എച്ച്എംടി ഭൂമി ഇടപാട്: സര്‍ക്കാര്‍ കുരുക്കില്‍
തിരുവനന്തപുരം: എച്ച്എംടി ഭൂമി തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരുക്കിലായി. ഫിബ്രവരി 15ന് മന്ത്രിസഭായോഗത്തിലാണ് സമിതിയുടെ ശുപാര്‍ശ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.
എച്ച് എം ടി ഭൂമി വില്പന നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനു നല്‍കിയിരിക്കുന്നത്. ബ്ലൂ സ്റ്റാര്‍ റിയല്‍സ്റ്റേഴ്സിന് എച്ച്എംടി വിറ്റ 70 ഏക്കര്‍ ഭൂമിയുടെ പോക്ക് വരവ് റദ്ദാക്കാനാണ് ശുപാര്‍ശ. ഭൂപരിഷ്കരണ നിയമപ്രകാരം നൂറ് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. എച്ച്എംടിക്ക് വില്‍ക്കാന്‍ അവകാശമില്ലാത്ത ഭൂമിയാണിതെന്നും രജിസ്ട്രേഷന്‍ നിലനില്‍ക്കുന്നതല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇതുവരെ ഭൂമി ഇടപാടിനെ ന്യായീകരിച്ചുപോന്ന വ്യവസായമന്ത്രി എളമരം കരീമും റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനുമാണ് ഇതോടെ കുരുക്കിലായിരിക്കുന്നത്. ഇടപാട് നിയമവിരുദ്ധമാണെന്ന് സമിതി കണ്ടെത്തിയതോടെ കരീമിനും രാജേന്ദ്രനും തങ്ങളുടെ വാദങ്ങള്‍ വിഴുങ്ങേണ്ട അവസ്ഥയിലാണ്. നിയമവിരുദ്ധമായ ഇടപാടിന്റെ ധാര്‍മിക ഉത്തരവാദിത്തം ഇവര്‍ക്ക് ഏറ്റെടുക്കേണ്ടിവരും.
റിപ്പോര്‍ട്ടിന്മേല്‍ മന്ത്രിസഭായോഗം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനിയറിയേണ്ടത്. റിപ്പോര്‍ട്ടിന് അനുകൂലമായി നടപടിയെടുത്താല്‍ അത് രണ്ട് മന്ത്രിമാരുടെയും തെറ്റുകള്‍ സമ്മതിക്കുന്നതിന് തുല്യമാവും. റിപ്പോര്‍ട്ടില്‍ ഇടപാടിലെ നിയമവിരുദ്ധത സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുന്നതിനാല്‍ മന്ത്രിമാരെ ന്യായീകരിക്കുന്ന നടപടി സര്‍ക്കാരിന് സ്വീകരിക്കാനുമാവില്ല.
ഭൂമി വില്പന സംബന്ധിച്ച കേസ് ഫിബ്രവരി 18നാണ് കോടതി പരിഗണിക്കുന്നത്. അതിനു മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എച്ച്എംടിയോടും റിയല്‍സ്റ്റേഴ്സിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുമ്പ് സര്‍ക്കാരിന് നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.












Click it and Unblock the Notifications