വിഎസിനെ താഴെയിറക്കാന്‍ ശ്രമം: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നും താഴെയിറക്കാനുള്ള നീക്കങ്ങളാണ് പിണറായി വിജയന്‍ നടത്തുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. സിപിഎമ്മിലെ വിഭാഗീയത മൂലം സംസ്ഥാനത്ത് ഭരണം സ്‌തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കോ ഇടതുമുന്നണി പ്രാധാന്യം നല്‍കുന്നില്ല. ഭൂമാഫിയയുടെ താല്‍പര്യം മാത്രമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.
അധികാരത്തിന് വേണ്ടി കടിപിടികൂടുന്ന മുന്നണിയായി എല്‍ഡിഎഫ് മാറി. വിഎസിന് ഉടന്‍തന്നെ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടും. ഈ നില തുടര്‍ന്നാല്‍ ജനങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്താക്കും- അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം തടയുക, ബസ്‌ചാര്‍ജ് വര്‍ധന പിന്‍വലിക്കുക, ഏഴാംക്ലാസിലെ വിവാദ പാഠഭാഗങ്ങള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം. രാവിലെ അഞ്ചിനാണ് സമരം തുടങ്ങിയത്. സെക്രട്ടേറിയറ്റിന്റെ നാല് പ്രവേശന കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
രാവിലെ സെക്രട്ടേറിയറ്റില്‍ എത്തിയ ജീവനക്കാരെ പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് വഴിതടഞ്ഞ എംഎല്‍എമാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെസി വേണുഗോപാല്‍, പിസി വിഷ്‌ണുനാഥ്, ജോസഫ് എം പുതുശേരി എന്നിവരാണ് അറസ്റ്റിലായത്.
കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് പരാജയം മറയ്‌ക്കാന്‍: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം ഭരണപരാജയം മറച്ചുവയ്‌ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാകാര്യത്തിലും കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയത് രാഷ്ട്രീയ പ്രസംഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാക ഉയര്‍ത്തിയശേഷം മുഖ്യമന്ത്രി കേന്ദ്രവിരുദ്ധ പ്രസംഗമാണ് നടത്തിയത്. സ്വാതന്ത്ര്യ ദിനത്തിന്റെ മഹത്വത്തെക്കുറിച്ച് പറയേണ്ട സമയത്ത് പാര്‍ട്ടി യോഗത്തില്‍ പറയേണ്ട കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്- ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
അരിവില ഉയരുന്നതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ നല്‍കിയ അരി മറിച്ചുവിറ്റതിന് വിശദീകരണം നല്‍കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് ഉപരോധം സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കുക മാത്രം ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗം സമാധാനപരമായിരിക്കണമെന്ന് ഉപരോധ സമരക്കാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications