വിട്ടു കൊടുത്തു കൊണ്ടുളള വി ഗോപിനാഥിന്റെ ഉത്തരവ് പുറത്തിറങ്ങിയത് 2007 ജൂണ്‍ 12നാണ്. മന്ത്രി അറിയാതെയാണ് ഇക്കാര്യങ്ങളൊക്കെ നടന്നതെന്ന് എങ്കില്‍ ആ മന്ത്രിക്കസേരയില്‍ ആണുങ്ങളെ പിടിച്ചിരുത്തി ഇറങ്ങിപ്പോവുകയാണ് ബിനോയ് വിശ്വം ചെയ്യേണ്ടത്.

ഭൂമി പുനര്‍വിജ്ഞാപനം നടത്തണമെന്ന അപേക്ഷ 2007 മാര്‍ച്ച് 30നു തന്നെ സേവി വനംവകുപ്പിന് നല്‍കിയതായി വനംസെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഈ അപേക്ഷയിന്മേല്‍ ഗോപിനാഥ് തീരുമാനമെടുത്തതാകട്ടെ മൂന്നു മാസം കഴിഞ്ഞും. ഇതിനിടെ സേവി വനംമന്ത്രിയെത്തന്നെ നേരിട്ട് കണ്ട് കാര്യവും ബോധിച്ചിരുന്നു.

സിപിഐ നേതാക്കളെ എംഎന്‍ സ്മാരകത്തിലെത്തി സേവി ഡീനോട്ടിഫിക്കേഷന്‍ ആവശ്യം ഉന്നയിച്ചതായും ആരോപണമുണ്ട്. എന്നിട്ടും വനംമന്ത്രി പൊട്ടന്‍കളിക്കുന്നത് സ്വന്തം കഴിവുകേട് മറച്ചു വയ്ക്കാനാണെന്നത് സ്പഷ്ടം.

ഐഎസ്ആര്‍ഒയുടെ ബഹിരാകാശസ്ഥാപനത്തിന് നല്‍കാന്‍ തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാരിന്റെ കൈവശം ഭൂമിയില്ലെന്ന റവന്യൂ വകുപ്പിന്റെ നിലപാടാണ് ഈ വിവാദത്തിന്റെ ആണിക്കല്ല്. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് എന്ത് അടിസ്ഥാനത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് നേരിട്ട് സമര്‍പ്പിച്ചു എന്നതിനെക്കുറിച്ച് ഇനിയും അന്വേഷണം നടന്നിട്ടില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X