ബിസ്‌ക്കറ്റില്‍ കമ്പിക്കഷ്‌ണം, 26,000 രൂപ നഷ്ടപരിഹാരം നല്‌കാന്‍ വിധി
കോയമ്പത്തൂര്‍: ബിസ്‌ക്കറ്റ് പാക്കറ്റിനുള്ളില്‍പ്പെട്ട ഇരുമ്പ് കമ്പി മൂലം കുട്ടിയുടെ നാക്ക് മുറിഞ്ഞ സംഭവത്തില്‍ 26,003 രൂപ നഷ്ടപരിഹാരം നല്‌കാന്‍ കോയമ്പത്തൂര്‍ ഉപഭോക്തൃ കോടതി വിധിച്ചു.
കോയമ്പത്തൂര്‍ സായിബാബ കോളനിയിലെ രാജ്‌കുമാര്‍ സഹോദരിയുടെ മകളായ ജയശ്രീയ്‌ക്ക് മേടിച്ച കൊടുത്ത മൂന്ന് രൂപയുടെ ബിസ്‌ക്കറ്റിനുള്ളിലാണ് ഇരുമ്പ് കമ്പിക്കഷ്‌ണം ഉണ്ടായിരുന്നത്.
2007 നവംബര്‍ ഒന്നിന് എന്‍എസ്‌ആര്‍ റോഡിലെ ശ്രീകുമാര്‍ സ്‌റ്റോഴ്‌സില്‍ നിന്നും വാങ്ങിയ ബിസ്‌ക്കറ്റ് കഴിച്ച ജയശ്രീയുടെ നാവ് മുറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‌കേണ്ടതായി വന്നിരുന്നു. ഇത് കൂടാതെ ദിവസങ്ങളോളം ജയശ്രീയ്‌ക്ക് ഭക്ഷണം കഴിയ്‌ക്കുന്നതിനോ സംസാരിയ്‌ക്കാനോ സാധിച്ചിരുന്നില്ല.
സംഭവത്തെക്കുറിച്ച് ബിസ്‌ക്കറ്റ് നല്‌കിയ കടക്കാര്‍ തൃപ്‌തികരമായ വിശദീകരണം നല്‌കാത്തതിനെ തുടര്‍ന്നാണ് രാജ്‌കുമാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ബിസ്‌ക്കറ്റ് വാങ്ങിയ സായിബാബ കോളനിയിലെ ശ്രീകുമാര്‍ സ്‌റ്റോഴ്‌സ്, ചെന്നൈ മാതവരം മോഡേണ്‍ ബേക്കേഴ്‌സ്, മുംബൈ പാര്‍ലെ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെ കക്ഷി ചേര്‍ത്താണ് രാജ്‌കുമാര്‍ കേസ് നല്‌കിയത്.
ബിസ്‌ക്കറ്റിന്റെ വിലയായ മൂന്ന് രൂപ, നഷ്ടപരിഹാരവും ചികിത്സാ ചെലവുമായി 25000 രൂപ, കോടതി ചെലവായി 1000 രൂപയടക്കം 26,003 രൂപ നല്‌കണമെന്നാണ് കോടതി വിധിയിലുള്ളത്.












Click it and Unblock the Notifications