മുറി പങ്കുവെയ്‌ക്കാനിഷ്ടമില്ലാഞ്ഞ് യുവാവ് മുത്തശ്ശിയെ കൊലപ്പെടുത്തി
കോലാപൂര്‍: സ്വന്തം മുറി മുത്തശ്ശിയുമായി പങ്കുവെയ്‌ക്കുന്നതിഷ്ടമില്ലാത്തതിനെത്തുടര്‍ന്ന് യുവാവ് മുത്തശ്ശിയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി.
ഡോക്ടര്‍ സിരീഷ് പാട്ടീലിന്റെ മകനും ഇരുപത്തിയൊന്നുകാരനുമായ അഭിഷേക് പാട്ടീലാണ് അറുപത്തിയേഴുകാരിയായ ശാന്താഭായ് പാട്ടീലിനെ കൊലപ്പെടുത്തിയത്.
ഉറങ്ങുന്നതിന് മുമ്പ് സ്വന്തം കമ്പ്യൂട്ടറില്‍ ശേഖരിച്ച് സൂക്ഷിച്ച ഭീകര, അശ്ലീല ചിത്രങ്ങള്‍ കാണുന്നശീലക്കാരനാണ് അഭിഷേക്. മുത്തശ്ശി മുറി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇതിന് കഴിയാത്തത്തില്‍ അഭിഷേക് ഏറെ ക്ഷുഭിതനായിരുന്നു.
ഈയിടെയാണത്രേ ശാന്താഭായ് മൂത്തമകനായ സിരീഷിന്റെ വീട്ടിലേയ്‌ക്ക് താമസം മാറ്റിയതെന്ന് പൊലീസ് പറഞ്ഞു മുത്തശ്ശിയെ മുറിയില്‍ കിടത്തുന്നത് ഇഷ്ടമില്ലാതിരുന്ന അഭിഷേക് ചേട്ടന്റെ മുറിയിലേയ്‌ക്ക് അവരെ മാറ്റാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നുവത്രേ.
ജയ്‌സിംഗ്‌പൂരിലെ ഒരു സ്വകാര്യ പോളിടെക്‌നിക് കോളെജിലെ വിദ്യാര്‍ത്ഥിയായ അഭിഷേക് രണ്ടുമാസത്തോളമായി കൃത്യമായി ക്ലാസ്സില്‍ പോകുന്നുമില്ല. ഇതിന്റെ പേരില്‍ ശാന്താഭായ് അഭിഷേകുമായി വഴക്കിടാറുണ്ടായിരുന്നു. മാത്രമല്ല ഒരിക്കല്‍ അതിഥികളുടെ മുന്നില്‍ വച്ചും ശാന്താഭായി അഭിഷേകിനെ വഴക്കിട്ടു. ഇതിനെത്തുടര്‍ന്നാണ് മുത്തശ്ശിയെ വകവരുത്താന്‍ അഭിഷേക് തീരുമാനിച്ചത്.
അങ്ങനെ ഏപ്രില്‍ മൂന്നിന് അഭിഷേക് ശാന്താഭായിയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. പുറത്തുനിന്നുള്ള ആളാണ് കൃത്യം ചെയ്തതെന്ന് തോന്നിയ്ക്കാനായി ആ സമയത്ത് വീട്ടിലുണ്ടായിരുന്ന സഹോദരനെയും അഭിഷേക് മര്‍ദ്ദിച്ചു. വീട്ടില്‍ കയറിയ കൊള്ളക്കാരാണ് മുത്തശ്ശിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതെന്നും അവരെ പിടികൂടാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടെന്നും കള്ളക്കഥ മെനഞ്ഞ് എല്ലാവരെയും വിശ്വസിപ്പിക്കുകയും ചെയ്‌തു.
അഭിഷേകും വീട്ടുകാരും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് ഏപ്രില്‍ 5ന് അഭിഷേകിനെ ചോദ്യം ചെയ്യുകയായിരുന്നു. അവസാനം ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിനൊടുവില്‍ താന്‍ തന്നെയാണ് മുത്തശ്ശിയെ കൊല്ലുകയും സഹോദരനെ മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തതെന്ന് അഭിഷേക് പൊലീസിനോട് സമ്മതിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications