എയ്‌ഡഡ് അധ്യാപക നിയമനത്തിന് യോഗ്യതാ പരീക്ഷയും സംവരണവും നടപ്പാക്കും: ബേബി
തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂള്‍ നിയമനത്തിന് സംവരണം ബാധകമാക്കാനും അധ്യാപകര്‍ക്കു വേണ്ട യോഗ്യതാ മാനദണ്ഡം പുതുക്കി നിശ്ചയിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.
എയ്‌ഡഡ് കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയായ പിഎച്ച്.ഡി. അഥവാ നെറ്റ്, പ്ലസ് ടു അധ്യാപക നിയമനത്തിന് ആവശ്യമായ സെറ്റ് എന്നിവ പോലെ എന്തെങ്കിലും ഒരു സംവിധാനം സര്‍ക്കാര്‍-എയ്‌ഡഡ് മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അധ്യാപക യോഗ്യത പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ച് മാനേജ്‌മെന്റുകളുമായി ചര്‍ച്ചചെയ്‌തശേഷമേ എന്തു സംവിധാനമാണ് അഭികാമ്യമെന്ന് തീരുമാനിക്കൂ. സംവരണവും നിയമന മാനദണ്ഡവും സംബന്ധിച്ച് കെഇആര്‍. പരിഷ്‌കരണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുള്ളതാണ്.
അധ്യാപക നിയമനം മാനേജ്‌മെന്റില്‍നിന്ന് എടുത്തുമാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നിയില്ല. എന്നാല്‍ സര്‍ക്കാര്‍-എയ്‌ഡഡ് സ്‌കൂളുകളില്‍ മിനിമം യോഗ്യതയുണ്ടെങ്കില്‍ ആര്‍ക്കും അധ്യാപകരാകാം എന്ന സ്ഥിതി മാറിയേ പറ്റൂ. നിയമനാധികാരം മാനേജ്‌മെന്റില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഗുണനിലവാരമുള്ളവരെ നിയമിക്കുന്നതിന് സാഹചര്യമൊരുക്കണം. നിശ്ചിത മാര്‍ക്കിനു മുകളിലുള്ളവരെ നിയമിച്ചാല്‍ മതിയെന്നോ, മാനേജ്‌മെന്റുകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു പരീക്ഷ പാസ്സാകുന്നവരെ നിയമിക്കാമെന്നോ തീരുമാനിക്കാവുന്നതാണ്- മന്ത്രി പറഞ്ഞു.
സര്‍ക്കാരില്‍നിന്ന് ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ നിയമം നടപ്പാക്കപ്പെടണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഓരോ കുട്ടിയേയും വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. സ്‌കൂളുകളിലെ അവശേഷിക്കുന്ന ഷിഫ്‌ട് സമ്പ്രദായവും നിര്‍ത്തലാക്കും. വിദ്യാഭ്യാസ വകുപ്പിലെ അഴിമതി തടയുന്നകാര്യം വേണ്ടത്ര വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. വിദ്യാഭ്യാസ ഓഫീസുകളുമായി ബന്ധപ്പെട്ട് എന്തൊക്കെ സേവനങ്ങള്‍ ലഭിക്കും, എത്ര ദിവസമെടുക്കും തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൗരാവകാശരേഖ ഉടന്‍ പ്രസിദ്ധീകരിക്കും.
കോളേജുകളില്‍ ഗസ്റ്റ് അധ്യാപക നിയമനം ഉടന്‍ അവസാനിപ്പിക്കും. ഓരോ കോളേജിലും ആവശ്യമായിവരുന്ന അധ്യാപകരുടെ എണ്ണം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.എം.എബ്രഹാം പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ കോളേജുകളുടെ നവീകരണത്തിനായി 66 കോടി രൂപയുടെ പദ്ധതി നബാര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
സ്വാശ്രയ മേഖലയില്‍ ഫീസിന്റെയും സീറ്റിന്റെയും കാര്യം അലോട്ട്‌മെന്റിന്റെ പ്രഖ്യാപനത്തോടൊപ്പം വ്യക്തമാകും. സര്‍ക്കാരുമായി ധാരണയുണ്ടാക്കാത്ത കോളേജുകള്‍പോലും 25 ശതമാനം സീറ്റ് സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാന്‍ നീക്കിവെച്ചത് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെയും മറ്റും സാമൂഹ്യപരമായ സ്വാധീനമാണ് വ്യക്തമാക്കുന്നത്- മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications