രാഷ്ട്രപതിയുടെ പരിപാടിയില്‍ എം.എ ബേബി പ്രോട്ടോകോള്‍ ലംഘിച്ചു

Subscribe to Oneindia Malayalam


തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൗരസ്വീകരണ ചടങ്ങില്‍ സാംസ്കാരിക വകുപ്പ്‌ മന്ത്രി എം.എ ബേബി പ്രേട്ടോക്കോള്‍ ലംഘിച്ചതായി പരാതി. മന്ത്രി പ്രസംഗിക്കാന്‍ അനുവദിച്ചതില്‍ കൂടുതല്‍ സമയമെടുത്തുവെന്നാണ്‌ ആരോപണം.

സംഭവത്തില്‍ രാഷ്ട്രപതി ഭവന്‍ ചീഫ്‌ സെക്രട്ടറിയോട്‌ വിശദീകരണം തേടും. ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിയ മന്ത്രിയ്ക്ക്‌ അനുവദിച്ചസമയം 10.4 മുതല്‍ 10.7 വരെയായിരുന്നു. എന്നാല്‍ പ്രസംഗത്തിനായി മന്ത്രി ആകെ ഒന്‍പത്‌ മിനിറ്റ്‌ എടുത്തു.

രാഷ്ട്രപതിയുടെ പരിപാടികളെല്ലാം ഓരോ മിനിറ്റും കൃത്യമായി തയ്യാറാക്കിയതാണ്‌. രാഷ്ട്രപതിയുടെ ഈ ഷെഡ്യൂള്‍ തെറ്റിക്കാന്‍ പാടുള്ളതല്ല.
പ്രേട്ടോക്കോള്‍ ഓഫീസര്‍മാര്‍ സംഭവം ചീഫ്‌ സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്‌.

രാഷ്ട്രപതിഭവനില്‍ നിന്നും മന്ത്രിയോട്‌ പ്രസംഗം നീണ്ടു പോയതിന്റെ വിശദീകരണം തേടുകയോ മേലില്‍ ആവര്‍ത്തിക്കരുതെന്ന താക്കീത്‌ നല്‍കുകയോ ചെയ്യും.

എം. എ. ബേബിയുടെ സ്വാഗതപ്രസംഗത്തിനിടയില്‍ തന്നെ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്‌ വേദിയിലും സദസ്സിലും അത്ഭുതമുണ്ടാക്കിയിരുന്നു. സ്വാഗതപ്രസംഗം അല്‍പം നീണ്ടു മുന്നേറിയപ്പോള്‍ രാഷ്ട്രപതിയുടെ സമീപത്തിരുന്ന്‌ ഒന്നു മയങ്ങിപ്പോയതാണ്‌ മുഖ്യമന്ത്രിക്ക്‌ അബദ്ധം പിണയാന്‍ കാരണം.

വിദ്യാഭ്യാസ ആരോഗ്യ ഭൂപരിഷ്കരണ നടപടികളില്‍ കേരളം ഇന്ത്യയ്ക്ക്‌ മാതൃകയായത്‌ വിശദീകരിച്ച്‌ ബേബി പ്രസംഗം തുടര്‍ന്നപ്പോള്‍ അനുവദിച്ചിരുന്ന മൂന്നുമിനിറ്റ്‌ കഴിഞ്ഞിരുന്നു.

രാഷ്ട്രപതിയുടെ സ്റ്റാഫില്‍പ്പെട്ട പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ സമയത്തെക്കുറിച്ച്‌ മന്ത്രി ബേബിയെ ഓര്‍മ്മപ്പെടുത്താന്‍ മന്ത്രിമാരായ മാത്യു ടി. തോമസിനോടും എം. വിജയകുമാറിനോടും അഭ്യര്‍ത്ഥിച്ചു.

മന്ത്രിമാരുമായുള്ള പ്രൊട്ടോക്കോള്‍ ഓഫീസറുടെ സംസാരം ശ്രദ്ധിച്ച ബേബിക്ക്‌ കാര്യം പിടി കിട്ടി. അദ്ദേഹം രാഷ്ട്രപതിക്കും മുഖ്യമന്ത്രിക്കും പ്രത്യേകവും മേറ്റ്ല്ലാവര്‍ക്കും ഒരുമിച്ച്‌ ചേര്‍ത്തും സ്വാഗതം പറഞ്ഞ്‌ പ്രസംഗം ഉടനെ അവസാനിപ്പിച്ചു. 8.26 മിനിറ്റ്‌ അപ്പോഴേക്കും മന്ത്രി പ്രസംഗിച്ചിരുന്നു.

മന്ത്രി ബേബി നീട്ടി പ്രസംഗിച്ചെങ്കിലും പരിപാടി നിശ്ചത സമയമായ ഒരു മണിക്കൂര്‍ കൊണ്ട്‌ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യം മൂലം ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്ടിയ സമ്മേളനത്തിന്‌ എത്തിയിരുന്നില്ല. അദ്ദേഹത്തിന്‌ പ്രസംഗത്തിനായി അഞ്ചുമിനിട്ട്‌ വകകൊള്ളിച്ചിരുന്നതിനാലാണ്‌ യോഗം നിശ്ചിത സമയവും കഴിഞ്ഞ്‌ മുന്നോട്ടുപോകാഞ്ഞത്‌.

എന്നാല്‍ പ്രസംഗം നീണ്ടു പോയത്‌ തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന്‌ മന്ത്രി എം.എ ബേബി അറിയിച്ചു.

Please Wait while comments are loading...