പ്രണയസാഫല്യത്തിനായി ഏഴുപേരെ കൊന്ന കമിതാക്കള്‍ പിടിയില്‍
ലഖ്‌നൊ: പ്രണസാഫല്യത്തിനായി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കമിതാക്കള്‍ പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ ജ്യോതിബ ഫൂലെ നഗറിലെ ബാബന്ഖരെയിലെ സലീമും കാമുകി ശബ്‌നവുമാണ് പൊലീസ് പിടിയിലായത്.
ഇരുവരും ചേര്‍ന്ന് തങ്ങളുടെ പ്രണസാഫല്യത്തിനായി ഒരു വയസ്സുള്ള കുഞ്ഞുള്‍പ്പെടെ ഏഴു പേരെയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരെല്ലാം ശബ്‌നത്തിന്റെ കുടുംബാംഗങ്ങളാണ്. ഏപ്രില്‍ 14നായിരുന്നു സമൂഹത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്.
സാമ്പത്തികമായി താഴ്‌ന്ന കുടുംബത്തില്‍പ്പെട്ട സലിമുമായുള്ള വിവാഹത്തെ ശബ്‌നത്തിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പ് ഒഴിവാക്കാന്‍വേണ്ടി ഇരുവരും ചേര്‍ന്ന് കൊല ആസൂത്രണം ചെയ്യുകായായിരുന്നു.
14ന് വൈകീട്ട് മയക്കുമരുന്ന് കലര്‍ത്തിയ ചായ നല്‍കി ശബ്‌നം വീട്ടുകാരെയെല്ലാം മയക്കിക്കിടത്തി പിന്നീട് സലീമെത്തി മഴുകൊണ്ട് മയങ്ങിക്കിടക്കുന്ന ആറുപേരെയും വെട്ടിക്കൊന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു വയസ്സുള്ള കുട്ടിയെ ശബ്‌നം കഴുത്തുഞെരിച്ച് കൊന്നു.
മയക്കുമരുന്നു നല്‍കിയിരുന്നതിനാലാണ് ആറുപേര്‍ക്കും കൊലപാതകത്തിനെതിരെ പ്രതികരിക്കാന്‍ കഴിയാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നും ചോരപുരണ്ട വസ്‌ത്രമുള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ഡിജിപി വിക്രം സിംഗ് പറഞ്ഞു. ഹസന്‍പൂരിലെ ജ്യോതിബ ഫൂലെ നഗറില്‍ അധ്യാപികയാണ് ഇരുപത്തിയഞ്ചുകാരിയയാ ശബ്‌നം.












Click it and Unblock the Notifications