കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തും.

  • By ബിജു കെ ഗണേഷ്
Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പിനെ മറികടന്ന് കോണ്‍ഗ്രസിലേയ്ക്ക് കരുണാകരന്‍ തിരിച്ചെന്നുമെന്ന കാര്യം ഉറപ്പായി. കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കരുണാകരന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് സോണിയാ ഗാന്ധിയുള്‍പ്പെടെയുളളവര്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞെന്നാണ് സൂചനകള്‍.

അവസാന നിമിഷം വരെയും അതിശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ച ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പൂര്‍ണമായും കൈവിട്ടു. മടങ്ങിയെത്തുന്ന കരുണാകരനോടൊപ്പം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ ദില്ലിയില്‍ ഏതെങ്കിലും പദവി നല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ചാണ്ടിയോട് മുഖത്തടിച്ചു പറഞ്ഞിട്ടുണ്ട്.

ഹൈക്കമാന്റിന്റെ മനസിലിരുപ്പ് മനസിലാക്കിയ രമേശ് ചെന്നിത്തലയും ചുവടുമാറ്റിയിട്ടുണ്ട്.

കരുണാകരനെ തിരികെ എത്തിക്കുക എന്ന ഒറ്റലക്ഷ്യത്തോടെയാണ് മേഘാലയ ഗവര്‍ണറായിരുന്ന എം എം ജേക്കബിനെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കിയത്. വീരപ്പ മൊയിലിയ്ക്ക് കേരളത്തിന്റെ ചുമതല നല്‍കിയതും കരുണാകരനെ തിരികെയെത്തിക്കാനാണ്. മൊയിലിയുടെ നീക്കങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ എതിര്‍പ്പില്‍ തട്ടി നിഷ്ഫലമാവുകയായിരുന്നു.

കരുണാകരനുമായി എക്കാലവും നല്ലബന്ധം പുലര്‍ത്തിയ മൊഹിസിന കിദ്വായിയാണ് ഇപ്പോള്‍ കേരളത്തിന്റെ ചുമതല വഹിക്കുന്നത്. അണികളുമായി യാതൊരു ബന്ധവുമില്ലാത്ത ഇപ്പോഴത്തെ നേതൃത്വത്തെക്കൊണ്ട് പാര്‍ട്ടിക്ക് ദീര്‍ഘകാല ഭാവിയില്ലെന്ന് ഒടുവില്‍ പാര്‍ട്ടി ഹൈക്കമാന്റ് തിരിച്ചറിഞ്ഞു.

കരുണാകരന്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ടു പോവുന്നതില്‍ തങ്ങളുടേതായ പങ്കുവഹിച്ച അഹമ്മദ് പട്ടേലും അംബികോ സോണിയും ഇപ്പോള്‍ സോണിയയുടെ നല്ല പുസ്തകത്തിലല്ല. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പോക്കില്‍ തികഞ്ഞ അസംതൃപ്തിയുളള എ കെ ആന്റണിയുടെ വാക്കുകളാണ് കേരളത്തിന്റെ കാര്യത്തില്‍ സോണിയ വിശ്വസിക്കുന്നത്. ആന്റണിയാകട്ടെ കരുണാകരനെ തിരികെ വരുന്നതിനെ നൂറു ശതമാനവും പിന്തുണയ്ക്കുന്നു.

കോണ്‍ഗ്രസിലുണ്ടായിരുന്നെങ്കില്‍ കരുണാകരനാകുമായിരുന്നു പാര്‍ട്ടിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി എന്ന തിരിച്ചറിവാണ് ലീഡര്‍ക്ക് വീണ്ടുവിചാരമുണ്ടാക്കിയത്. അനുഭവപരിചയവും ഗാന്ധികുടുംബവുമായി പുലര്‍ത്തി വന്ന ബന്ധവും രാജ്യത്തെ ഏറ്റവും വലിയ പദവിയില്‍ കരുണാകരനെ എത്തിക്കുമായിരുന്നു.

കരുണാകരനെപ്പോലുളളവരുടെ അസാന്നിദ്ധ്യമാണ് പ്രതിഭാ പാട്ടീലിനെപ്പോലെ താരതമ്യേനെ അപ്രസക്തയായ ഒരാളെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കിയത്.

അതിരുവിട്ട പുത്രസ്നേഹം മൂലം തനിക്ക് നഷ്ടമായതെന്തെന്ന് കരുണാകരന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സോണിയാ ഗാന്ധിയെ പുകഴ്ത്താന്‍ അദ്ദേഹത്തിന്റെ നാവ് വഴങ്ങിത്തുടങ്ങിയത് ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയ ശേഷമാണ്.

മുരളീധരന്റെ കടുംപിടിത്തമാണ് കോണ്‍ഗ്രസിലേയ്ക്കുളള കരുണാകരന്റെ പ്രവേശനം വൈകിക്കുന്നത്. തനിക്ക് മുഴുത്ത സ്ഥാനം കിട്ടിയാലല്ലാതെ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങേണ്ടെന്നാണ് മുരളി വാശി പിടിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങാനിടയില്ല.

ഇപ്പോഴും കോണ്‍ഗ്രസില്‍ തന്റെ വിശ്വസ്തനായി തുടരുന്ന ഇ എം അഗസ്തിയെ, മുരളിയെ അനുനയിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ് കരുണാകരന്‍. കോണ്‍ഗ്രസിലേയ്ക്ക് മടങ്ങാന്‍ കരുണാകരന്‍ ഉറച്ചുവെന്ന് ഇത് സ്പഷ്ടമാക്കുന്നു. വേണ്ടി വന്നാല്‍ മുരളിയില്ലാതെ മടങ്ങാനും കരുണാകരന്‍ തയ്യാറാണ്.

അടുത്ത പേജില്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X