കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഭാഗീയത അവസാനിച്ചുവെന്ന്‌ പിണറായിയും കാരാട്ടും

  • By Staff
Google Oneindia Malayalam News

കോട്ടയം: പാര്‍ട്ടിയിലുണ്ടായിരുന്ന വിഭാഗീയത അവസാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അവകാശപ്പെട്ടു.

ഇനിയും ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും രോഗം വന്ന ഭാഗം മുറിച്ചുമാറ്റേണ്ടിവരുമെന്നും ഇരുനേതാക്കളും മുന്നറിയിപ്പ്‌ നല്‍കി.

വിഭാഗീയത അര്‍ബുദമാണ്‌. അതിന്‌ ചികിത്സ അത്യാവശ്യമാണ്‌. സാവധാനമുള്ള ചികിത്സ ഫലം കണ്ടു. വിഭാഗീയതയ്‌ക്കെതിരെ കേന്ദ്രനേതൃത്വം ശക്തമായി പ്രതികരിയ്‌ക്കും. മലപ്പുറം സമ്മേളനത്തില്‍ 12 പേരുടെ എതിര്‍ പാനല്‍ മത്സരിച്ചത്‌ വിഭാഗീയതയായിരുന്നു. ആ വിഭാഗീയതയെ അത്ര ഗൗരവത്തോടെയല്ല കേന്ദ്ര നേതൃത്വം കണ്ടത്‌.

മത്സരിച്ചവര്‍ക്ക്‌ തെറ്റുതിരുത്താന്‍ കേന്ദ്ര നേതൃത്വം അവസരം നല്‍കി. ഗൗരവത്തോടെ ഇതിനെ കണ്ടിരുന്നുവെന്നില്‍ വിഭീഗീയത കൂടുമായിരുന്നു. മലപ്പുറത്ത്‌ ബദല്‍ പാനല്‍ മത്സരിച്ചവരെ പുറത്താക്കാതിരുന്നതിനെതിരെ ചര്‍ച്ചയിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയായാണ്‌ കാരാട്ട്‌ ഇത്‌ പറഞ്ഞത്‌.

പാര്‍ലമെന്ററി വ്യാമോഹമാണ്‌ വിഭാഗീയതയ്‌ക്ക്‌ കാരണമാകുന്നത്‌. ഇക്കാര്യം ഇഎംഎസ്‌ നമ്പൂതിരിപ്പാടും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പ്രതിപക്ഷ നേതാവായിരിക്കേ വി.എസ്‌ അച്യുതാനന്ദന്‍ മുന്‍കയ്യെടുത്ത്‌ നടത്തിയ സമരങ്ങളോടും പ്രവര്‍ത്തനങ്ങളോടും ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മതിപ്പുണ്ടായിരുന്നു.

പൊതുജനാഭിലാഷവും പാര്‍ട്ടിപ്രവര്‍ത്തകരുടെ അഭിപ്രായവും മാനിച്ചാണ്‌ വി.എസ്‌ അച്യുതാനന്ദനെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കിയത്‌. ഇക്കാര്യത്തില്‍ വി.എസിന്റെ ആഗ്രഹമല്ല പൊളിറ്റ്‌ ബ്യൂറോയുടെ മുന്നില്‍ വന്നത്‌. ആ പ്രചാരണം തെറ്റാണ്‌. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ടിരുന്നു- കാരാട്ട്‌ പറഞ്ഞു.

ഒമ്പതരമണിക്കൂര്‍ നീണ്ടുനിന്ന പ്രതിനിധി ചര്‍ച്ചയ്‌ക്കുളേഷം വൈകീട്ട്‌ അഞ്ചിനാണ്‌ പിണറായിയും പിന്നീട്‌ കാരാട്ടും പ്രതിനിധികളുടെ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കിയത്‌.

പാര്‍ട്ടിയും സര്‍ക്കാറും ഇനി ഏകശിലാ രൂപത്തില്‍ മുന്നോട്ടുപോകുമെന്ന്‌ പിണറായി വ്യക്തമാക്കി. വിഭീഗീയതയെന്ന സാധനം ഇതോടെ അവസാനിക്കും. അവസാനിപ്പിക്കണം. സര്‍ക്കാറിന്‌ കൂട്ടുത്തരവാദിത്തമില്ലെന്ന പരാതിയുണ്ട്‌ അത്‌ പരിഹരിക്കും വി.എസിന്റെ നേതൃത്വത്തില്‍ത്തന്നെ സര്‍ക്കാര്‍ മുന്നോട്ടുപോകും- പിണറായി പറഞ്ഞു.

അച്യുതാനന്ദന്‌ അനുകൂലമായും ഔദ്യോഗിക നേതൃത്വത്തിനെതിരെയും വാദങ്ങളുന്നയിച്ച ചില പ്രതിനിധികള്‍ക്കെതിരെ പിണറായി ശബ്ദമുയര്‍ത്തി. പൊളിറ്റ്‌ബ്യുറോയ്‌ക്കെതിരെ നടന്ന വിമര്‍ശനങ്ങളെയും പിണറായി പ്രതിരോധിച്ചു. കേരളഘടകത്തിലെ വിഭാഗീയത പരിഹരിക്കാനുള്ള തീവ്രശ്രമമാണ്‌ പിബി നടത്തുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X