ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ക്ക് പിഴ ചുമത്തും
ദില്ലി: 'ഡു നോട്ട് കോള്‍' ലിസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടും നിങ്ങളുടെ സമയം മെനക്കെടുത്തുന്ന ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ ഇപ്പോഴും നിങ്ങളുടെ ഫോണുകളിലേക്ക് വരുന്നുണ്ടോ? എങ്കില്‍ ഒരു പരാതി നല്‍കിയാല്‍ മതി. ടെലികോം ഓപ്പറേറ്റര്‍ 20,000 രൂപ വരെ പിഴയടക്കേണ്ടിവരും.
ടെലഫോണ്‍ ഉപഭോക്താവിന് ശല്യമാവുന്ന ടെലി മാര്‍ക്കറ്റിംഗ് കോളുകള്‍ നിയന്ത്രിക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ ചുമത്താനാണ് ടെലികോം റെഗുലേറ്റിംഗ് അതോറിറ്റി (ട്രായ്) യുടെ തീരുമാനം.
ഇത്തരം കോളുകള്‍ ഒഴിവാക്കാന്‍ ഉപഭോക്താവ് ആദ്യം ചെയ്യേണ്ടത് നാഷണല്‍ ഡു നോട്ട് കോള്‍ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ്. ഇതിന് ടെലികോം ഓപ്പറേറ്ററെ ഒന്നു വിളിച്ചാല്‍ മാത്രം മതി.
45 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ പ്രാബല്യത്തില്‍ വരും. അതിനു ശേഷവും ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ നിങ്ങള്‍ക്കു ലഭിക്കുന്നുണ്ടെങ്കില്‍ കോള്‍ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ഓപ്പറേറ്ററോട് പരാതിപ്പെടണം. ഇത്തരം രണ്ടു പരാതികള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഇത്തരം കോളുകള്‍ ഉപഭോക്താവിന് ലഭിക്കുന്നില്ലെന്ന് ടെലികോം ഓപ്പറേറ്റര്‍ ഉറപ്പുവരുത്തിയേ പറ്റൂ.
രണ്ടു പരാതികള്‍ നല്‍കിയിട്ടും ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുണ്ടെങ്കില് ഓപ്പറേറ്റര്‍ 20,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. ആദ്യത്തെ കോളിന് 500 രൂപയും പിന്നീടുള്ള ഓരോ കോളിനും 1000 രൂപ വീതവുമാണ് പിഴ നല്‍കേണ്ടിവരിക.












Click it and Unblock the Notifications