ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരസിച്ചതിന് 10 ലക്ഷം രൂപ പിഴ
ദില്ലി: അഭിഭാഷകവൃത്തിയാണ് ജോലിയെന്ന കാരണത്താല്‍ ക്രെഡിറ്റ് കാര്‍ഡിനുള്ള അപേക്ഷ നിരസിച്ചതിന്റെ പേരില്‍ ഐസിഐസിഐ ബാങ്കിന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ 10 ലക്ഷം രൂപ പിഴ ചുമത്തി.
ക്രെഡിറ്റ് കാര്‍ഡിനുള്ള അപേക്ഷ നല്‍കിയ ദില്ലി സ്വദേശി നിവേദിത ശര്‍മയ്ക്ക് മാനസിക പീഡനം അനുഭവിക്കേണ്ടി വന്നതിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കമ്മിഷന്‍ ഉത്തരവിട്ടു. നിവേദിതയുടെ പരാതിയിന്മേലാണ് കമ്മിഷന്റെ നടപടി.
ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് നിവേദിതയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ ക്രെഡിറ്റ് കാര്‍ഡിനുള്ള അപേക്ഷ നല്‍കിയത്. ആവശ്യമായ രേഖകള്‍ സഹിതം നല്‍കിയ നിവേദിതയുടെ അപേക്ഷ തള്ളുകയും അത് തിരിച്ചയക്കുകയും ചെയ്തു. അപേക്ഷ തള്ളിയതിന് കാരണമായി എഴുതിയിരുന്നത് 'ഡെസിഗ്നേഷന്‍-നെഗറ്റീവ് പ്രൊഫൈല്‍' എന്നാണ്. ഇതേ തുടര്‍ന്നാണ് നിവേദിത ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
അഭിഭാഷകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കില്ലെന്നത് ബാങ്കിന്റെ നയമല്ലെന്നും ഇത് ഈ അപേക്ഷയില്‍ മാത്രമുള്ള തീരുമാനമാണെന്നുമാണ് ബാങ്ക് വാദിച്ചത്. എന്നാല്‍ ഈ വാദം കമ്മിഷന്‍ സ്വീകരിച്ചില്ല.
അപേക്ഷ നിരസിച്ചതിന് കാരണമായെഴുതിയ കുറിപ്പില്‍ ഡെസിഗ്നേഷന്‍- നെഗറ്റീവ് പ്രൊഫൈല്‍ എന്നെഴുതിയത് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ ബാങ്കിന് പിഴ ചുമത്തിയത്. നിയമപ്രകാരമുള്ള ഒരു ജോലിയും നെഗറ്റീവ് പ്രൊഫൈലല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.












Click it and Unblock the Notifications