കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഷ മൃദു, മുന്നറിയിപ്പ് ശക്തം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ടി ജെ ചന്ദ്രചൂഡനെതിരെ പിണറായി വിജയന്‍ നടത്തിയ വിമര്‍ശനം രൂക്ഷപരിഹാസത്തോടെ ആവര്‍ത്തിച്ച ദേശാഭിമാനിക്ക് ഇപ്പോള്‍ സാന്ത്വനത്തിന്റെ ശബ്ദം.

തിങ്കളാഴ്ച ചന്ദ്രചൂഡനെതിരെ ആക്ഷേപഹാസ്യത്തിന്റെ ചന്ദ്രഹാസം മുഴക്കിയ പാര്‍ട്ടി പത്രം ചൊവ്വാഴ്ച സ്വരം മാറ്റിയാണ് പ്രശ്നത്തെ നേരിടുന്നത്. രാഷ്ട്രീയ ലേഖകന്‍ എഴുതിയ "നയത്തിലും ശൈലിയിലും കെട്ടുറപ്പോടെ എല്‍ഡിഎഫ്" എന്ന ലേഖനത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് മൃദുവായ ഉപദേശങ്ങളാണ് നല്‍കുന്നത്.

എല്‍ഡിഎഫിന്റെ കെട്ടുറപ്പിനും മര്യാദയ്ക്കും നിരക്കാത്ത പ്രവണതകള്‍ കോഴിക്കോട് പ്രസംഗത്തില്‍ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്ന് രാഷ്ട്രീയ ലേഖകന്‍ പറയുന്നു. അത് കാണാതെ എല്‍ഡിഎഫില്‍ കലഹമെന്നും ചെറുപാര്‍ട്ടികളെ ഒതുക്കാനുളള സിപിഎമ്മിന്റെ പരസ്യ പ്രഖ്യാപനമെന്നുമുളള ദുര്‍വ്യാഖ്യാനങ്ങളാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നാണ് ആക്ഷേപം.

വലതുപക്ഷ ശൈലിയും പ്രചാരണവും ഇടതുപക്ഷത്ത് ചിലര്‍ ഏറ്റെടുത്തത് ഇടതുമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അത് പിണറായി ഓര്‍മ്മപ്പെടുത്തുകയായിരുന്നു എന്നുമാണ് രാഷ്ട്രീയ ലേഖകന്‍ വ്യക്തമാക്കുന്നത്.

സിപിഐ, ആര്‍എസ് പി കക്ഷികളുടെ പ്രഖ്യാപിത ശത്രുവായ ജി സുധാകരനു പിന്നില്‍ സിപിഎം ശക്തമായി നിലയുറപ്പിച്ചിട്ടുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു. അഴിമതിയുടെ കറ ഭരണത്തിന്റെ ഒരു തലത്തിലും പുരളരുതെന്ന് ശാഠ്യമുളള സുധാകരന്റെ കോലം കത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസിന് പിറകെയല്ല കേരളം എന്ന ലേഖനത്തിലെ വാചകം പലര്‍ക്കുമുളള മുന്നറിയിപ്പു കൂടിയാണ്.

സുധാകരനെതിരെ ഇടതു ഘടകകക്ഷികള്‍ ഉന്നയിക്കുന്ന വിമര്‍ശനം സിപിഎം അംഗീകരിക്കുന്നില്ലെന്ന് ഈ ലേഖനം വ്യക്തമാക്കുന്നു. ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിന്നും ദേവസ്വം മന്ത്രി വിട്ടു നിന്നു എന്ന വാര്‍ത്ത പത്രങ്ങളില്‍ തലക്കെട്ടായ ദിവസം തന്നെ പാര്‍ട്ടി പത്രത്തിലെ ലേഖനത്തില്‍ ഈ മുന്നറിയിപ്പുണ്ടായത് യാദൃശ്ചികമല്ല. യൂത്ത് കോണ്‍ഗ്രസിനെ ചാരി ചില ഘടകകക്ഷികളെയും ഒരുപടി കൂടി കടന്ന് മുഖ്യമന്ത്രിയെയുമാണ് സുധാകര വിഷയത്തില്‍ രാഷ്ട്രീയ ലേഖകന്‍ ലക്ഷ്യം വെയ്ക്കുന്നത്.

സൂക്ഷ്മമായ മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും ഘടകകക്ഷി നേതാക്കളെ തലോടാന്‍ രാഷ്ട്രീയ നിരീക്ഷകന്‍ മറക്കുന്നില്ല. വ്യത്യസ്ത പാര്‍ട്ടികള്‍ അടങ്ങുന്ന മുന്നണിയില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. കേരള ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സിപിഎം, സിപിഐ കക്ഷികള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദാന്‍ ദില്ലിയില്‍ വ്യക്തമാക്കിയ കാര്യവും ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

ഭൂപരിഷ്കരണ നിയമം കൊണ്ടു വന്നപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം എന്‍ ഗോവിന്ദന്‍നായര്‍ക്കും കെ സി ജോര്‍ജിനും എതിരെ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനവും രാഷ്ട്രീയ ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐയുടെ തലതൊട്ടപ്പന്മാരായ നേതാക്കളെ ഉദ്ധരിച്ചും പഴയ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയും വല്യേട്ടന്റെ ഉപദേശങ്ങള്‍ നല്‍കുമ്പോഴും ഒരു കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

പ്രശ്നങ്ങള്‍ മുന്നണിക്കകത്ത് പറഞ്ഞു തീര്‍ക്കുന്ന പരിചിതമായ ഇടതുമുന്നണി ശൈലിയില്‍ മുന്നോട്ടു പോകാനാണ് സിപിഎമ്മിന്റെ താല്‍പര്യം.

ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാറിന് ശക്തമായ മുന്നറിയിപ്പ് നല്‍കാന്‍ ഈ ലേഖനത്തിലും ദേശാഭിമാനി ശ്രദ്ധിച്ചിട്ടുണ്ട്. ലേഖനത്തിലെ ഒരുഭാഗം ഇങ്ങനെയാണ്.

"എല്‍ഡിഎഫില്‍ ഇടതുപക്ഷപാര്‍ടിക്കു പുറമെ, മറ്റ് ജനാധിപത്യപാര്‍ടികളുമുണ്ട്. ആ പാര്‍ടികളിലെ ചില നേതാക്കള്‍ ചില ഘട്ടങ്ങളില്‍ മുന്നണിമര്യാദയ്ക്ക് നിരക്കാത്ത മട്ടില്‍ പ്രത്യക്ഷ-പരോക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍, അതിന് കീഴ്വഴങ്ങുന്നതല്ല എല്‍ഡിഎഫ് നേതൃത്വം".

മുന്നണിയ്ക്ക് പുറത്തും വിമര്‍ശനങ്ങള്‍ ഉന്നയിക്കുമെന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവനയും അദ്ദേഹവും ടി ജെ ചന്ദ്രചൂഡനും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ചയും സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്. പ്രത്യക്ഷമായോ പരോക്ഷമായോ മുന്നണി മര്യാദയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ സിപിഎം വഴങ്ങില്ലെന്നും ശക്തമായി നിയന്ത്രിക്കുമെന്നും ദേശാഭിമാനി വീരേന്ദ്രകുമാറിന് മുന്നറിയിപ്പ് നല്‍കുന്നു.

മുന്നണിയ്ക്കുളളില്‍ കുറുമുന്നണിയുണ്ടാക്കാനും പരസ്യ വിമര്‍ശനത്തിലൂടെ സിപിഎമ്മിന് തലവേദനയുണ്ടാക്കാനും സിപിഐ അടക്കമുളള ഘടകകക്ഷികള്‍ നടത്തുന്ന ശ്രമങ്ങളെ ആസൂത്രിതമായി നേരിടാന്‍ പാര്‍ട്ടി തയ്യാറെടുക്കുകയാണ്. ഇതിന്റെയും ഉദ്ഘാടനമായിരുന്നു, കോഴിക്കോട് ജില്ലാ സമ്മേളനത്തിലെ പിണറായിയുടെ ഉദ്ഘാടന പ്രസംഗം. തുടര്‍ന്ന് പാര്‍ട്ടി പത്രവും മുന്നറിയിപ്പും ഉപദേശങ്ങളുമായി രംഗത്തു വന്നതോടെ ചായക്കോപ്പയിലെ കാറ്റ് അവിടെത്തന്നെ ഒടുങ്ങാനുളള സാധ്യത ഏറുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X