ലാലു പ്രസാദിനെക്കുറിച്ച് കവിതയെഴുതി; യുവാവിന് ജോലി കിട്ടി
ദില്ലി: മത്സരപ്പരീക്ഷകള്‍ തുടരെത്തുടരെ എഴുതിയിട്ടും ജോലികിട്ടാതെ നിരാശപ്പെടുന്നവര്‍ക്ക് ഫിറോസ് ആലത്തെ പരിചയപ്പെട്ടാല്‍ അസൂയ തോന്നും. വെറും രണ്ടുവരികവിതയെഴുതി ആലപിച്ചപ്പോഴാണ് ഫിറോസിന് ഒരു ജോലി കിട്ടിയത് അതും ഇന്ത്യന്‍ റയില്‍വേയില്‍!
ഒട്ടും പ്രതീക്ഷിയ്ക്കാതെ കേന്ദ്രമന്ത്രി നേരിട്ട് ഒരു ജോലി വാഗ്ദാനം ചെയ്തതിന്‍റെ ഞെട്ടലില്‍ നിന്നും ഫിറോസ് ഇപ്പോഴും മോചിതനായിട്ടില്ല
കേന്ദ്രറയില്‍മന്ത്രി ലാലുപ്രസാദ് യാദവിനെക്കുറിച്ചാണ് ഫിറോസ് കവിതയെഴുതിയത്. കൊല്‍ക്കത്ത ടെര്‍മിനലില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയ്‌ക്കിടെ ലാലുവിനെ പ്രശംസിച്ചുകൊണ്ടെഴുതിയ കവിത ഇദ്ദേഹം ആലപിയ്‌ക്കുകയും ചെയ്‌തു.
"നമുക്ക് മന്ത്രി ലാലുവിനെ മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും റയില്‍വേയെ ഇത്ര നന്നായി കൊണ്ടുപോകാന്‍ കഴിയില്ല" എന്നര്‍ത്ഥം വരുന്ന രണ്ടുവരികവിതയാണ് ഫിറോസ് എഴുതിയത്.
വരികള്‍ രണ്ട്‌മാത്രമാണെങ്കിലും കവിത കേട്ട് ലാലു പ്രസാദിച്ചു, ആലത്തിന് ജോലിയും കിട്ടി. ലാലുതന്നെയാണ് ഒരു ജോലി തരപ്പെടുത്തിത്തരാമെന്ന് ഫിറോസിനെ അറിയിച്ചത്. അതിനായി അദ്ദേഹം റയില്‍വേ മന്ത്രാലയത്തിന് നിര്‍ദ്ദേശവും നല്‍കി.
കള്‍ച്ചറല്‍ ക്വാട്ടയില്‍ ഗ്രൂപ്-ഡി ജോലിയാണ് ഇരുപത്തിയേഴുകാരനായ ഫിറോസിന് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് റയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
'ആ ദിവസം ഇത്തരത്തിലവസാനിയ്‌ക്കുമെന്ന് ഞാനൊരിക്കലും കരുതിയതല്ല. എന്റെ ജീവിതത്തില്‍ മറക്കാനാകാത്ത ഒരു ദിവസമായിരുന്നു അത്'- ആലം പറയുന്നു.












Click it and Unblock the Notifications