പത്രവ്യവസായം പ്രതിസന്ധിയില്‍
കോഴിക്കോട്: പത്രവ്യവസായം ഗുരുതര പ്രതിസന്ധിയിലാണെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) മേഖലാ ചെയര്‍മാന്‍ എം പി വീരേന്ദ്രകുമാര്‍.
പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ പത്രവ്യവസായത്തിന് പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഐഎന്‍എസ് കേരള മേഖലാ യോഗത്തിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ന്യൂസ് പ്രിന്റിന് ടണ്ണിന് പതിനായിരം രൂപയാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് വര്‍ധിപ്പിച്ചത്. കേരളത്തില്‍നിന്നുള്ള പത്രങ്ങള്‍ക്ക് എച്ച്എന്‍എല്‍ ന്യൂസ്പ്രിന്റ് കിട്ടുന്നില്ല. പ്രതിദിനം ഇന്ത്യയിലാകെ 23 ലക്ഷം ടണ്‍ ന്യൂസ്പ്രിന്റാണ് വേണ്ടത്. ഇവിടെയുണ്ടാക്കുന്നത് 80,000 ടണ്‍ മാത്രം.
ബാക്കിയുള്ളതെല്ലാം ഇറക്കുമതി ചെയ്യുകയായിരുന്നു. ചൈനയില്‍ നിന്നാണ് 25 ശതമാനം ഇറക്കുമതിയും ചെയ്തിരുന്നത്. ഇപ്പോള്‍ അത് നിര്‍ത്തി. അസംസ്കൃത വസ്തുക്കളുടെ ദൌര്‍ലഭ്യമാണ് കാരണം. ന്യൂസ് പ്രിന്റ് ഫാക്ടറികള്‍ അടച്ചതിനാല്‍ അമേരിക്കയില്‍നിന്നുള്ള ഇറക്കുമതിയും നിലച്ചു.
ഈ പശ്ചാത്തലത്തിലാണ് ന്യൂസ് പ്രിന്റിന് വില കുത്തനെ ഉയര്‍ന്നത്. 28,000 രൂപയുണ്ടായിയിരുന്ന ന്യൂസ് പ്രിന്റിന് 39,000 രൂപ വരെയായി. കേരളത്തില്‍നിന്നുള്ള പള്‍പ്പുപയോഗിച്ചാണ് എച്ച്എന്‍എല്‍ ന്യൂസ് പ്രിന്റ് ഉല്‍പ്പാദിപ്പിക്കുന്നത്. പള്‍പ്പിന് വില കൂട്ടിയിട്ടില്ല. ഭാഷാപത്രങ്ങള്‍ക്കാകട്ടെ എച്ച്എന്‍എല്ലില്‍നിന്ന് ന്യൂസ് പ്രിന്റ് ലഭിക്കുന്നുമില്ല.
പ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കേന്ദ്ര വ്യവസായ മന്ത്രിയുടെയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയുടെയും മുമ്പാകെ ഐഎന്‍എസ് ദേശീയ നേതൃത്വം ഈ വിഷയം ഉന്നയിക്കും.
പത്രത്തിന് വിലകൂട്ടി പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. ഇറക്കുമതി ന്യൂസ്പ്രിന്റിന്മേലുള്ള അഞ്ചുശതമാനം കസ്റ്റംസ് ഡ്യൂട്ടിയും നാല് ശതമാനം വാറ്റും എടുത്തുകളഞ്ഞാല്‍ അല്‍പം ആശ്വാസം കിട്ടും. എന്നാല്‍ അതും പൂര്‍ണമായ പ്രശ്നപരിഹാരത്തിനുതകില്ല. കേരളത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും പത്രവ്യവസായം ഗുരുതര പ്രതിസന്ധിയിലാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് നിര്‍ദിഷ്ട ബ്രോഡ് കാസ്റ്റിങ് ബില്‍ . സര്‍ക്കാര്‍ വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കാനുള്ള ക്രമീകരണമാണ് ബില്ലില്‍. വാര്‍ത്തകളുടെ പേരില്‍ പൊലീസ് കമീഷണര്‍ക്ക് കേസെടുക്കാം. സുപ്രീംകോടതിയില്‍ മാത്രമേ അപ്പീല്‍ പോകാന്‍ ബില്ലില്‍ വ്യവസ്ഥയുള്ളു. ഇതിനെതിരെ എല്ലാവരുടെയും യോജിച്ച പ്രക്ഷോഭം ഉയരണമെന്ന് വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.
പുനഃസംഘടിപ്പിക്കുന്ന കേരള പ്രസ് അക്കാദമിയിലേക്ക് പി വി ചന്ദ്രന്‍ (മാതൃഭൂമി), സാബു വര്‍ഗീസ് (മംഗളം), ഫിലിപ്പ് മാത്യു (മലയാള മനോരമ), പി ജയരാജന്‍ എംഎല്‍എ (ദേശാഭിമാനി), അന്‍വര്‍ സാദത്ത് (ചന്ദ്രിക), വി എം ഇബ്രാഹിം (മാധ്യമം) എന്നിവരെ ഐഎന്‍എസ് നിര്‍ദേശിച്ചതായും വീരേന്ദ്രകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications