എച്ച്എംടി ഭൂമിയിടപാട് ചീഫ് സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: വിവാദമായ എച്ച്എംടി ഭൂമിയിടപാടിനെക്കുറിച്ച് ചീഫ് സെക്രട്ടറി പി.ജെ തോമസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അന്വേഷിക്കും.
ഐടി, റവന്യൂ, വ്യവസായം, രജിസ്ട്രേഷന്‍, നിയമം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇടപാട് സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച് ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഒരാഴ്‌ച കാലതാമസം എടുക്കുന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട. ഭൂമി പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല. അന്യാധീനപ്പെട്ട നിലങ്ങള്‍ സര്‍ക്കാര്‍ ഒന്നൊന്നായി തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ബുദ്ധിമുട്ടുള്ളവരാണ് പ്രശ്‌നമുണ്ടാക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ തുടരുകതന്നെ ചെയ്യും- അദ്ദേഹം ഉറപ്പുനല്‍കി.
എച്ച്എംടിയുടെ കൈവശമുള്ള 70 ഏക്കര്‍ ഭൂമി മുംബൈയിലെ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് വിറ്റതാണ് വിവാദമായത്. എഴുന്നൂറ് കോടി രൂപയോളം വില വരുന്ന ഭൂമി 91 കോടി രൂപയ്ക്കാണ് വിറ്റത്. പോക്കുവരവ് റദ്ദാക്കി എച്ച് എംടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായില്ല.
എച്ച്എംടി ഭൂമി ഏറ്റെടുക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഇതുവരെയുണ്ടായ നടപടികളെല്ലാം നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നതിന് തുല്യമാകും. അതിനാല്‍ ഈ ഇടപാട് നിമയപ്രകാരമാണെന്ന് നിലപാടില്‍ത്തന്നെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നാണ് സൂചന.












Click it and Unblock the Notifications