മുണ്ടെയുടെ ഭീഷണി ലക്ഷ്യം കണ്ടു
ദില്ലി : ഗോപിനാഥ് മുണ്ടെയുടെ രാജി ഭീഷണിയ്ക്കു വഴങ്ങി മധു ചവാനെ ബിജെപി മുംബെ ഘടകം പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി. ഇതേ തുടര്‍ന്ന് ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജി വെയ്ക്കാനുളള തീരുമാനം മുണ്ടെ പിന്‍വലിച്ചു.
തന്നോട് ആലോചിക്കാതെ മധു ചവാനെ പാര്‍ട്ടി മുംബെ ഘടകം പ്രസിഡന്റായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് മുണ്ടെ രാജിവെച്ചത്. ചവാനു പകരം മുണ്ടെയുടെ അനുയായി ഗോപാല്‍ ഷെട്ടിയെ തല്‍സ്ഥാനത്ത് നിയമിച്ചിട്ടുണ്ട്.
ബിജെപി മഹാരാഷ്ട്രാ സംസ്ഥാന പ്രസിഡന്റ് നിതിന്‍ ഗാഡ്കരിയുടെ സ്വന്തം ആളാണ് മധു ചവാന്‍. നിതിനും മുണ്ടെയും തമ്മില്‍ വളരെ കാലമായി ബദ്ധ ശത്രുതയിലാണ്. തന്നോട് ആലോചിക്കാതെ നിതിന്‍ അനുയായിയെ പാര്‍ട്ടി മുംബെ ഘടകത്തിന്റെ പ്രസിഡന്റായി അവരോധിച്ചതോടെ മുണ്ടെയുടെ സര്‍വ നിയന്ത്രണവും നഷ്ടപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്.
ഇതു സംബന്ധിച്ച യാതൊരു ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുണ്ടെ രാജിവെച്ചതോടെ അദ്ദേഹത്തിന്റെ പതിനായിരക്കണക്കിന് അനുയായികളും പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ മുന്നോട്ടു വന്നതോടെ ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വിരണ്ടു.
അതോടെ മധു ചവാനെ നീക്കം ചെയ്യാനും മുണ്ടെ നിര്‍ദ്ദേശിച്ച ഗോപാല്‍ ഷെട്ടിയെ പാര്‍ട്ടി മുംബെ ഘടകം പ്രസിഡന്റായി നിയമിക്കാനും ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. പരസ്പരമുളള സ്പര്‍ദ്ധ പറഞ്ഞു തീര്‍ക്കണമെന്ന് നേതൃത്വം നിതിന്‍ ഗാഡ്കരിയോടും ഗോപിനാഥ് മുണ്ടയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്ക് മധു ചവാനോട് എതിര്‍പ്പൊന്നും ഇല്ലെന്നും ജനാധിപത്യ വിരുദ്ധമായ ശൈലി അംഗീകരിക്കില്ലെന്നും മുണ്ടെ പറഞ്ഞു. ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് രാജ്‍നാഥ് സിംഗുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.
പാര്‍ട്ടിയിലെ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുണ്ടെയുടെ നേതൃത്വത്തില്‍ ബിജെപി മത്സര രംഗത്തിറങ്ങുമെന്നും പാര്‍ട്ടി നേതാവ് ബാല്‍ ആപ്തെ വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications