ഗര്‍ഭഛിദ്രത്തിനായി ദമ്പതിമാര്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി
മുംബൈ: ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടിയ ദമ്പതിമാരുടെ അപേക്ഷ മുംബൈ ഹൈക്കോടതി തള്ളി.
ഭയന്തറില്‍ നിവാസികളായ നികേതയും ഭര്‍ത്താവ് ഹരേഷ് മേത്തയുമാണ് 26ആഴ്‌ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. അഞ്ചുമാസം പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നത് നിയമവിരുദ്ധമായതിനാലാണ് അനുമതി ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.
പിറക്കാന്‍ പോകുന്ന കുഞ്ഞിന് ആരോഗ്യപ്രശ്‌നമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന വിദഗ്‌ധ ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ജീവന്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അപേക്ഷ തള്ളുകയായിരുന്നു.
ഗര്‍ഭസ്ഥശിശുവിന് 22ആഴ്‌ചപ്രായമുള്ളപ്പോളാണ് ഹൃദയത്തിന് തകരാറുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ഗര്‍ഭഛിദ്രം നടത്താനായി സമീപിച്ചപ്പോള്‍ 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമം ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ ഈ ആവശ്യം നിരസിച്ചു. തുടര്‍ന്നാണ് അനുമതിക്കായി ദമ്പതിമാര്‍ കോടതിയെ സമീപിച്ചത്.
കുഞ്ഞ് ജനിച്ചാല്‍ പേസ് മേക്കര്‍ ഘടിപ്പിക്കേണ്ടിവരുമെന്നും ചികിത്സാചെലവുകള്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ആരോഗ്യമില്ലാത്ത കുഞ്ഞ് ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ദമ്പതികള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന് മാരകമായ രോഗമുണ്ടാവുക, ഗര്‍ഭം അമ്മയുടെ ജീവിന് ഭീഷണിയാവുക എന്നീ അവസരങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്താന്‍ നിയമാനുമതിയുള്ളു.
എന്നാല്‍ ഇവരുടെ കുഞ്ഞിന് കാര്യമായ തകരാറുകള്‍ ഇല്ലെന്നും, കുഞ്ഞ് അമ്മയുടെ ജീവന് ഭീഷണിയുണ്ടാക്കുന്നില്ലെന്നും രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 20ആഴ്‌ചകള്‍ക്കുമുമ്പാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയിരുന്നതെങ്കില്‍ ഈ കേസില്‍ വൈദ്യോപദേശമില്ലാതെ തന്നെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കാമായിരുന്നുവെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications