വഞ്ചനക്കേസ്: തിരുവനന്തപുരത്ത് സ്വാമി പിടിയില്‍
തിരുവനന്തപുരം: സ്വയം ദൈവമായി പ്രഖ്യാപിച്ചയാളെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്‌തു. വഞ്ചിയൂരിനടുത്ത് ഋഷിമംഗലത്ത് താമസിക്കുന്ന കിഷോര്‍ കുമാര്‍ എന്ന കെഎംഎസ് വാസന്‍ പോറ്റിയെന്നയാളെയാണ് ഫോര്‍ട് പൊലീസ് വ്യാഴാഴ്ച അറസ്റ്റുചെയ്‌തത്.
ഇയാളുടെ പക്കല്‍ നിന്നും എയര്‍ പിസ്റ്റള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, ക്രഡിറ്റ് കാര്‍ഡുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ചാലയിലെ ഒരു പാത്രക്കടയില്‍ നിന്നും അയ്യായിരം രൂപയുടെ പാത്രങ്ങള്‍ വാങ്ങിയശേഷം പണം കൊടുക്കാതെ മുങ്ങാന്‍ ശ്രമിച്ചു. ഇതിനെ ചോദ്യം ചെയ്‌ത കടക്കാരെ കയ്യിലുണ്ടായിരുന്ന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
കടക്കാരന്‍ വിവരം നല്‍കിയതനുസരിച്ച് ഫോര്‍ട് പൊലീസ് ഇയാള്‍ക്കുവേണ്ടി ഉടന്‍തന്നെ തിരച്ചിലാരംഭിച്ചു. തുടര്‍ന്ന് വൈകുന്നേരത്തോടെ ഇയാളെ അറസ്‌റ്റുചെയ്യുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെ തിരിച്ചറിയല്‍കാര്‍ഡുകളുടെ വ്യാജ പകര്‍പ്പുകളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി കിഷോര്‍കുമാര്‍ വേഷമിട്ടു നില്‍ക്കുന്ന ചിത്രവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മുമ്പൊരിക്കല്‍ തീവണ്ടിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്‌തതിനെ ചോദ്യം ചെയ്‌ത റയില്‍വേ ഉദ്യോഗ്‌സ്ഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മറ്റൊരിക്കല്‍ വഞ്ചന നടത്തിയതിനുമായി ഇയാള്‍ക്കെതിരെ മറ്റ് രണ്ട് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പൂജകളും മറ്റും നടത്തി ഇയാള്‍ പലരെയും ഇതേപോലെ കബളിപ്പിച്ചതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications