ഒബിസിയ്‌ക്ക് 27 ശതമാനം സംവരണം നല്‍കാമെന്ന് സുപ്രിം കോടതി
ദില്ലി: കേന്ദ്രസര്ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങളില്‍ മറ്റ് പിന്നാക്കവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 27ശതമാനം സംവരണം നല്‍കാമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രിം കോടതി ശരിവച്ചു.
ഉപാധികളോടെ സംവരണം നല്‍കാനും ക്രീമിലെയര്‍ ഒഴിവാക്കാനുമാണ് കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗബഞ്ചാണ് കേസ് പരിഗണിച്ചത്. അഞ്ചംഗ ബഞ്ചില്‍ നാലുപേര്‍ സംവരണത്തിന് അനുകൂലമായി വിധി നല്‍കി. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് ഭരണഘടനാ ബഞ്ച് കേസില്‍ വാദം കേട്ടത്
ഐഐടി, ഐഐഎം, ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്‌യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവിടങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര നിയമത്തിന്റെ സാധുതയാണ് സുപ്രിം കോടതി പരിശോധിച്ചത്. പിന്നാക്ക സംവരണത്തെ നിര്‍വചിക്കുന്ന 93-ാം ഭരണഘടനാ ഭേദഗതി കോടതി ശരിവെച്ചു. സര്‍ക്കാര്‍ നിയന്ത്രണമുള്ള സ്ഥാപനങ്ങളിലും എയ്‌ഡഡ് സ്ഥാപനങ്ങളിലും സംവരണമാകാം.
കൂടാതെ പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താനുള്ള മാനദണ്ഡം ജാതി മാത്രമാകരുതെന്നും സാമ്പത്തിക-വിദ്യാഭ്യാസ അവസ്ഥകളും ഇതിനായി പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്രീമിലെയറിനെ ഒഴിവാക്കാനാകില്ല എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
സംവരണം നടപ്പാക്കുന്നത് 2007 മാര്‍ച്ച് 29ന് ഇറക്കിയ ഉത്തരവില്‍ സുപ്രിം കോടതി ഒരു വര്‍ഷത്തേയ്‌ക്ക് നിര്‍ത്തിവച്ചിരുന്നു. അതുകൊണ്ട് കഴിഞ്ഞവര്‍ഷം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
സംവരണം ഏര്‍പ്പെടുത്തുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണം ലഭിക്കുകകയെന്ന് അറിയില്ല, പിന്നാക്ക വിഭാഗക്കാര്‍ ജനസംഖ്യയുടെ എത്രഭാഗം വരുമെന്ന് കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല എന്നിങ്ങനെയുള്ള കാരണങ്ങളുയര്‍ത്തിയായിരുന്നു സംവരണത്തിനെതിരെ ഒരു വിഭാഗം രംഗത്തുവന്നത്.
യുപിഎ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട നടപടികളിലൊന്നായിരുന്നു പിന്നാക്കസംവരണ ബില്‍. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ കോടതി വിധി യുപിഎ സര്‍ക്കാരിനെ സഹായിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications