കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാന്‍മാറിനെ ബ്ലോഗുകള്‍ തൊലിയുരിക്കുന്നു

  • By Staff
Google Oneindia Malayalam News

Myanmar Protest and Police firingമ്യാന്‍മാറെന്ന പഴയ ബര്‍മ്മയില്‍ പട്ടാളഭരണത്തിനെതിരെ പ്രതിഷേധിച്ച ലാമമാരടക്കമുളളവരെ വെടിവെച്ചു വീഴ്ത്തിയ ഭരണകൂട ക്രൂരത പുറംലോകം അറിഞ്ഞത് ബ്ലോഗിലൂടെയും ഇന്റര്‍നെറ്റിലൂടെയും.

കഴിഞ്ഞ കുറേ ദിവസങ്ങളായി മ്യാന്‍മാറിലെ സന്യാസിമാരും ജനങ്ങളും സൈനിക ഭരണത്തിനെതിരെ സമരത്തിലാണ്. സൈന്യമാണെങ്കില്‍ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിസ നിഷേധിക്കുന്നു. ബാങ്കോക്കിലെ ഹോട്ടലുകളില്‍ തടഞ്ഞുവെയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പത്രക്കുറിപ്പുകളെ മാത്രം ആശ്രയിക്കാനേ കഴിയുന്നുളളൂ.

മൊബൈല്‍ ഫോണില്‍ പലരുമെടുത്ത ചിത്രങ്ങള്‍ ബ്ലോഗുകള്‍ വഴി വെളിയിലെത്തിയപ്പോഴാണ് ക്രൂരതയുടെ നേര്‍ക്കാഴ്ച ലോകമറിഞ്ഞത്.

സമാധാനപരമായി പ്രകടനം നടത്തിയ ലാമമാര്‍ക്കെതിരെ ഒരു പ്രകോപനവും കൂടാതെ പട്ടാളം നിറയൊഴിക്കുകയായിരുന്നത്രേ. ചിതറിയോടിയവരില്‍ ഏറെപ്പേര്‍ വെടിയേറ്റു വീണു. തെരുവുകളില്‍ ചോര പടര്‍ന്നു. അങ്ങിങ്ങ് ചിതറിക്കിടന്ന ശവശരീരങ്ങളും ഫോട്ടോയില്‍ കാണാം.

ലണ്ടനില്‍ താമസിക്കുന്ന മ്യാന്‍മാര്‍ വംശജനായ കോ ഹിക്കേയുടെ സാഹിത്യ ബ്ലോഗ് നിമിഷം കൊണ്ട് പൊളിറ്റിക്കല്‍ ബ്ലോഗായി രൂപം മാറി. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത പത്തോളം പേര്‍ മൊബൈല്‍ ഫോണുകളിലെടുത്ത ചിത്രങ്ങള്‍ ഉടനുടന്‍ ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നും ഹിക്കേയുടെ പക്കലെത്തി. ലഭിച്ച ചിത്രങ്ങളും വാര്‍ത്തകളും അപ്പപ്പോള്‍ ഹിക്കേ സ്വന്തം ബ്ലോഗില്‍ നല്‍കി.

മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും തടസപ്പെടുത്തി വാര്‍ത്ത ചോരുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

1988ലെ കലാപത്തില്‍ ജനാധിപത്യത്തിനു വേണ്ടി സമരം ചെയ്ത ഏതാണ്ട് മൂവായിരത്തോളം പേരെയാണ് സൈന്യവും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. എന്നാല്‍ അക്കാര്യം ലോകശ്രദ്ധയില്‍ നിന്നു മൂടിവെയ്ക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു.

എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ജീവന്‍ പണയം വെച്ചും നൂറുകണക്കിന് ബ്ലോഗര്‍മാര്‍ തങ്ങളുടെ രാജ്യത്ത് നടമാടുന്ന ഭീകരത പുറംലോകത്തെ അറിയിക്കുന്നു. സ്വന്തമായി കമ്പ്യൂട്ടറുളളവര്‍ സര്‍ക്കാര്‍ നല്‍കുന്ന ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചില്ലെങ്കില്‍ 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെടാന്‍ വകുപ്പുളള രാജ്യമാണ് മ്യാന്‍മാര്‍.

മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്തും ഇന്റര്‍നെറ്റ് കഫേകള്‍ പൂട്ടിയും ഇന്റര്‍നെറ്റിന്റെ കണക്ഷന്‍ വേഗത കുറച്ചും തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സാറ്റലൈറ്റ് ടെലിഫോണ്‍ വഴി വിവരങ്ങള്‍ കൈമാറാനുളള സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രക്ഷോഭകാരികളും പ്രതിപക്ഷവും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ അതിജീവിക്കുന്നു.

വക്താക്കളുടെ ദയാരഹിതവും വരണ്ടതുമായ ഔദ്യോഗിക ഭാഷ്യങ്ങള്‍ കൊണ്ട് സര്‍ക്കാരുകള്‍ മറച്ചുവെയ്ക്കുന്നതൊക്കെയും വെളിച്ചം കാണിക്കാനുളള ഇന്റര്‍നെറ്റിന്റെയും ബ്ലോഗിന്റെയും ശേഷിയാണ് മ്യാന്‍മാര്‍ സംഭവം സൂചിപ്പിക്കുന്നത്. ഒരു മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമുളള സാധാരണക്കാരന്‍ തുനിഞ്ഞിറങ്ങിയാല്‍ ഏത് വമ്പന്‍ മാധ്യമത്തിനു കഴിയുന്നതിനേക്കാളും വലിയ പ്രകമ്പനമുണ്ടാക്കാനാകും. നെറ്റിന്റെ ഈ സാധ്യത ഭരണാധികാരികളുടെ ഉറക്കം കെടുത്തുമെന്നുറപ്പ്.

ബര്‍മ്മയിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ബ്ലോഗുകളുടെ ലിങ്കുകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X