കൊല്‍ക്കത്തയില്‍ സംഘര്‍ഷം; പട്ടാളം രംഗത്തിറങ്ങി
കൊല്‍ക്കത്ത: നന്ദിഗ്രാമിലെ അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മൈനോരിറ്റി ഫോറം കല്‍ക്കത്തയില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ വന്‍ അക്രമം. രോഷാകുലരായ പ്രതിഷേധക്കാരെ നിയന്ത്രിക്കാനായി പഞ്ചിമബംഗാള്‍ സര്‍ക്കാര്‍ പട്ടാളത്തിന്റെ സഹായം തേടി.
ബുധനാഴ്‌ച പകല്‍ മധ്യകൊല്‍ക്കത്ത കേന്ദ്രീകരിച്ച നടന്ന അക്രമത്തില്‍ ഒട്ടേറെ പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരുക്കേറ്റു. മുപ്പതോളം വാഹനങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. നഗരത്തില്‍ രണ്ടിടങ്ങളിലുള്ള സിപിഎം ഓഫീസുകള്‍ക്ക്‌് സമരക്കാര്‍ തീവെച്ചു.
മുസ്ലിം സംഘടനകള്‍ നേതൃത്വം നല്‍കുന്ന മൈനോറിറ്റി ഫോറം മൂന്നുമണിക്കൂര്‍ ഹര്‍ത്താലിാനാണ് ആഹ്വാനം നല്‍കിയത്. പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ശക്തമായത്. അക്രമം തടയാന്‍ പൊലീസിന് കഴിയാത്തതിനെത്തുടര്‍ന്ന് രംഗത്തിറങ്ങിയ ദ്രുതകര്‍മ്മസേനയ്‌ക്കും കാര്യങ്ങള്‍ നിയന്ത്രിയ്‌ക്കാന്‍ കഴിഞ്ഞില്ല.
പലയിടത്തും കലാപസമാനമായ സ്ഥിതിയുണ്ടാകുന്നത് കണ്ടതോടെ മുഖ്യമന്ത്രി ബുദ്ധ്‌ദേവ് ഭട്ടാചാര്യ സൈന്യത്തെ വിളിയ്‌ക്കുകയായിരുന്നു. സൈനികര്‍ തെരുവില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തിയതോടെയാണ് പ്രതിഷേധക്കാരെ നിയന്ത്രിയ്‌ക്കാന്‍ കഴിഞ്ഞത്.
നന്ദിഗ്രാമില്‍ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കുക. മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെട്ട ബംഗ്ലാദേശിലെ വിവാദ എഴുത്തുകാരി തസ്ലിമ നസ്‌റീന്റെ വിസ റദ്ദാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്.
അക്രമം അഴിച്ചുവിട്ടത് സമരക്കാരല്ലെന്നും സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ പുറത്തുനിന്നുള്ളവര്‍ എത്തി അട്ടിമറിയ്‌ക്കുകയായിരുന്നുവെന്നും ഓള്‍ ഇന്ത്യ മൈനോരിറ്റി ഫോറം പ്രിസിഡന്റ് ഇദ്രിസ് അലി പറഞ്ഞു.
അക്രമങ്ങളുമായി ബന്ധപ്പെട്ട് അറുപത് പേരെ അറസ്‌ററുചെയ്‌തിട്ടുണ്ട്. കൊല്‍ക്കത്തയുടെ മധ്യ-കിഴക്കന്‍ മേഘലകളില്‍ മുന്‍കരുതല്‍ എന്നനിലയ്‌ക്ക് ബുധനാഴ്‌ച രാത്രി പത്തുമുതല്‍ വ്യാഴാഴ്‌ച രാവിലെ ആറുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.
ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യയിലെ ഒരു നഗരത്തില്‍ അക്രമങ്ങളെത്തുടര്‍ന്ന് പട്ടാളമിറങ്ങുന്നത്. ബംഗാള്‍ പൊലീസിനും കരസേനയ്‌ക്കും സംയുക്തമായിട്ടായിരിക്കും ഏതാനും ദിവസം ബംഗാളിന്റെ സുരക്ഷാ ചുമതല.












Click it and Unblock the Notifications