കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമത്തെ വെല്ലുവിളിക്കുന്ന തോട്ടമുടമകള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ഭൂമിയുടെ പ്രസക്തിയും പ്രാധാന്യവും മലയാളിയെ ഓര്‍മ്മിപ്പിച്ച മൂന്നാമത്തെ വിവാദമാണ് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. മൂന്നാര്‍ കയ്യേറ്റം, പൊന്മുടി വിവാദം എന്നിവയിലേതു പോലെ ഇവിടെയും സര്‍ക്കാര്‍ സംവിധാനവും രാഷ്ട്രീയ നേതൃത്വവും ഒരുപോലെ പ്രതിക്കൂട്ടിലാണ്.

ഹാരിസണ്‍സ് പ്ലാന്റേഷന്‍സിന്റെ കൈവശമുളള ഇരുപത്തിഅയ്യായിരം ഏക്കര്‍ പാട്ടഭൂമി മുറിച്ചുവില്‍ക്കാനും മരങ്ങള്‍ മുറിച്ചു വില്‍ക്കാനും സര്‍ക്കാര്‍ ഒത്താശ നല്‍കുന്നുവെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.

പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍ കൃഷി ചെയ്യാന്‍ മാത്രമാണ് പാട്ടത്തിനെടുത്തയാള്‍ക്ക് അധികാരം നല്‍കുന്നത്. പാട്ടഭൂമി മൊത്തമായോ ഭാഗികമായോ മറിച്ചു വില്‍ക്കാന്‍ പാടില്ല. മരംമുറിക്കുന്നതിനും വിലക്കുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മരംമുറിക്കുമ്പോള്‍ മരത്തിന്റെ വില കണക്കാക്കി (സീനിയോറേജ്)‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് അടയ്ക്കണമെന്ന് 1980ലെ കേന്ദ്ര വനസംരക്ഷണ നിയമം അനുശാസിക്കുന്നു.

പാട്ടക്കരാര്‍ വ്യവസ്ഥ ലംഘിച്ച് ഹാരിസണ്‍സ് തൃശൂരിലെ മുപ്ലിവാലി എസ്റ്റേറ്റ് കൈവശം വയ്ക്കുന്നുവെന്ന് ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ എസ്റ്റേറ്റ് സര്‍ക്കാര്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല. 6063 ഏക്കര്‍ എസ്റ്റേറ്റാണ് പാട്ടക്കരാര്‍ ലംഘിച്ച് ഇപ്പോഴും ഹാരിസണ്‍സ് കൈവശം വച്ചിരിക്കുന്നത്. കോടികള്‍ വിലവരുന്ന തടി ഈ എസ്റ്റേറ്റില്‍ നിന്നും മുറിച്ചു കടത്തിയെന്ന് തെളിഞ്ഞിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലായി അറുപതിനായിരത്തോളം ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍ പ്ലാന്റേഷനുളളത്. നിയമം ലംഘിച്ച് ഹാരിസണ്‍ പാട്ടഭൂമി വില്‍ക്കുന്നു എന്ന ആരോപണം 1984മുതല്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മാറിമാറി അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരും ഒരുനടപടിയും ഇതുവരെ എടുത്തിട്ടില്ല.

കോട്ടയം ജില്ലയിലെ ചെറുവളളി എസ്റ്റേറ്റ്, കൊല്ലം തെന്മലയിലെ നാഗമല എസ്റ്റേറ്റ്, ഇടുക്കി ജില്ലയിലെ ഡയോമക്, ബോയ്സ് എസ്റ്റേറ്റുകള്‍ എന്നിവ ഹാരിസണ്‍സ് മറിച്ചു വിറ്റ ചില എസ്റ്റേറ്റുകളാണ്. ഇവ എങ്ങനെ ഹാരിസണ്‍സ് ഉടമകളുടെ കൈവശം എത്തിയെന്നോ മറിച്ചുവിറ്റത് എങ്ങനെയെന്നോ ആരും അന്വേഷിച്ചിട്ടില്ല. നൂറുകണക്കിന് കോടിരൂപയാണ് ഈ കൈമാറ്റങ്ങളില്‍ നിന്നും ഹാരിസണ്‍സ് കൈക്കലാക്കിയത്.

ഹാരിസണ്‍സിന്റെ കൈവശമുളള പാട്ടഭൂമിയില്‍ നല്ലൊരു ശതമാനവും മിച്ചഭൂമിയാണെന്ന് 1980ല്‍ വൈത്തിരി ലാന്റ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ അതിന്മേല്‍ നാളിതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

റവന്യൂ വനം വകുപ്പുകളുടെ വീഴ്ച നന്നായി മുതലെടുത്ത് തോട്ടമുടമകള്‍ തടിച്ചു കൊഴുക്കുകയാണ്. കാട്ടില്‍ കയറി ചുളളിയൊടിക്കുന്ന ആദിവാസിയെ വനസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലില്‍ തളളുന്നവര്‍ ഹാരിസണ്‍സ് പോലുളള സ്ഥാപനങ്ങള്‍ കോടിക്കണക്കിന് വിലയുളള കാട്ടുതടി മുറിച്ചു വില്‍ക്കുന്നത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നു. കേസുണ്ടാവുമ്പോള്‍ വിപ്ലവപ്പാര്‍ട്ടിക്കാരടക്കം എല്ലാവിധ ഒത്താശയും ചെയ്യുന്നു.

ഓരോ വിവാദങ്ങളും പൊതുജനത്തെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ കെടുകാര്യസ്ഥതയും പണമുളളവനു വേണ്ടി എന്തു കൂട്ടിക്കൊടുപ്പും നടത്തിക്കൊടുക്കാനുളള അറപ്പില്ലായ്മയുമാണ്.

സെക്രട്ടേറിയറ്റും പാര്‍ട്ടി ഓഫീസും കടന്ന് കോടതി വാരാന്തയോളം പരന്നു കിടക്കുന്ന ഒരു വലിയ മാഫിയ അതിശക്തമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ജനം അറിയുന്നു. നിയമത്തിന്റെ നൂലാമാലകള്‍ നിഷ്പ്രയാസം അഴിക്കാന്‍ കെല്പുളളവരാണ് അവരെന്നും വിപ്ലവവായാടികളടക്കം അവരുടെ മാസപ്പടി പറ്റുകാരാണെന്നുമുളള തിരിച്ചറിവ് പ്രതിഷേധമേതുമില്ലാതെ ഏറ്റുവാങ്ങാന്‍ പൊതുജനത്തെ ശീലിപ്പിച്ചാണ് ഓരോ വിവാദവും അരങ്ങൊഴിയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X