മൊബൈല്‍ ഫോണ്‍ കുട്ടികളുടെ മനോനില തെറ്റിച്ചു
ബാഴ്‌സിലോണ(സ്‌പെയിന്‍): തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് മാനസികനില തകരാറിലായ രണ്ടു കുട്ടികളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
സ്‌പെയിനിലെ ബാര്‍സിലോണയിലാണ് മൊബൈല്‍ ഫോണിന് അടിമപ്പെട്ട പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികളെ ചികിത്സയ്‌ക്കായി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പതിനെട്ടുമാസമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് ഫോണില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായതോടെയാണ് മാതാപിതാക്കള്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .
അസ്വസ്ഥവും അസാധാരണവുമായ പെരുമാറ്റ രീതികള്‍ കാണിക്കുന്ന കുട്ടികള്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും കുട്ടികള്‍ സ്‌കൂളില്‍ മോശം പ്രകടനമാണ് കാഴ്‌ചവയ്‌ക്കുന്നതെന്നും അവരെ ചികിത്സിക്കുന്ന ഡോക്ടര്‍ മെയ്‌റ്റി അട്‌ജസ് പറഞ്ഞു. ഇതാദ്യമായാണ് താന്‍ നടത്തുന്ന മാനികാരോഗ്യകേന്ദ്രത്തില്‍ മൊബൈല്‍ ഫോണിന് അടിമപ്പെട്ട കുട്ടികള്‍ ചികിത്സയ്‌ക്കെത്തുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും മൊബൈല്‍ ഫോണ്‍ മാറ്റിനിര്‍ത്തി കാര്യങ്ങള്‍ ചെയ്യാന്‍കഴിയാതെ വരുന്നുവെന്ന് മനസ്സിലാക്കി മാതാപിതാക്കള്‍ ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിം എന്നിവ അമിതമായി ഉപയോഗിക്കുന്ന കുട്ടികളില്‍ സാമൂഹ്യ വിരുദ്ധ പ്രവണത കൂടുതലായിരിക്കുമെന്നും അവര്‍ക്ക് പഠനത്തില്‍ ശ്രദ്ധകുറയുമെന്നും വിദഗ്‌ധര്‍ പറയുന്നു.
പലരാജ്യങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരുകയാണ്. പതിനാറു വയസ്സാകുന്നതിന് മുമ്പ് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications