Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛനും മോനും വീണ്ടും കളത്തിലിറങ്ങുന്നു

K Karunakaranതിരുവനന്തപുരം : കോണ്‍ഗ്രസില്‍ പോകുമെന്ന് അച്ഛന്‍. പോകില്ലെന്ന് മകന്‍. പോയാല്‍ ഒറ്റയ്ക്കേ പോകൂവെന്ന് മറ്റൊരു നേതാവ്.

സ്വന്തം കയ്യിലിരിപ്പു കൊണ്ട് രാഷ്ട്രീയനരകത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍ പതിച്ച കരുണാകരനും പുത്രനും നിലനില്‍പിനും മാധ്യമ ശ്രദ്ധയ്ക്കും വേണ്ടി വീണ്ടും അഭ്യാസങ്ങള്‍ തുടങ്ങി.

സോണിയയെ മദാമ്മയെന്ന് പരിഹസിച്ച കരുണാകരന് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റിനോട് വല്ലാത്ത ഇഷ്ടവും മതിപ്പും. ശരദ് പവാറടക്കമുളളവരെ തിരിച്ച് കോണ്‍ഗ്രസില്‍ പ്രവേശിപ്പിക്കാന്‍ തറ്റും താറുമുടുത്ത് കാരണവര്‍ ദില്ലിയില്‍ കരുക്കള്‍ നീക്കുമ്പോള്‍ മകന്‍ പറ്റില്ലെന്ന് തിരുവനന്തപുരത്ത് അലമുറയിടുന്നു.

കോണ്‍ഗ്രസില്‍ പോകണമെന്ന് കരുണാകരനും ഒരിക്കലും നടപ്പില്ലെന്ന് മുരളീധരനും പറയുന്നത് പരസ്പരം ആലോചിച്ചുറപ്പിച്ച നാടകത്തിന്റെ അണുവിട തെറ്റാത്ത ദൃശ്യാവിഷ്കരണമാണ്. കരുണാകരനെ അപമാനിച്ചു വിട്ട സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് മുരളി പറയുന്നത്. അതായത് ആ സാഹചര്യത്തെക്കുറിച്ചൊരു പുനരാലോചന നടത്തിയാല്‍ മുരളിയ്ക്കും കോണ്‍ഗ്രസ് പഥ്യമാകുമെന്ന് സാരം.

ദേശീയ രാഷ്ട്രീയത്തില്‍ നിന്നും പവാറിനെയും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഒരു ഇടതുമുന്നണി ഘടകകക്ഷിയെയും റാഞ്ചിയെടുത്ത് കോണ്‍ഗ്രസിലെത്തിച്ചു എന്ന തുറുപ്പു ചീട്ടിന്റെ പേരില്‍ വിലപേശാനാണ് കരുണാകരന്‍ തുനിയുന്നതെന്ന് വ്യക്തമാണ്. ഡിഐസിയുടെ അണികളും എന്‍സിപിയുടെ നേതാക്കളും കൂടിയാകുമ്പോള്‍ തെറ്റില്ലാത്ത ഒരു സംഖ്യയാണ് ആള്‍ബലമായി കോണ്‍ഗ്രസില്‍ ചേക്കേറാന്‍ പോകുന്നത്.

ഇരുമുന്നണിയിലുമില്ലാതെ സംസ്ഥാന രാഷ്ട്രീയത്തില്‍ അടുത്ത തിരഞ്ഞെടുപ്പുവരെ പിടിച്ചു നില്‍ക്കുന്നത് ഗുണകരമല്ലെന്ന് മറ്റാരെക്കാള്‍ നന്നായി കരുണാകരന് അറിയാം. പാര്‍ട്ടിയുടെ മേല്‍വിലാസത്തെക്കാള്‍ പ്രധാനം കരുണാകരന് മകന്റെ രാഷ്ട്രീയ ഭാവിയാണ്.

ഒരു മുന്നണിയിലുമില്ലാതെ അനാഥപ്രേതം പോലെ മുരളി തെക്കുവടക്ക് നടക്കുന്നതു കാണുമ്പോള്‍ "എങ്ങനെ വളര്‍ത്തിയതാ ഞാനിവനെ" എന്ന് ആ അച്ഛന് തോന്നിയാല്‍ കുറ്റം പറയാനാവില്ല. സംസ്ഥാന- കേന്ദ്ര രാഷ്ട്രീയം ഉളളം കയ്യിലിട്ട് അമ്മാനമാടിയ ഭൂതകാലസ്മരണകള്‍ ആവര്‍ത്തിച്ച് അയവിറക്കി കാലം കഴിക്കുന്ന കരുണാകരന്റെ ഇച്ഛാഭംഗം ആര്‍ക്കും മനസിലാക്കാവുന്നതേയുളളൂ.

K Muralidharanഇന്നത്തെ നിലയില്‍ മാതൃസംഘടനയിലേയ്ക്ക് മടങ്ങിപ്പോവുന്നതാണ് നല്ലെതെന്ന് കരുണാകരന്റെ പ്രായോഗിക ബുദ്ധി തിരിച്ചറിയുന്നു. സര്‍വത്ര അലമ്പായ സംസ്ഥാന ഭരണത്തെ ഒരു നോട്ടം കൊണ്ടു പോലും നോവിക്കാനാവാതെ കേരളത്തിലെ പ്രതിപക്ഷം നനഞ്ഞു കുതിര്‍ന്നു കിടക്കുമ്പോള്‍ കരുണാകരനെപ്പോലൊരു നേതാവിന്റെ പ്രതിപക്ഷ തന്ത്രങ്ങള്‍ കോണ്‍ഗ്രസിനും അനിവാര്യമായിരിക്കുന്നു.

എറണാകുളം ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് കളിച്ച കളിയുടെ തനിയാവര്‍ത്തനമാണ് മുരളി പയറ്റുന്നത്. കോണ്‍ഗ്രസിനെ പിളര്‍ക്കാന്‍ കരുണാകരന്‍ നടത്തിയ റാലി ചൂണ്ടിക്കാട്ടി മുരളി ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി. പിന്നീട് വടക്കാഞ്ചേരിയില്‍ തോറ്റപ്പോഴാണ് പിടിവിട്ടുപോയി എന്ന് മുരളി തിരിച്ചറിഞ്ഞത്.

കെപിസിസി പ്രസിഡന്റ് മന്ത്രി എന്നീ സ്ഥാനങ്ങളില്‍ നിന്നും വെട്ടിയിട്ട ചക്ക പോലെ നിലംപതിച്ച മുരളിക്ക് പിന്നീട് ഒരു വിലപേശലിന് കോണ്‍ഗ്രസിനെ പിളര്‍ത്തിയേ മതിയാവൂ എന്ന നിലവന്നു. ഇങ്ങനെയാണ് ഡിഐസി എന്ന പാര്‍ട്ടി ജനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ചേക്കേറിയ മുരളിയെയും സംഘത്തെയും രമേശും ഉമ്മന്‍ചാണ്ടിയും വീണ്ടും കളി പഠിപ്പിച്ചു.

കൊടുവളളി പോലൊരു മണ്ഡലം കിട്ടിയിട്ടും, മുസ്ലിം ലീഗ് കിണഞ്ഞു പരിശ്രമിച്ചിട്ടും കരുണാകര പുത്രന് തോല്‍വിയും മാനഹാനിയുമായിരുന്നു ജനം വിധിച്ചത്. അണികളെ വച്ച് ഏത് വൃത്തികെട്ട വിലപേശലിനും മടിക്കാത്ത കരുണാകരനും മകനും അടുത്ത നാടകവുമായി വീണ്ടും കളത്തിലിറങ്ങുന്നു.

തിരക്കഥയിലെ അടുത്ത രംഗത്തിനു വേണ്ടി കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+