കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയരഥത്തില്‍ വീണ്ടും പിണറായി

  • By Staff
Google Oneindia Malayalam News

കോട്ടയം : സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി 11 പേരെ ഉള്‍പ്പെടുത്തിയ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു.

85 അംഗ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് 84 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരാളെ പിന്നീട് നാമനിര്‍ദ്ദേശം ചെയ്യും. പുതിയ സംസ്ഥാന കമ്മിറ്റി പൊളിറ്റ് ബ്യൂറോ അംഗം വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് പിണറായി വിജയനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

സംസ്ഥാന കമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെട്ടവര്‍ ഇവരാണ്. കടകംപളളി സുരേന്ദ്രന്‍, കെ വരദരാജന്‍, പി സതീദേവി, ടി.എന്‍ സീമ, ഐ.വി ദാസ്, ടി.കെ ഹംസ, കെ.കെ ഷൈലജ, പി.ശ്രീരാമകൃഷ്ണന്‍, കെ.കെ രാഗേഷ്, സി.കെ ശശീന്ദ്രന്‍, ബേബി ജോണ്‍, യു.പി ജോസഫ്.

ഇതില്‍ വയനാട് ജില്ലാ സെക്രട്ടറിയായ സി കെ ശശീന്ദ്രന്‍ മാത്രമാണ് വി എസ് പക്ഷത്തുളളത്.

അനാരോഗ്യവും പ്രായാധിക്യവും മൂലം ചിലരെ ഒഴിവാക്കിയിട്ടുണ്ട്. കെ. മോഹനന്‍, കെ. പത്മനാഭന്‍, പേരൂര്‍ക്കട സദാശിവന്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. നിലവിലുളള കമ്മിറ്റിയില്‍ നിന്ന് വിഎസ് പക്ഷത്തുളള ആരെയും ഒഴിവാക്കിയില്ല എന്നതും പാനലിന്റെ പ്രത്യേകതയായി.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി നടത്തിയ പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു. വിഭാഗീയതയുടെ തരിപോലും ഇനി പാര്‍ട്ടിയില്‍ അവശേഷിക്കില്ലെന്നായിരുന്ന ആ പ്രഖ്യാപനത്തില്‍ സമ്മേളനത്തിന്റെ മുഴുവന്‍ അന്തസത്തയും ഉണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു. എതിര്‍വിഭാഗത്തിന്റെ മേല്‍ സമ്പൂര്‍ണ ആധിപത്യം നേടിയാണ് പിണറായി വിജയന്‍ മൂന്നാം വട്ടം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകുന്നത്.

ഭരണത്തിന്റെ മേല്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ നിയന്ത്രണം എന്ന ഔദ്യോഗിക വിഭാഗത്തിന്റെ ആവശ്യത്തിന് പൊളിറ്റ് ബ്യൂറോയുടെ അംഗീകാരം നേടാനും അവര്‍ക്കായിട്ടുണ്ട്. വിജയാരവങ്ങളോടെ പിണറായി വിജയനും വിഭാഗവും കോട്ടയത്തു നിന്നും എകെജി സെന്ററിലേയ്ക്ക് മടങ്ങുമ്പോള്‍ വി എസ് പക്ഷത്തിന് ആശ്വസിക്കാനൊന്നുമില്ല. എന്നാല്‍ അപ്രതീക്ഷിതമായ ഒരു വെടിയ്ക്കുളള മരുന്ന് എപ്പോഴും കരുതി വെയ്ക്കുന്ന വിഎസിലാണ് അദ്ദേഹത്തിന്റെ അനുയായികളുടെ അവസാന പ്രതീക്ഷ.

സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനം മറികടന്ന് തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ സുരേഷ് കുമാറിന് സ്ഥാനക്കയറ്റം നല്‍കാനുളള തീരുമാനം മുഖ്യമന്ത്രിയെടുത്തത് പാര്‍ട്ടി സമ്മേളനത്തിന്റെ മൂര്‍ദ്ധന്യത്തിലാണ്. ഒന്നുകില്‍ ഇനിയും ഏറ്റുമുട്ടാന്‍ തന്നെയാണ് വിഎസിന്റെ ഭാവം. അല്ലെങ്കില്‍, താനിറങ്ങും മുന്നേ, തന്റെ വിശ്വസ്തനായി നിന്ന ഒരുദ്യോഗസ്ഥനെ സംരക്ഷിക്കാനുളള തീരുമാനം.

രണ്ടായാലും രഥം ഉരുളുന്നത് പഴയ വഴിയേ തന്നെയാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X