കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പാഠ്യപദ്ധതിയ്ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്കി

  • By Staff
Google Oneindia Malayalam News

കൊച്ചി: പുതുക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന് കൊച്ചിയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി അംഗീകാരം നല്കി. വിദ്യാഭ്യാസ നിലവാരത്തിലെ നഗര-ഗ്രാമ വ്യത്യാസം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയ്ക്ക് അംഗീകാരം നല്കിയിരിക്കുന്നത്.

സമിതി അധ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ക്രിയാത്മക പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതിയെന്ന് സമിതി കണ്‍വീനറും എസ്സിഇആര്‍ടി ഡയറക്ടറുമായ ഡോക്ടര് എം.എ. ഖാദര്‍ പറഞ്ഞു.

നയരേഖയനുസരിച്ചുള്ള കര്‍മപദ്ധതിക്ക് ഒരു മാസത്തിനുള്ളില്‍ രൂപം നല്‍കും. അടുത്ത അധ്യയന വര്‍ഷം പുതിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പുസ്തകങ്ങളായിരിക്കും 1, 3, 5, 7 ക്ലാസ്സുകളില്‍. മറ്റു ക്ലാസുകളിലേത് വരും വര്‍ഷങ്ങളില്‍ പരിഷ്കരിക്കും.

100 പേജില്‍ കൂടുതലുള്ള പുസ്തകങ്ങള്‍ രണ്ടു ഭാഗങ്ങളാക്കും. പുസ്തകത്തിലെ ഭാഷയും ഉദാഹരണങ്ങളും ലളിതമാക്കും. ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പാഠപുസ്തകമുണ്ടാകും. നിരന്തര മൂല്യനിര്‍ണയം എല്ലാ ഘട്ടത്തിലും നടപ്പിലാക്കും.

കൌമാര വിദ്യാഭാസത്തിനായി അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകത്തിന്റെ കരടും അംഗീകരിച്ചു. വിവാദമായ ആദ്യ പുസ്തകം അടിമുടി മാറ്റിയിട്ടുണ്ട്. കേരളീയ സംസ്കാരത്തിനനുസൃതമായി കുട്ടികളുടെ വളര്‍ച്ചയും സ്വഭാവ രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനാണിതെന്ന് എസ്.എസ്.എ. ഡയറക്ടര്‍ ഡോ. ബി. വിജയകുമാര്‍ പറഞ്ഞു.

വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ കരടിന് അന്തിമരൂപം നല്‍കൂ. ആദ്യമായാണ് ഒരു വിദ്യാഭ്യാസ രേഖ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ലൈംഗിക വിദ്യാഭ്യാസം എന്നത് കൌമാര വിദ്യാഭ്യാസമെന്നും ലിംഗ സമത്വമെന്നത് സ്ത്രീപുരുഷ സമത്വമെന്നും തിരുത്തിയിട്ടുണ്ട്. നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഒഴിവാക്കി.

സ്കൂളുകളില്‍ എല്ലാ തലങ്ങളിലും സഹ വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്നത് സഹ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്നാക്കി. പ്രീ പ്രൈമറി സമയം രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയെന്നത് ഓരോ സ്ഥലത്തും വഴക്കമുള്ള പ്രവൃത്തിസമയം എന്നാക്കിമാറ്റി.

സ്കൂള്‍ പഠനസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാം എന്നത് ഒഴിവാക്കി. ഒരു പീരിയഡ് ഒരു മണിക്കൂര്‍ ആയിരിക്കും. ഭാഷാ പഠനത്തില്‍ നിലവിലുള്ള സാഹചര്യം തുടരാനും കൂടുതല്‍ ഓപ്ഷണല്‍ കോമ്പിനേഷനുകള്‍ രൂപകല്പന ചെയ്യാനുമാണ് നിര്‍ദേശം.

ഹയര്‍ സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയും ഒരു കുടക്കീഴില്‍ എന്ന സങ്കല്പം തത്ത്വത്തില്‍ അംഗീകരിച്ചു. ബധിരര്‍ക്കുള്ള എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ബധിരര്‍ എന്നതു മാറ്റി കേള്‍വിവൈകല്യം ഉള്ളവര്‍ എന്നാക്കും. ഇവര്‍ക്ക് പരീക്ഷയില്‍ 100 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 80 മാര്‍ക്കിന്റേതിന് ഉത്തരമെഴുതിയാല്‍ മതി. 20 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായി നല്‍കും.

2006_ല്‍ തുടങ്ങിയ പാഠ്യപദ്ധതി പരിഷ്കരണം നഗരസഭ, പഞ്ചായത്ത് തലങ്ങളിലും സ്കൂള്‍ തലങ്ങളിലും വിശദമായി ചര്‍ച്ച ചെയ്താണ് അന്തിമ രൂപത്തിലാക്കിയതെന്നും ഇത്രയേറെ ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ ഇന്ത്യയിലൊരിടത്തും പാഠ്യപദ്ധതിക്കു രൂപം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X