മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു
തിരുവനന്തപുരം : എച്ച്എംടി ഭൂമിയുടെ പോക്ക് വരവ് നടപടികള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷം തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കത്ത് നല്‍കിയതിന് തെളിവ്.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ ഫെബ്രുവരി് 10ന് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് പ്രതിനിധി ബി കെ മാഥൂറാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കത്ത് കൈമാറിയത്. എച്ച്എംടി ഭൂമി ബ്ലൂസ്റ്റാര്‍ വാങ്ങിയെന്നും അതിന്മേലുളള പോക്കുവരവ് നടപടികള്‍ റവന്യൂവകുപ്പ് തടഞ്ഞിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ഈ കത്ത് തെളിയിക്കുന്നു.
ഈ കൂടിക്കാഴ്ചയെ തുടര്‍ന്ന് മെയ് മൂന്നിന് റവന്യൂ മന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഈ കത്തില്‍ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 10ന് മുഖ്യമന്ത്രിക്ക് ലഭിച്ച കത്ത് മെയ് മൂന്നുവരെ യാതൊരു നടപടിയുമില്ലാതെ അദ്ദേഹത്തിന്റെ ഓഫീസില്‍ കിടന്നു.
മെയ് മൂന്നിനാണ് ഈ കത്ത് തുടര്‍നടപടികള്‍ക്കായി വ്യവസായ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ് കൈമാറിയത്. സൈബര്‍ സിറ്റിയുടെ വിശദാംശങ്ങള്‍ വളരെ വിശദമായി പ്രതിപാദിക്കുന്ന ഈ കത്ത് കിട്ടിയിട്ടും താനും തന്റെ വകുപ്പും ഒന്നും അറിഞ്ഞില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
സൈബര്‍ സിറ്റി വിവാദം പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പിലെ മന്ത്രിയെ ലക്ഷ്യമാക്കി വിഎസ് ഉപയോഗിക്കുകയായിരുന്നു എന്ന് സിപിഎമ്മിനും ബോധ്യമായിട്ടുണ്ട്. സംസ്ഥാന സമ്മേളനം തുടങ്ങാനിരിക്കെ വിഎസിന്റെ ഈ അതിരുവിട്ട കളി സിപിഎം നേതൃത്വം അത്യന്തം ഗൗരവത്തോടെയാണ് കാണുന്നത്.












Click it and Unblock the Notifications