Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോള്‍ഫ്‌ ക്ലബ്‌: സിപിഐയുടെ ആവശ്യം തള്ളി

തിരുവനന്തപുരം: ഗോള്‍ഫ്‌ ക്ലബ്‌ കേസില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്കെതിരെ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലം പിന്‍വലിക്കണമെന്ന സിപിഐയുടെ ആവശ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തള്ളി. ഗോള്‍ഫ്‌ ക്ലബ്‌ ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ യോഗത്തില്‍ തീരുമാനമായി.

റവന്യൂവകുപ്പിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട്‌ നിയമവകുപ്പ്‌ കോടതിയില്‍ ഹാജരാക്കിയ സത്യവാങ്‌മൂലം നല്‍കിയ വിഷയത്തില്‍ സിപിഐ നിയമസഭാ കക്ഷി നേതാവ്‌ സി ദിവാകരനും നിയമമന്ത്രി എം വിജയകുമാറും രണ്ടുമണിക്കൂറിലേറെ വാദപ്രതിവാദം നടത്തി.

ശനിയാഴ്‌ച വൈകീട്ട്‌ ആറുമണിയ്‌ക്ക്‌ ക്ലിഫ്‌ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി കെപി രാജേന്ദ്രന്‍, നിയമമന്ത്രി എം. വിജയകുമാര്‍, ഭക്ഷ്യമന്ത്രി സി ദിവാകരന്‍, അഡ്വക്കറ്റ്‌ ജനറല്‍ സിപി സുധാകര പ്രസാദ്‌, എന്നിവര്‍ പങ്കെടുത്തു. ബിനോയ്‌ വിശ്വം ഒഴികെയുള്ള സിപിഐ മന്ത്രമാര്‍ മുമ്പേതന്നെ യോഗം ചേര്‍ന്ന്‌ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മുമ്പ്‌ ചേര്‍ന്ന യോഗത്തിന്റെ തീരുമാനത്തില്‍ നിന്ന്‌ വ്യത്യസ്‌തമായ സമീപനം മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും ഭാഗത്തുനിന്നുമുണ്ടായെന്നും അത്‌ തിരുത്തണമെന്നുമാണ്‌ സിപിഐ മന്ത്രിമാര്‍ ആവശ്യപ്പെട്ടത്‌. എന്നാല്‍ സത്യവാങ്‌മൂലം പിന്‍വലിക്കാന്‍ കഴിയില്ലെന്ന്‌ നിയമന്ത്രി വ്യക്തമാക്കി.

മുന്‍ധാരണയില്‍ നിന്നും വ്യത്യസ്‌തമായി നിയമവകുപ്പ്‌ കൈക്കൊണ്ട നടപടിയെ മന്ത്രി ദിവാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാറിന്റെ നില കൂടുതല്‍ പ്രതിസന്ധിയിലാകാതിരിക്കാനാണ്‌ നിയമവകുപ്പ്‌ സത്യവാങ്‌മൂലം നല്‍കിയതെന്ന്‌ മുഖ്യമന്ത്രി വിശദീകരണം നല്‍കി.

അഡ്വക്കറ്റ്‌ ജനറലും അഡീഷണല്‍ അഡ്വക്കറ്റ്‌ ജനറലും തമ്മിലുള്ള തര്‍ക്കം അവര്‍തന്നെ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കണമെന്നും ആവശ്യമെങ്കില്‍ മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ച നടത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. രണ്ടു വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുമെന്ന സാഹചര്യമുണ്ടാക്കിയിരിക്കുകയാണെന്ന്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

അഡ്വക്കറ്റ്‌ ജനറലുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന്‌ സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഗോള്‍ഫ്‌ ക്ലബ്‌ കേസ്‌ നടത്തിപ്പില്‍ വിശ്വാസക്കുറവുണ്ടെങ്കില്‍ തന്നെ ഇതില്‍ നിന്നൊഴിവാക്കണമെന്ന്‌ അഡ്വക്കറ്റ്‌ ജനറല്‍ സുധാകര പ്രസാദ്‌ ആവശ്യപ്പെട്ടു.

അഡ്വക്കറ്റ്‌ ജനറലും അഡീഷണല്‍ അഡ്വക്കറ്റ്‌ ജനറലും പരസ്‌പരം കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ചചെയ്‌ത്‌ അഡീഷണല്‍ അഡ്വക്കറ്റ്‌ ജനറല്‍ കോടതിയില്‍ ഹാജരാകണമെന്ന്‌ യോഗത്തില്‍ തീരുമാനമായി. ഗോള്‍ഫ്‌ ക്ലബ്ബിന്‌ നേരത്തേകൊടുത്ത ഒഴിപ്പിക്കല്‍ നോട്ടീസ്‌ പോരായ്‌മകളുള്ളതാണെന്നും പുതിയത്‌ നല്‍കണമെന്നും അഡ്വക്കറ്റ്‌ ജനറല്‍ പറഞ്ഞു. ഇതിനെ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തു.

മന്ത്രിസഭാ തീരുമാനം നടപ്പാക്കാന്‍ ശ്രമിപ്പ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിക്കേണ്ടത്‌ സര്‍ക്കാറിന്റെ ആവശ്യമാണെന്നും സിപിഐ മന്ത്രിമാര്‍ വാദിച്ചു.

യോഗത്തില്‍ സിപിഐയുടെ ആവശ്യങ്ങള്‍ തള്ളിയതിനെത്തുടര്‍ന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ രാത്രിവൈകി അഡ്വക്കറ്റ്‌ ജനറലിനെതിരെ പരസ്യപ്രസ്‌താവനയിറക്കി. ക്ലബ്‌ തിരിച്ചുപിടിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക്‌ സിപിഐ എതിരുനിന്നുവെന്ന അഡ്വക്കറ്റ്‌ ജനറലിന്റെ പ്രസ്‌താവന നുണയാണെന്ന്‌ വെളിയം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+