കായിക പരിശീലകന്‍ പീഡിപ്പിക്കുന്നതായി ആരോപണം
ജലന്ധര്‍: സ്‌പോര്‍ട്‌സ് പരിശീലകന്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായികാണിച്ച് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി.
ജലന്ധറിലെ നെഹ്‌റു ഗാര്‍ഡന് ഗവണ്‍മെന്റ് ഗേള്‍സ് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ അറുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് കായിക പരിശീലകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരായ കുട്ടികളില്‍ കൂടുതല്‍പ്പേരും സ്‌കൂള്‍ ഖൊ ഖൊ ടീമിലെ അംഗങ്ങളാണ്.
പരാതിയ്‌ക്കൊപ്പം തന്നെ പരിശീലകനായ ശശി ശര്‍മ്മയ്‌ക്കെതിരെയുള്ള എല്ലാ തെളിവുകളും കുട്ടികള്‍ ഹാജരാക്കിയിട്ടുണ്ട്. ചൂഷണം അസഹനീയമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പരാതിയെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ശര്‍മ്മയെ സ്ഥലം മാറ്റുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
ബുധനാഴ്‌ച അന്വേഷണ സംഘം സ്‌കൂളിലെത്തി അധ്യാപകരോടും പരാതിക്കാരായ കുട്ടികളോടും സംസാരിച്ചു. എന്നാല്‍ താനിത്തരത്തിലൊന്നും ചെയ്‌തിട്ടില്ലെന്നാണ് ശര്‍മ്മ പറയുന്നത്. മാത്രമല്ല സംഭവത്തിന് പിന്നില്‍ വന്‍ ഗുഡാലോചന നടന്നിട്ടുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നു.
പതിനേഴ് വര്‍ഷമായി ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്‌പോര്‍ട്‌സ് പരിശീലകനായി ജോലി ചെയ്യുന്നു. മുമ്പൊരിക്കലും എനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് അടിസ്ഥാനരഹിതമാണ്-ശര്‍മ്മ പറയുന്നു.
പരാതിക്കാരായ കുട്ടികളില്‍ കൂടുതല്‍പ്പേരും പത്താം ക്ലാസ്സിന് താഴെയുള്ളവരാണ്. സ്‌പോര്‍ട്‌സ് കരിയറില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാമെന്ന്‌് പറഞ്ഞാണത്രേ ശര്‍മ കുട്ടികളെ ലൈംഗികകാര്യങ്ങള്‍ക്ക് പ്രേരിപ്പിച്ചത്.
മിക്കപ്പോഴും മദ്യപിച്ച് ഹോസ്‌റ്റലിലെത്തിയ ഇയാള്‍ കുട്ടികളെ സ്‌പര്‍ശിക്കാനും അനാശാസ്യങ്ങള്‍ നടത്താനും ശ്രമിച്ചിട്ടുണ്ടത്രേ. ഇത്തരം ശ്രമങ്ങളെ എതിര്‍ത്ത പാചകക്കാരനെ ഇയാള്‍ മര്‍ദ്ദിച്ചതായും പറയപ്പെടുന്നു.
ഫെബ്രുവരിയില്‍ ആന്ധ്രപ്രദേശില്‍ നിന്നും നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിനായി ഇവിടെയെത്തിയ ഒരു സംഘം പെണ്‍കുട്ടികളും ശര്‍മ്മയുടെ പെരുമാറ്റവൈകല്യത്തിനെതിരെ പരാതി പറഞ്ഞിരുന്നു. ജലന്ധറിലെ ഡപ്യൂട്ടി കമ്മീഷണര്‍ അജിത് സിംഗ് പാനുവിനാണ് കേസിന്റെ അന്വേഷണച്ചുമതല.












Click it and Unblock the Notifications