Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയിലെ ഭൂചലനം: മരണം പതിനായിരത്തോടടുത്തു

ബെയ്‌ജിങ്‌: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാനിലും സമീപ പ്രവിശ്യകളിലും തിങ്കളാഴ്‌ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ പതിനായിരത്തോളം പേര്‍ മരിച്ചു.

സിചുവാന്‍ പ്രവിശ്യയില്‍ മാത്രം 8533പേര്‍ മരിച്ചു. ഇതില്‍ അയ്യായിരത്തോളം പേര്‍ ബൈചുവാന്‍ പ്രദേശത്ത്‌ ഉള്ളവരാണ്‌. പതിനായിരം പേര്‍ക്ക്‌ പരുക്കേറ്റു.

തൊള്ളായിരത്തോളം വിദ്യാര്‍ഥികള്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കടിയില്‍പ്പെട്ടതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അമ്പതു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. പ്രവിശ്യയിലെ ഹൈവേകളെല്ലാം തകര്‍ന്നു. വാര്‍ത്താവിനിമയ ബന്ധങ്ങളും തകര്‍ന്നിരിക്കുകയാണ്.

മറ്റ്‌ രണ്ട്‌ സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്ന്‌ നാലു കുട്ടികള്‍ മരിച്ചു. ബൈചുവാനിലെ 80 ശതമാനം കെട്ടിടങ്ങളും തകര്‍ന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ ഇടയുണ്ട്‌. ഷിങ്‌ഫായ്‌ പട്ടണത്തിലെ രാസവ്യവസായശാലയില്‍ വിള്ളലുണ്ടായി 80 ടണ്‍ ദ്രവ അമോണിയ പരിസരങ്ങളില്‍ വ്യാപിച്ചു.

സിചുവാന്‍ പ്രവിശ്യാ തലസ്ഥാനമായ ചെങ്‌ദുവിലാണ്‌ ഉച്ചയ്‌ക്ക്‌ 12 മണിയോടെ ഭൂചലനമുണ്ടായത്‌. 7.8 ആയിരുന്നു ചലനത്തിന്‍റെ തീവ്രത. ദുജിയാങ്‌യാന്‍ പട്ടണത്തിലെ ഹൈസ്‌കൂള്‍ കെട്ടിടം തകര്‍ന്നതിനടിയിലാണ്‌ 900 കുട്ടികള്‍ പെട്ടത്‌.

സിചുവാന്‌ സമീപമുള്ള ചോങ്വിങ് ‌ മേഖലയിലാണ്‌ രണ്ട്‌ പ്രാഥമിക വിദ്യാലയങ്ങള്‍ തകര്‍ന്ന്‌ നാലു കുട്ടികള്‍ മരിച്ചത്‌. നൂറിലേറെ പേര്‍ക്ക്‌ പരുക്കേറ്റു. മുപ്പതിലേറെ വര്‍ഷങ്ങള്‍ക്കുശേഷം സിചുവാനിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്‌. ആദ്യ ചലനത്തിനു ശേഷം 44 തുടര്‍ചലനങ്ങളുണ്ടായി.

ബെയ്‌ജിങ്ങും ഷാങ്‌ഹായുമുള്‍പ്പെടെ ചൈനയിലെ മറ്റു ചില പട്ടണങ്ങളിലും തായ്‌ലന്‍ഡ്‌ തലസ്ഥാനമായ ബാങ്കോക്കിലും വിയറ്റ്‌നാമിലെ ഹാനോയിലും ഭൂചലനം അനുഭവപ്പെട്ടു.

ടിബറ്റന്‍ പീഠഭൂമിയുടെ കിഴക്കന്‍ അതിര്‍ത്തിയിലാണ്‌ ഭൂചലനമുണ്ടായ സിച്ചുവാന്‍ പ്രവിശ്യ. ഇവിടത്തെ വെന്‍ചുവാനാണ്‌ ചലനത്തിന്‍റെ പ്രഭവ സ്ഥാനം.

ചൈനയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന്‌ ഇന്ത്യന്‍ എംബസി അറിയിച്ചു. ആഗസ്‌തില്‍ ബെയ്‌ജിങ്‌ ഒളിമ്പിക്‌സ്‌ നടക്കാനിരിക്കേയാണ്‌ ഭൂചലനം.

1976 ജൂലായ്‌ 28ന്‌ വടക്കുപടിഞ്ഞാറന്‍ തങ്‌ഷാന്‍ പട്ടണത്തിലുണ്ടായ ഭൂകമ്പത്തില്‍ 2,40,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+