കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യലിസം വിദൂരസ്വപ്നം: ബസു

  • By Staff
Google Oneindia Malayalam News

jyothi basuകൊല്‍ക്കത്ത: രാജ്യത്ത്‌ ഇനി സോഷ്യലിസം അസാധ്യമാണെന്ന്‌ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ ജ്യോതി ബസു.

ബംഗാളിന്റെ വികസനത്തിന്‌ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള മൂലധനം ആവശ്യമാണെന്നും ബസു അഭിപ്രായപ്പെട്ടു. വ്യവസായ വല്‍ക്കരണത്തിന്‌ മുതലാളിത്തമാണ്‌ ഏക മാര്‍ഗമെന്ന ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ നിലപാടിന്‌ പിന്തുണയുമായാണ്‌ ബസു രംഗത്തെത്തിയിരിക്കുന്നത്‌.

ബുദ്ധദേവിന്റെ പ്രസ്‌താവനയ്‌ക്കെതിരെ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ്‌ ബസു പാര്‍ട്ടിയുടെ നിലപാട്‌ വ്യക്തമാക്കിയിരിക്കുന്നത്‌. സോഷ്യലിസം പെട്ടെന്ന്‌ നേടാന്‍ കഴിയുന്ന ലക്ഷ്യമല്ല. നാം ജീവിക്കുന്നത്‌ മുതലാളിത്ത വ്യവസ്ഥയിലാണ്‌. സ്വകാര്യ മൂലധനം പ്രോത്സാഹിപ്പിക്കുമ്പോള്‍ത്തന്നെ സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴിലാളികളുടെ സാമൂഹ്യക്ഷേമ പദ്ധതികള്‍ തുടരുകയും ചെയ്യും- ബസു പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തുനിന്നായാലും സ്വദേശത്തുനിന്നായാലും മൂലധനം വേണം. ഭാവിയിലേക്കുള്ള വികസനത്തിന്‌ മുതലാളിത്തം തന്നെയാണ്‌ പ്രായോഗികം. സോഷ്യലിസം വളരെ വിദൂരമായ ഒരു ലക്ഷ്യമാണ്‌. അത്‌ പാര്‍ട്ടിയുടെ രാഷ്ട്രീയ അജണ്ടയാണ്‌. ഇക്കാര്യം പാര്‍ട്ടി രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

വര്‍ഗ രഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച്‌ ഞങ്ങള്‍ പറയാറുണ്ട്‌. പക്ഷേ അതൊക്കെ പഴയകാര്യമാണ്‌. ഇന്ത്യയില്‍ മൂന്ന്‌ സംസ്ഥാനങ്ങളില്‍ മാത്രമാണ്‌ സിപിഎം ഭരണം നിലനില്‍ക്കുന്നത്‌ ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യലിസം നടപ്പാക്കുമെന്ന്‌ പറയാന്‍ കഴിയുമോ-ബസു ചോദിച്ചു.

മുപ്പതുവര്‍ഷമായി അധികാരത്തിലിരുന്നശേഷം ബംഗാള്‍ സര്‍ക്കാര്‍ ഇടതുപ്രത്യയശാസ്‌ത്രത്തില്‍ നിന്നും വ്യതിചലിക്കുന്നുവെന്ന്‌ ആരോപിക്കുന്ന ഫോര്‍വേഡ്‌ ബ്ലോക്കും ആര്‍എസ്‌പിയും എന്തിനെയാണ്‌ എതിര്‍ക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നും ബസു പറഞ്ഞു.

രണ്ടുദിവസം മുമ്പാണ്‌ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ വ്യവസായവല്‍ക്കരണത്തിന്‌ സോഷ്യലിസം സഹായിക്കില്ലെന്നും മുതലാളിത്തമാണ്‌ അതിന്‌ സഹായകമെന്നുമുള്ള നിലപാട്‌ പരസ്യമായി പ്രകടിപ്പിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X