Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതാവേശം വിഎസിന് വിനയാവും

കൊച്ചി : ജ്യോതിബസുവിന്റെ പ്രസ്താവന മലയാള പത്രങ്ങളില്‍ വായിച്ച് എറണാകുളം ജില്ലാ സമ്മേളനത്തില്‍ അദ്ദേഹത്തിനെതിരെ പരസ്യമായി ആഞ്ഞടിച്ചത് വിഎസിന് വിനയായേക്കും. പല ആപല്‍ഘട്ടങ്ങളിലും പാര്‍ട്ടിയില്‍ തന്നെ തുണച്ച ജ്യോതിബാസുവിനെ പരസ്യമായി വിമര്‍ശിച്ച വിഎസിന്റെ നടപടി അദ്ദേഹത്തിന്റെ കടുത്ത അനുയായികളില്‍ പോലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

മുതലാളിത്തത്തെ കുറ്റിയടിച്ച് പ്രതിഷ്ഠിക്കാമെന്ന് കരുതുന്നവര്‍ക്ക് കുറ്റിയും പറിച്ച് ഓടേണ്ടി വരുമെന്നാണ് എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് വിഎസ് തുറന്നടിച്ചത്. ജനുവരി ആറിലെ മിക്കവാറും എല്ലാ മലയാള പത്രങ്ങളിലെയും പ്രധാന വാര്‍ത്തയായ ജ്യോതിബസുവിന്റെ വിവാദ പരാമര്‍ശമായിരുന്നു അദ്ദേഹം ഉന്നം വെച്ചത്.

സാധാരണ ഇത്തരം പരാമര്‍ശങ്ങള്‍ നേതാക്കളുടെ പേരില്‍ ആരോപിക്കപ്പെട്ടാല്‍ അത് മാധ്യമങ്ങളുടെ ചുമലില്‍ ചാരി രക്ഷപെടുകയാണ് ചെയ്യാറുളളത്. ബസുവിന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്ന നിലയില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി രാജീവിന്റെ ലേഖനം പാര്‍ട്ടി പത്രത്തില്‍ അച്ചടിച്ചു വന്ന ദിവസം തന്നെയാണ് വിഎസിന്റെ പ്രസംഗമെന്നതും ശ്രദ്ധേയമായി.

ജ്യോതിബസുവിന്റെ പ്രസംഗം മലയാള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയിലല്ല ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്നെപ്പോലെ മുതിര്‍ന്ന ഒരു പൊളിറ്റ് ബ്യൂറോ മെമ്പറുടെ പേരില്‍ ആരോപിക്കപ്പെട്ട വാര്‍ത്ത ശരിയാണോ എന്ന് പരിശോധിക്കാനുളള മര്യാദ പോലും കാണിക്കാതെയാണ് ബസുവിനെതിരെ വിഎസ് ആഞ്ഞടിച്ചത്.

സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങളില്‍ കനത്ത തിരിച്ചടിയാണ് വിഎസ് പക്ഷം നേരിടുന്നത്. നെടുങ്കോട്ടയെന്ന് കരുതിയിരുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി വന്‍ ഭൂരിപക്ഷത്തോടെയാണ് ഔദ്യോഗിക പക്ഷം നേടിയത്. അതിന് പ്രതികാരം ചെയ്യാന്‍ സ്വന്തം തട്ടകമായ എറണാകുളത്ത് പടയൊരുക്കാനുളള ആഹ്വാനമായിരുന്നു വിഎസിന്റെ വിവാദ പ്രസംഗം.

എറണാകുളം, കണ്ണൂര്‍, കൊല്ലം സമ്മേളനങ്ങളാണ് ഇനി അവശേഷിക്കുന്നത്. അതില്‍ കണ്ണൂര്‍ ഔദ്യോഗിക പക്ഷം തൂത്തുവാരുമെന്ന് ഉറപ്പാണ്. എറണാകുളത്തും കൊല്ലത്തും വിഎസ് പക്ഷത്തു പിളര്‍പ്പുണ്ടാക്കി നേട്ടമുണ്ടാക്കാനാവുമോ എന്നാണ് ഔദ്യോഗിക പക്ഷം ശ്രമിക്കുന്നത്. എസ് ശര്‍മ്മയ്ക്കു പകരം ഗോപി കോട്ടമുറിക്കലിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താമെന്ന ചൂണ്ട അവര്‍ എറിഞ്ഞിട്ടുണ്ട്.

കൊല്ലത്തും നിലവിലുളള ജില്ലാ കമ്മിറ്റി വിഎസ് പക്ഷത്തിന് അനുകൂലമാണ്. സെക്രട്ടറി പക്ഷേ പിണറായി ഗ്രൂപ്പുകാരനും. തിരുവനന്തപുരത്തെ അനുഭവത്തിന് പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് കൊല്ലത്തെ വിഎസ് പക്ഷം.

ഈ സാഹചര്യത്തിലാണ് പൊളിറ്റ് ബ്യൂറോയില്‍ അച്യുതാനന്ദന്‍ പക്ഷത്തിന്റെ നിലപാടുകള്‍ക്ക് എന്നും പിന്തുണ നല്‍കിയിട്ടുളള ജ്യോതിബാസുവിനെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വിഎസ് രൂക്ഷമായി വിമര്‍ശിച്ചത്. വിഎസിന്റെ നടപടി അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഔദ്യോഗിക പക്ഷം ശ്രമം തുടങ്ങിക്കഴി‍ഞ്ഞു.

പിബിയില്‍ ബംഗാള്‍ ലോബി അച്യുതാനന്ദനെ കൈവിട്ടാല്‍ പിന്നെ അദ്ദേഹത്തിനെ പിന്തുണയ്ക്കാന്‍ അവിടെ മറ്റാരുമില്ലെന്ന അവസ്ഥയുണ്ടാവും. ഈ അവസ്ഥ മുതലെടുത്ത് വിഎസിന്റെ അണികളെ കൂറുമാറാന്‍ പ്രേരിപ്പിക്കുകയാണ് ഔദ്യോഗിക പക്ഷം.

പാര്‍ട്ടിയില്‍ ഔദ്യോഗിക പക്ഷത്തിന്റെ മൃഗീയ ആധിപത്യം തുടരുമ്പോള്‍ വിഎസിനെ വിശ്വസിച്ച് ഒപ്പം നിന്നാല്‍ രാഷ്ട്രീയ ഭാവി ഇരുളിലാകുമെന്ന തോന്നല്‍ ആ പക്ഷത്തെ പ്രമുഖരില്‍ ഉടലെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ വിഎസിന്റെ അമിതാവേശം അദ്ദേഹത്തിന് വിനയാവാന്‍ സാധ്യതയുണ്ട്.



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+