ഹൊഗ്നക്കല്‍: തമിഴ് താരങ്ങള്‍ നിരാഹാരസമരം നടത്തുന്നു
ചെന്നൈ: ഹൊഗനക്കല്‍ ജലപദ്ധതിസംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകത്തില്‍ തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ് ചലച്ചിത്രതാരങ്ങള്‍ നിരാഹാരസമരം നടത്തുന്നു.
തമിഴ് ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സാണ് നിരാഹാരസമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ജലപദ്ധതിയില്‍ പ്രതിഷേധമറിയിച്ചുകൊണ്ടുള്ള ബാഡ്‌ജുകള്‍ ധരിച്ചാണ് താരങ്ങള്‍ സമരത്തില്‍ പങ്കെടുക്കുന്നത്.
ചെപ്പോക്ക് ഗസ്‌റ്റ് ഹൗസിന് മുന്നില്‍ പ്രത്യേകം തയ്യാര്‍ചെയ്‌ത പന്തലിലാണ് താരങ്ങളുടെ ഉപവാസസമരം, രജനീകാന്ത്, കമല്‍ഹാസന്‍, വിക്രം, സൂര്യ, വിശാല്‍, പ്രഭു, നരേന്‍, നയന്‍താര, പ്രിയാമണി, സന്ധ്യ തുടങ്ങി തമിഴ് ചലച്ചിത്രലോകത്തെ ഒട്ടുമുക്കാല്‍ താരങ്ങളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ചലച്ചിത്രതാരങ്ങളെക്കൂടാതെ സാങ്കേതിക പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ എട്ടിന് തുടങ്ങിയ നിരാഹാരം വൈകീട്ട് അഞ്ചുവരെ നീണ്ടുനില്‍ക്കും. ചെപ്പോക്കും പരിസരവും ആയിരക്കണക്കിന് ആരാധകരെക്കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ്. ആരാധകരെ നിയന്ത്രിക്കുവാന്‍ പൊലീസിന് പലതവണ ലാത്തീവീശേണ്ടിവന്നു.
സമരത്തോടനുബന്ധിച്ച് ചെന്നൈയിലെ 120 തിയേറ്ററുകളില്‍ മാറ്റിനി നൂണ്‍ ഷോകള്‍ പ്രദര്‍ശിപ്പിക്കുകയില്ല. ഷൂട്ടിംഗ് ജോലികള്‍ ഉള്‍്‌പപെടെ എല്ലാ സിനിമാ ജോലികളും നിര്‍ത്തിവച്ചിരിക്കുകയാണ്.
രജനിയ്‌ക്കും അര്‍ജുനും സുരക്ഷ
ഹൊഗനക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ കന്നഡ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ തുടരുന്ന സാഹചര്യം കണക്കിലെടുത്ത്, രജനീകാന്ദ്, അര്‍ജുന്‍ എന്നീ താരങ്ങള്‍ക്കുള്ള സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഇവര്‍ ഇരുവരും തമിഴ്‌ചലച്ചിത്രലോകത്തിലൂടെയാണ് പ്രശസ്‌തരായതെങ്കിലും ജന്മം കൊണ്ട് കര്‍ണാടകക്കാരാണ്. അതിനാല്‍ത്തന്നെ ഇവര്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകൂടുതലായതിനാലാണ് തമിഴ്‌നാട് പൊലീസ് മുന്‍കരുതലുകളെടുത്തിരിക്കുന്നത്.
രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയ്‌ക്കു സമീപം വേഷം മാറിയ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ബോട്ട് ക്ലബ് ഭാഗത്തുള്ള അര്‍ജുന്റെ വസതിയ്‌ക്കും കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല പ്രമുഖ കന്നഡ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കുമെല്ലാം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അക്രമങ്ങള്‍ തടയാന്‍ സേന സജ്ജമാണെന്നും തമിഴ്‌നാട്ടിലെ ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications