"ന്യായമായ നഷ്ടപരിഹാരം നല്‍കൂ ....."
കൊച്ചി : ന്യായമായ നഷ്ടപരിഹാരം ലഭിച്ചാല്‍ തങ്ങള്‍ സമരം മതിയാക്കുമെന്ന് വല്ലാര്‍പാടം സമരസമിതി.
വികസനത്തിന്റെ പേരില്‍ കിട്ടുന്ന 55000 രൂപയ്ക്ക് വീടൊഴിഞ്ഞു പോകാന്‍ തങ്ങള്‍ തയ്യാറാവുമെന്ന് ആരും കരുതേണ്ടെന്നും അവര്‍ പറയുന്നു. ന്യായമായ പുനരധിവാസമെന്ന ആവശ്യത്തിന് കാതുകൊടുക്കാതെ ഒളിച്ചുകളി തുടരുകയാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും.
വന്‍വികസനപദ്ധതികളുടെ കാതടപ്പിക്കുന്ന പെരുമ്പറ മുഴങ്ങുന്ന കൊച്ചിയില്‍ ഭൂമി വില മാനംമുട്ടെ കുതിച്ചുയരുകയാണ്. സെന്റിന് അഞ്ചുലക്ഷം വരെ വില ലഭിക്കുന്ന സ്ഥലത്താണ് സര്‍ക്കാര്‍ 55000 രൂപ നക്കാപ്പിച്ച നല്‍കുന്നത്. ഈ തുക കൊണ്ട് തങ്ങള്‍ എവിടെ ഭൂമി വാങ്ങി വീടുവെച്ച് കഴിയുമെന്ന ചോദ്യം ആര്‍ക്കും അവഗണിക്കാനാവില്ല.
പദ്ധതിയുടെ പേരില്‍ ഇനിയും 180 കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണി നേരിടുകയാണ്. ഭരണ പ്രതിപക്ഷത്തുളള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഈ പ്രശ്നം കൈയൊഴിഞ്ഞു. സോളിഡാരിറ്റി, എസ്‍യുസിഐ മുതലായ തീവ്രവാദ സംഘടനകളാണ് ഇപ്പോള്‍ സമരത്തിന് പിന്തുണ നല്‍കുന്നത്.
വല്ലാര്‍പാടം നാലുവരിപ്പാത ആദ്യം ടാറ്റാപുരം വഴിയാണത്രേ ആലോചിച്ചിരുന്നത്. എന്നാല്‍ ടാറ്റയുടെ കൈവശമിരിക്കുന്ന ഭൂമി വിട്ടുനല്‍കില്ലെന്ന നിലപാട് കമ്പനി സ്വീകരിച്ചപ്പോഴാണ് മുല്ലമ്പളളിയിലെ കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പുതിയ വഴി ജനിച്ചത്. എറണാകുളത്തു നിന്നുളള രാജ്യസഭാ എംപിയും സ്ഥലം എംപിയും ചേര്‍ന്നാണത്രേ പുതിയ വഴി തിരഞ്ഞെടുത്തത്.
പ്രശ്നം വഷളാക്കാതെ എത്രയും വേഗം പരിഹരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 13നകം മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാണ് സര്‍ക്കാരിന് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 14ന് വീണ്ടും കേസ് പരിഗണനയ്ക്ക് വരുന്നുണ്ട്.












Click it and Unblock the Notifications