മന്ത്രി കൈക്കൂലി വാങ്ങിയെന്ന് ലോകബാങ്ക്
ഭുവനേശ്വര്‍: ലോക ബാങ്ക് സഹായത്തോടെയുള്ള ആരോഗ്യ പദ്ധതി നടപ്പാക്കുന്നതിന് ഒറീസ മുന്‍ ആരോഗ്യമന്ത്രി കൈക്കൂലി വാങ്ങിയെന്ന് ലോകബാങ്ക്.
ഒറീസയില്‍ ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ആരോഗ്യ പദ്ധതിയായ എച്ച്‌എസ്‌ഡിപിയ്‌ക്കുള്ള 25 ലക്ഷത്തിന്റെ ബില്‍ പാസാക്കുന്നതിനാണ് അഞ്ചു ലക്ഷം രൂപ മന്ത്രി കൈക്കൂലി വാങ്ങിയതെന്നാണ് ആരോപണം. 2005 ജൂലായിലാണ് ഇതു നടന്നതെന്ന് ബാങ്ക് സര്‍ക്കാരിനെ അറിയിച്ചു.
ലോക ബാങ്കിന്റെ പ്രതിനിധികളായ അഞ്ചംഗ സംഘം ഒറീസ ചീഫ് സെക്രട്ടറി അജിത് ത്രിപാഠിയെ നേരില്‍ക്കണ്ടാണ് ഇക്കാര്യം അറിയിച്ചത്. ബിജയ് ശ്രീ റൗത്രേയായിരുന്നു അപ്പോഴത്തെ ആരോഗ്യ മന്ത്രി. ഇപ്പോഴദ്ദേഹം മന്ത്രിയല്ല.
415 കോടി രൂപ ചെലവായ ആരോഗ്യ പദ്ധതിയില്‍ സംസ്ഥാനത്തെ ഒരു മന്ത്രി കൈക്കൂലി വാങ്ങിയെന്ന് ജനുവരി 11ന് ലോക ബാങ്ക് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.
ഇതു കൂടാതെ 1997 മുതല്‍ 2006 വരെ നീണ്ടു നിന്ന പദ്ധതിക്കാലയളവില്‍ വന്‍തോതില്‍ അഴിമതി നടന്നുവെന്നും പ്രസ്‌താവനയിലുണ്ട്.
ബാങ്കിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ ലോക ബാങ്കിനോട് ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി വാങ്ങിയത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. എന്നാല്‍ താന്‍ കൈക്കൂലി വാങ്ങിയെന്ന ലോകബാങ്ക് ആരോപണത്തെ റൗത്ര നിഷേധിച്ചു. തനിയ്‌ക്കാരും കൈക്കൂലി തന്നിട്ടില്ലെന്ന അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications