മതം വിലയറിഞ്ഞ് നില്‍ക്കണമെന്ന് പിണറായി
കോഴിക്കോട്: ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച് യുഡിഎഫ് മതന്യൂനപക്ഷങ്ങളെ ഇളക്കിവിടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യുഡിഎഫിന് ആളെകൂട്ടിക്കൊടുക്കുന്ന ജോലി ഒരു മതവും ഏറ്റെടുക്കേണ്ടെന്നും പിണറായി പറഞ്ഞു.
സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി. സിപിഎമ്മിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍രാഷ്ട്രീയ നീക്കം നടക്കുന്നുണ്ട്. ഒരു മതത്തെയും വിലകുറച്ച് കാണുന്നില്ല. മതത്തിന് അതിന്റേതായ വിലയുണ്ട്. അത് നില്‍ക്കേണ്ടിടത്ത് നില്‍ക്കണം.
വിട്ടുപോയ വിഭാഗങ്ങളെ തിരിച്ചുപിടിക്കാന്‍ യുഡിഎഫ് മതവികാരം ഇളക്കിവിടുകയാണ്. ക്രിസ്‌തീയ വിഭാഗങ്ങളെയും മുസ്ലിംങ്ങളില്‍ ചിലരെയും ഹരംകൊള്ളിക്കാനാണിത്. ഇവര്‍ പറയുന്ന കാര്യങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. സ്‌കൂളുകള്‍ പഞ്ചായത്തിനെ ഏല്‍പ്പിക്കുന്നുവെന്നും ലിംഗവ്യത്യാസമില്ലാതെ പഠിപ്പിക്കുമെന്നും സ്‌കൂള്‍ സമയം മാറ്റുമെന്നുമെല്ലാം ആരാണ് പറഞ്ഞത്- പിണറായി ചോദിച്ചു.
മതത്തിന്റെ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടുന്നില്ല. പാര്‍ട്ടിയില്‍ ആളില്ല കുറച്ചുപേരെ അയച്ചുതരണമെന്ന് ആരോടും അഭ്യര്‍ത്ഥിച്ചിട്ടില്ല. മതങ്ങള്‍ വിളിച്ചാലുടനെ പോകുന്നവരല്ല സിപിഎമ്മിലുള്ളത്. ക്രൈസ്‌തവ സഭയുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും യോജിക്കാവുന്ന കാര്യങ്ങളില്‍ യോജിക്കുകതന്നെ ചെയ്യും- വിജയന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്നാണ് പ്രചാരണം. ഒരു പക്ഷത്ത് വി.എസ് മറുപക്ഷത്ത് വിജയന്‍ എന്നാണ് പറയുന്നത്. ഈ പാര്‍ട്ടി ഒരാളുടെയും പക്ഷത്തല്ല. മലപ്പുറം ജില്ലാ സമ്മേളനത്തില്‍ രണ്ടുപേര്‍ മത്സരിച്ചത് വിഭാഗീയതയായി ഞങ്ങളാരും കണ്ടിട്ടില്ല. മത്സരിക്കുന്നത് അപാകതയായി തോന്നുന്നുമില്ല. സമ്മേളനത്തില്‍ നിന്നും വി.എസ് ഇറങ്ങിപ്പോയെന്ന് വരെ വാര്‍ത്ത വന്നു. ഞാന്‍ കൂടി പറഞ്ഞിട്ടാണ് വി.എസ് പോയത്- പിണറായി വിശദീകരിച്ചു.












Click it and Unblock the Notifications