ഹൊഗനക്കല്‍; മൗനം ഭജിച്ച് രജനീകാന്ത്
ചെന്നൈ: കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഹൊഗനക്കല്‍ പദ്ധതി ഒരു തീപ്പൊരിയായി ഉയരുകയാണ്. തമിഴ് നാട്ടില്‍ കന്നഡക്കാര്‍ക്കെതിരെയും കര്‍ണ്ണാടകത്തില്‍ തമിഴര്‍ക്കെതിരെയും അക്രമങ്ങളും പ്രതിഷേധങ്ങളും നടക്കുന്നു. ഈ സാഹചര്യത്തില്‍ 'ഹൊഗനക്കല്‍' എന്ന പേരു കേള്‍ക്കുമ്പോള്‍ പ്രതികരിക്കാന്‍ കഴിയാതായിപ്പോകുന്ന ഒരാളുണ്ട്... തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നന്‍ സാക്ഷാല്‍ രജനീകാന്ത്.
ജന്മം കൊണ്ട് കര്‍ണാടകക്കാരനും കര്‍മം കൊണ്ട് തമിഴ്നാട്ടുകാരുമായ രജനി പുതിയ പ്രശ്നത്തില്‍ ആരെ പിന്തുണയ്ക്കുമെന്ന് രാഷ്ട്രീയ-സിനിമാ-- ലോകം എന്നുവേണ്ട തെന്നിന്ത്യ ഒട്ടാകെതന്നെ ഉറ്റു നോക്കുകയാണ്. എന്നാല്‍ ആരെയും പിണക്കാനും ഇണക്കാനുമില്ലെന്ന ഭാവത്തില്‍ ഇക്കാര്യത്തില്‍ രജനി ഇതുവരെ മൌനം ഭഞ്ജിച്ചിട്ടില്ല.
ഹൊഗനക്കല്‍ പ്രശ്നത്തില്‍ രജനി എടുക്കുന്ന ഏത് നിലപാടും നിര്‍ണായകമായിരിക്കും. ഏപ്രില്‍ നാലിന് വെള്ളിയാഴ്ച കര്‍ണാടകക്കാര്‍ക്കെതിരെ തമിഴ് സിനിമാപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരാഹാര സമരത്തില്‍ രജനി പങ്കെടുക്കുമോ എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 
ജന്മം കൊണ്ട് കര്‍ണാടകക്കാരായ താരങ്ങളും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ശരത്‌കുമാര്‍ പറയുന്നത്. സമരത്തില്‍ പങ്കെടുക്കാത്ത പക്ഷം ഭാവിയില്‍ അവരുമായി സഹകരിക്കില്ലെന്ന ഭീഷണിയും ശരത് കുമാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
2002ല്‍ കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയപ്പോള്‍ രജനികാന്ത് വിട്ടു നിന്നത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഹൊസൂര്‍, ധര്‍മപുരി, കൃഷ്ണഗിരി ജില്ലകള്‍ക്കുവേണ്ടി കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് ഹൊഗനക്കലില്‍ നടപ്പാക്കുന്നതെന്ന് തമിഴ്‌നാട് വാദിക്കുന്പോള്‍ പദ്ധതി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ കൃഷിയിടങ്ങള്‍ മുങ്ങിപ്പോകുമെന്നാണ് കര്‍ണാടകം പറയുന്നത്.
ബസ് എറിഞ്ഞുടച്ചാലും എല്ലൊടിച്ചാലും ഹൊഗനക്കല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന കരുണാനിധിയുടെ പ്രസ്താവനയാണ് കന്നഡ സംഘടനകളെ പ്രകോപിപ്പിച്ചത് .
പ്രതിഷേധത്തിന്‍റെ ഭാഗമായി കന്നഡ ചാനലുകള്‍ക്ക് തമിഴ്നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് തമിഴ്നാട്ടിലെ കേബിള് ടിവി ഓപ്പറേറ്റര്‍മാരുടെ യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിന് പകരം വീട്ടാനെന്ന നിലയ്ക്ക് തമിഴ് പത്രങ്ങള്‍ക്ക് കര്‍ണ്ണാടകത്തില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് കന്നഡ സംഘടനകളും പറയുന്നുണ്ട്.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications