സഹോദരിമാരും മൂന്ന് മക്കളും പുഴയില്‍ മുങ്ങിമരിച്ചു
ഒല്ലൂര്‍: തൃശൂരിനടുത്ത് പുത്തൂര്‍ പുഴയില്‍ കുളിയ്‌ക്കാനിറങ്ങിയ രണ്ട് സഹോദരിമാരും അവരുടെ മൂന്ന് മക്കളും മുങ്ങി മരിച്ചു.
പുത്തൂര്‍ കോലത്തുംപാടത്ത് ശ്രീരാമപുരം ക്ഷേത്രത്തിന് സമീപം ചിറമ്മേല്‍ കുഞ്ഞാവു ആന്റണിയുടെ ഭാര്യ റെജി (36), മക്കളായ തേജല്‍ (10), അജല്‍ (8), റെജിയുടെ സഹോദരി നന്തിപുലം കുറ്റിക്കാട്ടില്‍ ആന്റണിയുടെ ഭാര്യ റോജി(30) മകന്‍ ജിസിന്‍ (8) എന്നിവരാണ് മുങ്ങി മരിച്ചത്. കുളിയ്‌ക്കാനിറങ്ങാതെ കടവിലിരുന്ന റോജിയുടെ ഇളയ മകള്‍ ജിസ്‌മി (6) രക്ഷപ്പെട്ടു.
തിങ്കളാഴ്‌ച വൈകിട്ട് 3.30ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുളിയ്‌ക്കാനും വസ്‌ത്രമലക്കാനുമായി പുഴക്കടവിലെത്തിയതായിരുന്നു റോജിയും റെജിയും മക്കളും. കളിച്ചു കൊണ്ടിരിയ്‌ക്കുന്നതിനിടെ കുട്ടികള്‍ വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിയ്‌ക്കാന്‍ ശ്രമിച്ചതിനിടെ അമ്മമാരും അപകടത്തില്‍പ്പെടുകയായിരുന്നു.
എല്ലാവരും മുങ്ങിത്താഴുന്നത് കണ്ട് ഭയന്നു വിറച്ചു പോയ ജിസ്‌മി സമീപവാസിയായ മണ്ണാന്‍ വീട്ടില്‍ ചന്ദ്രനോടും വത്സലയോടും അപകടത്തെപ്പറ്റി അവ്യക്തമായി അറിയിച്ചു. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ഇവരെത്തുമ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.
നാട്ടുകാര്‍ പുഴയിലിറങ്ങി നടത്തിയ തെരച്ചിലിലാണ് ജഡങ്ങള്‍ കണ്ടെടുത്തത്. സംഭവമറിഞ്ഞ് തടിച്ചു കൂടിയ നാട്ടുകാര്‍ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. റെജിയുടെ മക്കള്‍ പുത്തൂര്‍ സ്‌ക്കൂളിലെ അഞ്ചാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാര്‍ഥികളാണ്. മരിച്ച ജിസിന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.












Click it and Unblock the Notifications