Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്എംടി വിവാദത്തിന്റെ കളം മാറുന്നു

തിരുവനന്തപുരം : ഏറെക്കാലം കേരളത്തിലെ മാധ്യമങ്ങളുടെ ഒന്നാം പുറമലങ്കരിച്ച എച്ച്എംടി വിവാദത്തിന്റെ കളം മാറുന്നു. സംസ്ഥാനത്തിന്റെ സ്വൈര്യം കെടുത്തിയ ഈ വിവാദത്തില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ പിന്മാറിയതോടെ തര്‍ക്കം സിപിഎം സിപിഐ പാര്‍ട്ടികള്‍ തമ്മിലായി. കൊട്ടിഘോഷിച്ച ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തളളി വിഷയം നിയമ പരിഗണനയ്ക്കും ഇടതുമുന്നണിയുടെ തീര്‍പ്പിനും വിടാനുളള തീരുമാനം കഴിഞ്ഞ ദിവസം മന്ത്രിസഭ എടുത്തു.

ഭൂമി വില്‍പന സംബന്ധിച്ച കേസില്‍ എച്ച്എംടിയും ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വിവാദസൃഷ്ടാക്കളുടെ എല്ലാ വാദങ്ങളും തകര്‍ന്നു വീഴുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തങ്ങള്‍ ഭൂമി വിറ്റതെന്നും വില്‍ക്കാന്‍ പൂര്‍ണമായ അവകാശമുളള ഭൂമിയാണ് അതെന്നും എച്ച്എംടി വാദിക്കുന്നു. ഭൂമി പോക്കുവരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും തങ്ങള്‍ ഒന്നിലേറെ തവണ നേരില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ബ്ലൂസ്റ്റാറും വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ തകര്‍ന്നുപോയത് മുഖ്യമന്ത്രിയുടെ നിലപാടുകളാണ്. ഭൂമിയിടപാടിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് നടിച്ചിരുന്ന വിഎസിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ബ്ലൂസ്റ്റാര്‍ പ്രതിനിധികള്‍ നേരില്‍ കണ്ടതിന് തെളിവ് പുറത്തുവന്നിരുന്നു. ഇതേകാര്യം ബ്ലൂ സ്റ്റാര്‍ ഇപ്പോള്‍ ഹൈക്കോടതിയിലും വെളിപ്പെടുത്തി.

കമ്പനിക്ക് അവകാശപ്പെട്ട ഭൂമിയാണ് വിറ്റതെന്ന് എച്ച്എംടി ജനറല്‍ മാനേജര്‍ എംസി പൂക്കോയ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2001 മുതല്‍ ഭൂമി വില്‍പനയുടെ പരസ്യം പ്രാദേശിക പത്രങ്ങളില്‍ നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലം പറയുന്നു.

മലയാള മനോരമയില്‍ രണ്ടു തവണയും മാതൃഭൂമിയിലും ദി ഹിന്ദുവിലും ഓരോ തവണയും പരസ്യം ചെയ്തിട്ട് അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നും ഇതുമൂലമാണ് മുംബെയിലെ രണ്ട് ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്തതെന്നും കമ്പനി വിശദീകരിക്കുന്നു. പ്രസ്തുത പരസ്യം കണ്ട് 11 പേര്‍ എച്ച്എംടിയെ സമീപിച്ചിരുന്നു. അതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച വിലയെക്കാള്‍ ഉയര്‍ന്ന വില നല്‍കിയ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സുമായി കരാര്‍ ഉറപ്പിക്കുകയായിരുന്നുവെന്നും സത്യവാങ്മൂലം പറയുന്നു.

ക്രയവിക്രയം നടത്താനും അവകാശികള്‍ക്ക് കൈമാറാനും പൂര്‍ണാധികാരത്തോടെയാണ് 1972 നവംബര്‍ 20 സര്‍ക്കാര്‍ 781.19 ഏക്കര്‍ സ്ഥലത്തിന് പട്ടയം നല്‍കിയത്. കേന്ദ്രകമ്പനിയായ എച്ച്എംടിയ്ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുമ്പോള്‍ ഭൂപരിഷ്കരണനിയമത്തില്‍ നിന്നും നിരുപാധികം ഇളവ് ലഭിക്കേണ്ടതാണ്. 100 ഏക്കറിന് ഇപ്രകാരം ഇളവ് ലഭിച്ചിട്ടുണ്ട്.

സംയുക്ത വ്യവസായ സംരംഭത്തിന് എച്ച്എംടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും അത് നിരസിക്കപ്പെട്ടുവെന്നും സത്യവാങ്മൂലം വെളിപ്പെടുത്തുന്നു. സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച പദ്ധതി നിരാകരിച്ചതിന് പകരം വീട്ടാനാണ് ലാന്റ് ബോര്‍ഡിനെക്കൊണ്ട് ഭൂമി ഏറ്റെടുപ്പിച്ചതെന്നും കമ്പനി ആരോപിക്കുന്നു.

എച്ച്എംടി, ബ്ലൂസ്റ്റാര്‍ കമ്പനികളുടെ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എന്തു മറുപടിയാണ് സമര്‍പ്പിക്കുക എന്ന് കാത്തിരുന്ന് കാണാം. പഴയ സകല സര്‍ക്കാര്‍ വിജ്ഞാപനങ്ങളും റദ്ദാക്കിയിട്ടായാലും എച്ച്എംടി ഭൂമിയുടെ പോക്ക് വരവ് റദ്ദാക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുളളത്.

1972 മുതലുളള സര്‍ക്കാര്‍ നടപടികള്‍ റദ്ദാക്കിയാല്‍ മാത്രമേ ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ കഴിയൂ. സര്‍വ ക്രയവിക്രായവകാശങ്ങളും നല്‍കി 1972ല്‍ നല്‍കിയ പട്ടയവും കോടതിയ്ക്ക് പുറത്തുവെച്ച് ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലൂടെ 100 ഏക്കര്‍ എച്ച്എംടിയ്ക്ക് നല്‍കിയ സര്‍ക്കാര്‍ വിജ്ഞാപനവും റദ്ദാക്കേണ്ടതുണ്ട്. ഇതിനൊക്കെ കോടതിയില്‍ നിലനില്‍പ്പുണ്ടാവുമോ എന്നത് മറ്റൊരു ചോദ്യം.

ദുര്‍വാശിയും ദുരഭിമാനവും കൊണ്ട് വീണ്ടും സര്‍ക്കാരിനെ കേസുകളുടെ ഊരാക്കുടുക്കിലേക്ക് വലിച്ചിടുകയാണ് എച്ച്എംടി വിവാദം. സംസ്ഥാനം നല്‍കിയ ഭൂമി എച്ച്എംടി വിറ്റതില്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അത് അറിയിക്കേണ്ടത് കേന്ദ്രസര്‍ക്കാരിനെയാണെന്ന് വിവേകശാലികള്‍ ഈ വിവാദം തുടങ്ങിയ കാലത്തു തന്നെ ഉപദേശിച്ചിരുന്നു. എന്നാല്‍ അതെല്ലാം തളളിക്കളഞ്ഞാണ് മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ എച്ച്എംടി ഭൂമി വിവാദം കേരളത്തില്‍ അരങ്ങേറിയത്. സിപിഎം നേതൃത്വത്തിന്റെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും കളം മാറ്റിയതോടെ ഇപ്പോള്‍ പോര് സിപിഎമ്മും സിപിഐയും തമ്മിലായി.

അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിന്റെ നിയമോപദേശവും കമ്പനിയുടെയും ബ്ലൂസ്റ്റാറിന്റെയും അവകാശ വാദങ്ങളെ ശരിവെയ്ക്കും വിധമാണ്. കളമശേരിയിലെ 100 ഏക്കര്‍ ഭൂമി വിറ്റത് നിയമത്തിന്റെ കണ്ണില്‍ ശരിയാണെന്ന് എജി നിയമോപദേശം നല്‍കി.

സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമി കമ്പനികള്‍ മറ്റാവശ്യത്തിന് വില്‍ക്കരുത് എന്ന് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് ഈ നിയമം ബാധകമാകില്ലെന്ന് കമ്പനി നിയമത്തിലെ 3(ഇ) വകുപ്പ് വിലയിരുത്തി എജി ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള എച്ച്എംടിയ്ക്ക് ഭൂമി വില്‍ക്കുന്നതില്‍ യാതൊരു നിയമതടസവും നിലനില്‍ക്കുന്നില്ല. ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സിന് 70 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുളള അനുമതി ആവശ്യമില്ല. ഈ കൈമാറ്റത്തിന് തടസമുണ്ടാക്കുന്ന ഒരു നിയമവും ഭൂമി ഇടപാട് നിയമത്തില്‍ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഇങ്ങനെയായതിനാല്‍ ഭൂമി വില്‍പന സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ ഭാഗത്തിന്റെ വാദം എന്തായിരിക്കുമെന്ന് ഉറപ്പാണ്. ഏറെക്കാലം ജനത്തിന്റെ സ്വൈര്യം കെടുത്തിയ ഒരു വിവാദം ഒന്നുമൊന്നുമാകാതെ ഒടുങ്ങുമെന്ന് ഉറപ്പാണ്. വീണ്ടും ഒരുവിവാദം അപ്പോഴേയ്ക്കും വീണുകിട്ടുമെന്ന് സ്വാഭാവികമായും ജനത്തിന് പ്രതീക്ഷിക്കാം.

















More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+