നിധികിട്ടാന്‍ സ്‌ത്രീകളെ കൊലചെയ്‌ത സംഘം അറസ്റ്റില്‍
ബാംഗ്ലൂര്‍: നിധി കണ്ടെത്താനായി രണ്ടു സ്‌ത്രീകളെ കൊന്നു ബലിനല്‍കിയ അഞ്ചംഗസംഘത്തെ ബാംഗ്ലൂര്‍ പൊലീസ് അറസ്റ്റുചെയ്‌തു.
കൊലയുടെ സൂത്രധാരനായ നാഗമംഗല സ്വദേശിയായ രവീന്ദ്ര(24), ദസറഹള്ളിയിലെ മോഹന്‍(20) ചാമരാജ് നഗറിലെ ശേഖര്‍(20), ചന്ദ്രശേഖര്‍(19) എന്നിവരാണ് അറസ്‌റ്റിലായത്.
ജ്യോത്സ്യനാണെന്ന് പറഞ്ഞ് മന്ത്രവാദങ്ങള്‍ നടത്തുന്നയാളാണ് രവീന്ദ്ര. നദിക്കരയില്‍ സ്‌ത്രീകളെ കൊണ്ടുപോയി പൂജനടത്തി ബലികൊടുത്താല്‍ നിധികിട്ടുമെന്ന് തനിയ്‌ക്ക് വെളിപാടുണ്ടായെന്ന് പറഞ്ഞാണ് ഇയാള്‍ കൊല നടത്തിയത്. ഇജിപുര സ്വദേശികളായ എലിസബത്ത്, അരുണ എന്നിവരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.
ഡിസംബര്‍ 25ന് കത്രിക്കുപ്പയ്‌ക്കടുത്തുള്ള വീരവൈഷ്‌ണവി നദിക്കരയില്‍ പൂജയ്‌ക്കായി കിടത്തിയശേഷം തലയ്‌ക്കടിച്ചാണ് അരുണയെ കൊന്നത്. പിന്നീട് 27ന് മധൂരിലെ ഷിംപ നദിക്കരയിലാണ് ഇതേനീരതിയില്‍ എലിസബത്തിനെയും കൊല്ലുകയായിരുന്നു. കൊല നടത്തിയശേഷം സ്‌ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഇവര്‍ കൈക്കലാക്കുകയും ചെയ്‌തിരുന്നുവത്രേ.
എലിസബത്തും അരുണയും ചന്ദ്രശേഖറിന്റെ പരിചയക്കാരായിരുന്നു. രവീന്ദ്ര നടത്തുന്ന പൂജയിലൂടെ തങ്ങള്‍ക്ക് നല്ല ഭാവികൈവരുമെന്ന് ശേഖര്‍ ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും പൂജയ്‌ക്കു കൊണ്ടുവരുകയുമായിരുന്നു.
ഈ സംഘം ഇനിയും സ്‌ത്രീകളെ ലക്ഷ്യം വച്ച് കരുനീക്കം നടത്തുന്നുണ്ടെന്നാണ് സൂചനയെന്നും. എന്നാല്‍ പ്രതികളില്‍ നിന്നും ഇതുസംബന്ധിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications